gold-price

TOPICS COVERED

ആഭരണ പ്രേമികള്‍ക്ക് ആശ്വാസമായി കേരളത്തില്‍ തുടരെ സ്വര്‍ണ വില കുറയുന്നു. ഇന്നലെ വൈകീട്ട് കുറഞ്ഞ സ്വര്‍ണ വില ശനിയാഴ്ച രാവിലെ 2,200 രൂപ കുറഞ്ഞു. 1,07,040 രൂപയാണ് ഇന്നത്തെ വില. മൂന്നു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഗ്രാമിന് 275 രൂപ കുറഞ്ഞ്13,380 രൂപയായി. ജനുവരി ഒന്നിന് രേഖപ്പെടുത്തിയ 99,040 രൂപയാണ് ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില. ഇന്നത്തെ വിലയില്‍ 10 ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍ വാങ്ങാന്‍ 1,21,328 രൂപയോളം വേണം. 

ഡോളര്‍ ശക്തമായതും പണപ്പെരുപ്പ ആശങ്കയും എണ്ണ വില ഉയരുന്നതുമാണ് സ്വര്‍ണ വിലയെ താഴോട്ടെത്തിക്കുന്നത്. രാജ്യാന്തര സ്വര്‍ണ വില 4,490 ഡോളറിലാണ്. എണ്ണ വില ഉയരുന്നതോടെ ലോകമത്തെമ്പാടും പണപ്പെരുപ്പം ഉയരുകയും ഇത് പലിശ നിരക്ക് ഉയര്‍ത്താന്‍ കാരണമാവുകയും ചെയ്യും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഊര്‍ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് എണ്ണ വില ഉയര്‍ത്തുന്നത്. 

എണ്ണ വില ഉയരുന്ന സാഹചര്യത്തില്‍ പലിശ നിരക്ക് ഉയര്‍ത്താനോ നിലവിലെ സ്ഥിതിയില്‍‍ തുടരാനോ കേന്ദ്ര ബാങ്കുകള്‍ നിര്‍ബന്ധിതമാകും. കഴിഞ്ഞാഴ്ചയില്‍ യു.എസ് ഫെഡറല്‍ റിസര്‍വ്, ബാങ്ക് ഓഫ് ജപ്പാന്‍, ബാങ്ക് ഓഫ് കാനഡ എന്നിവ പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയത് ഇതിന്‍റെ സൂചനയാണ്. യു.എസ് ഡോളര്‍ സൂചിക ഉയരുന്നതും ഡോളറിനെ സമ്മര്‍ദ്ദത്തിലാക്കും. 95.50 നിലവാരത്തില്‍ നിന്ന് 100 നിലവാരത്തിലേക്കാണ് ഡോളര്‍ സൂചിക ഉയര്‍ന്നത്. ഡോളര്‍ ശക്തമാകുന്നത് സ്വര്‍ണത്തിനുള്ള ഡിമാന്‍ഡ് കുറയ്ക്കും. 

ഈയൊരു ആഴ്ചയില്‍ ആറു ശതമാനത്തോളമാണ് സ്വര്‍ണ വിലയില്‍ ഇടിവുണ്ടായത്. 2020 മാര്‍ച്ചിന് ശേഷം വില ഇത്രയും ഇടിയുന്നത് ഇതാദ്യമായാണ്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുകയാണെങ്കില്‍ എണ്ണ വില ഉയരുന്നത് സ്വര്‍ണവിലയില്‍ സമ്മര്‍ദ്ദം തുടരാന്‍ കാരണമാകും. 4500 ഡോളറിലാണ് ആദ്യ പിന്തുണ. ഈ നിലവാരത്തിന് താഴെ സ്വര്‍ണ വില വ്യാപാരം അവസാനിപ്പിച്ചാല്‍ 4,400 ഡോളര്‍ വരെ താഴേക്ക് പോകാം എന്നാണ് വിലയിരുത്തല്‍. 4,860 ഡോളറിന് മുകളില്‍ കുതിച്ചാല്‍ മാത്രമെ സ്വര്‍ണ വിലയില്‍ മുന്നേറ്റ സാധ്യതയുള്ളൂ. അങ്ങനെയെങ്കില്‍ സ്വര്‍ണ വിലയില്‍ ഇനിയും ഇടിവ് പ്രതീക്ഷിക്കാം.

ENGLISH SUMMARY:

The current gold price in Kerala has seen a significant decrease, offering relief to jewelry enthusiasts. This decline marks the lowest rate in three months, with further drops anticipated if international factors persist.