രാജ്യാന്തര എണ്ണ വിലയും യു.എസ് ട്രഷറി ബോണ്ട് യീല്‍ഡിലുമുണ്ടായ മുന്നേറ്റത്തിന് പിന്നാലെ ഇടിഞ്ഞ് ഇന്ത്യന്‍ ബോണ്ടുകള്‍. 10 വര്‍ഷ സര്‍ക്കാര്‍ ബോണ്ട് യീല്‍ഡ് രാവിലെ 6.8261 ശതമാനത്തിലേക്ക് എത്തി. വെള്ളിയാഴ്ച ക്ലോസിങില്‍ ഇത് 6.7369 ശതമാനത്തിലായിരുന്നു. ബോണ്ടിന്റെ വില കുറയുമ്പോഴാണ് ആദായനിരക്ക് കൂടുന്നത്. എണ്ണ വില ഉയരുന്നതും യു.എസ് ബോണ്ട് യീല്‍ഡ് ഉയരുന്നതുമാണ് ഇന്ത്യന്‍ ബോണ്ട് വിപണിയില്‍ തിരിച്ചടിയാകുന്നത്.
പശ്ചിമേഷ്യന്‍ സംഘർഷം നാലാം ആഴ്ചയിലേക്ക് എത്തിയതോടെ രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 113 ഡോളറിന് അടുത്തെത്തി. ഇറാന്റെ വൈദ്യുതി ഗ്രിഡുകൾ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കി. അയൽരാജ്യങ്ങളുടെ ഊർജ്ജ-ജല അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എണ്ണ വില ഉയരുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. എണ്ണ വില കുതിക്കുന്നത് ആഭ്യന്തര പണപ്പെരുപ്പം വര്‍ധിക്കാനും കറന്‍റ് അക്കൗണ്ട് ഉയരാനും കാരണമാകും. ഇത് ബോണ്ട് വിപണിയെ സ്വാധീനിക്കും. പലിശ നിരക്ക് കൂടുമെന്ന സൂചന ലഭിക്കുമ്പോൾ ബോണ്ട് യീൽഡുകൾ ഉയരും. ഇത് ബോണ്ടുകളുടെ വില കുറയാൻ കാരണമാകുന്നു.
എണ്ണവിലയ്‌ക്കൊപ്പം തന്നെ അമേരിക്കയിലെ പലിശനിരക്കുകളിലുണ്ടായ വർദ്ധനവും ഇന്ത്യയ്ക്ക് തിരിച്ചടിയായി. യുഎസ് 10-ഇയർ ട്രഷറി യീൽഡ് 4.40 ശതമാനത്തിന് മുകളിലെത്തിയത് വിദേശ നിക്ഷേപകരെ ഇന്ത്യൻ വിപണിയിൽ നിന്ന് പിന്തിരിപ്പിക്കുന്നു. ഇതിന്റെ പ്രതിഫലനമെന്നോണം ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ 93.94 എന്ന റെക്കോർഡ് തകർച്ചയിലേക്ക് കൂപ്പുകുത്തി. വിപണിയിൽ പണലഭ്യത കുറയുന്നതും റിസർവ് ബാങ്കിന്റെ ഇടപെടലുകളെക്കുറിച്ചുള്ള അനിശ്ചിതത്വവും സ്ഥിതി സങ്കീർണ്ണമാക്കുന്നു.
സംസ്ഥാന സർക്കാരുകൾ വൻതോതിൽ കടമെടുക്കാൻ തയ്യാറെടുക്കുന്നതും ബോണ്ട് വിപണിയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. ഈ ചൊവ്വാഴ്ച മാത്രം 574 ബില്യൺ രൂപ സമാഹരിക്കാനാണ് സംസ്ഥാനങ്ങളുടെ നീക്കം, ഇത് നിശ്ചയിച്ചതിലും 100 ബില്യൺ രൂപ അധികമാണ്. വിതരണം കൂടുകയും ഡിമാൻഡ് കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ ബോണ്ട് യീൽഡുകൾ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
സർക്കാർ ബോണ്ടുകളുടെ യീൽഡ് ഉയരുന്നത് ബാങ്കുകളുടെയും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളുടെയും ഫണ്ടിംഗ് ചെലവ് കൂട്ടും. ഇത് വായ്പകളുടെ പലിശ നിരക്ക് ഉയര്‍ത്തും. സർക്കാരിന് പുതിയ ബോണ്ടുകൾ ഇറക്കി കടമെടുക്കണമെങ്കിൽ ഉയർന്ന പലിശ നൽകേണ്ടി വരമെന്നതിനാല്‍ ധനകമ്മിയും ഉയരും.