കത്തികയറിയ സ്വര്‍ണത്തിന് തിരിച്ചിറക്കം. തുടര്‍ച്ചയായി കുറഞ്ഞ സ്വര്‍ണ വിലയില്‍ ഇന്നുണ്ടായത് വലിയ ഇടിവാണ്. മൂന്നു തവണകളിലായി 5240 രൂപ കുറഞ്ഞതോടെ പവന് 1,10,200 രൂപയായി. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. രാവിലെ ഗ്രാമിന് 255 രൂപ കുറഞഞ് 14175 രൂപയായിരുന്ന വില. പവന് 2040 രൂപ കുറഞ്ഞ് 1,13,400 രൂപയും. ഉച്ചയോടെ ഗ്രാമിന് കുറഞ്ഞത് 250 രൂപ. പവന്‍റെ വില 1,11,400 രൂപ. ഇവിടെയും നിന്നില്ല വിലയിടിവ്. 

വൈകീട്ടോടെ പവന് 1200 രൂപ കുറഞ്ഞ് 1,10,200 രൂപയും ഗ്രാമിന് 13,775 രൂപയുമായി. ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് നിലവില്‍ സ്വര്‍ണ വിലയുള്ളത്. ഫെബ്രുവരി രണ്ടിന് രേഖപ്പെടുത്തിയ 13740 രൂപയാണ് ഇതിനേക്കാള്‍ താഴ്ന്ന വില. നിലവിലെ സാഹചര്യത്തില്‍ ഇനിയും വില കുറയുമെന്നാണ് സൂചന. 

രാജ്യാന്തര സ്വര്‍ണ വില കുത്തനെ താഴേക്ക് എത്തിയതാണ് കേരളത്തില്‍ സ്വര്‍ണ വിലയെ താഴ്ത്തുന്നത്. യു.എസ് ഇസ്രയേല്‍ സേനയുടെ ഇറാന്‍ ആക്രമണം തുടങ്ങിയ സമയത്ത് 5400 ഡോളറിലായിരുന്നു രാജ്യാന്തര വില. രാവിലെ 4,836  ഡോളറിലായിരുന്നു രാജ്യാന്തര വില നിലവില്‍ 4686 ഡോളറിലേക്ക് താഴ്ന്നു. നിലവില്‍ 4,689.30 ഡോളറിലാണ് വ്യാപാരം. ഇതാണ് വില ഇടിയാന്‍ കാരണം. 

യു.എസ് ഫെഡറല്‍ റിസര്‍വിന്‍റെ പണനയ വാര്‍ത്തകളാണ് സ്വര്‍ണത്തെ ഇടിച്ചത്. യു.എസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയതാണ് സ്വര്‍ണത്തിന് ആഘാതമായത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം എണ്ണ വില ഉയരുന്നതും സ്വര്‍ണത്തിന് തിരിച്ചടിയാണ്. എണ്ണ വില കൂടുന്നത് ലോകത്ത് പണപ്പെരുപ്പം കൂട്ടാന്‍ ഇടയാക്കും. ഇത് പലിശ നിരക്കുകള്‍ ഉയര്‍ത്തിവെയ്ക്കേണ്ട സാഹചര്യമുണ്ടാക്കും. പലിശ കൂടുന്നത് ഡോളറിനും ബോണ്ടിനും ശക്തിപകരുന്നതിനാല്‍ സ്വര്‍ണത്തിന് ഡിമാന്‍റ് കുറയും. ഇതും വിലയിടിയാന്‍ കാരണമാണ്. 

രാജ്യാന്തര വില 4801.97 ന് താഴേക്ക് പോകുകയാണെങ്കില്‍ 4,634.48 ഡോളറാകും അടുത്ത പിന്തുണ. അങ്ങനെയെങ്കില്‍ വില ഇനിയും കുറഞ്ഞേക്കാം. അങ്ങനെയെങ്കില്‍ കേരളത്തിലെ സ്വര്‍ണ വില 1.10 ലക്ഷത്തിന് താഴേക്ക് എത്തിയേക്കാം എന്നാണ് വിലയിരുത്തല്‍. 

ENGLISH SUMMARY:

Today's gold rate in Kerala has seen a significant drop, reaching its lowest point in a month. This decrease is attributed to falling international gold prices and factors influenced by US Federal Reserve policies.