petrol-price

ശനിയാഴ്ചയാണ് രാജ്യത്ത് പാചകവാതക വില വര്‍ധിപ്പിച്ചത്. സാധാരണയായി മാസന്തോറും വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കാറുണ്ടെങ്കിലും പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തില്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്‍റെയും വില വര്‍ധിപ്പിച്ചു. 14.2 കിലോ വരുന്ന ഗാര്‍ഹിക സിലണ്ടറുകളുടെ വില 60 രൂപയാണ് വര്‍ധിച്ചത്. 19 കിലോ വാണിജ്യ സിലിണ്ടറിന് 115 രൂപയും വര്‍ധിച്ചിരുന്നു.  ഇനി പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുമോ എന്നതാണ് സാധാരണക്കാരുടെ ആശങ്ക. എന്നാല്‍ രാജ്യത്ത് എണ്ണ ശേഖരം മെച്ചപ്പെടുകയാണെന്നും വില വര്‍ധനവ് ഉണ്ടാകില്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉറപ്പ് പറയുന്നത്. സംഘര്‍ഷങ്ങളിടയിലും രാജ്യത്തെ എണ്ണ ശേഖരം മെച്ചപ്പെടുകയാണെന്നും ഇത് രാജ്യത്തെ ഇന്ധന വിതരണ സ്ഥിരതയെക്കുറിച്ചുള്ള ആത്മവിശ്വാസം മെച്ചപ്പെടുത്തിയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ എഎന്‍ഐയോട് പറഞ്ഞു. അതിനാല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിക്കില്ലെന്ന് ഉറപ്പ് നൽകുന്നു എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 

കുതിപ്പ് ക്രൂഡ് ഓയില്‍ 

അതേസമയം ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 92.69 ഡോളറിലേക്ക് കുതിച്ചു. ഒരു ദിവസത്തിനിടെ 8.5 ശതമാനവും സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഒരാഴ്ചയ്ക്കിടെ 30 ശതമാനവുമാണ് ക്രൂഡ് ഓയില്‍ വില കുതിച്ചത്. ഇന്നലെ ഇറാനോട് നിരുപാധികം കീഴടങ്ങണമെന്ന് ട്രംപിന് വെല്ലുവിളിക്ക് പിന്നാലെയാണ് എണ്ണ വില കുതിച്ചത്. പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാവുകയും ഗൾഫിൽ നിന്നുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തുകയും ചെയ്താൽ എണ്ണ വില ബാരലിന് 150 ഡോളർ വരെ ഉയരുമെന്ന് ഖത്തർ ഊർജ്ജ മന്ത്രി സാദ് അൽ-കാബി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

റഷ്യന്‍ എണ്ണ കരുത്ത്

റഷ്യയില്‍ നിന്നും എണ്ണ വാങ്ങാന്‍ യു.എസ് അനുമതി നല്‍കിയത് ഇന്ത്യയ്ക്ക് നേട്ടമാകും. കടലില്‍ കുടുങ്ങി കിടക്കുന്ന കപ്പലുകളിലെ റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യൻ റിഫൈനറികൾക്ക് 30 ദിവസത്തെ ഇളവാണ് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് അനുവദിച്ചത്. രാജ്യാന്തര എണ്ണ വിതരണത്തിലുള്ള ആശങ്കകൾക്കിടയില്‍ ഇത് ഇന്ത്യയ്ക്ക് നേട്ടമാണ്. 

അതേസമയം ഹോര്‍മുസ് കടലിടുക്കിനെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇന്ത്യ അസംസ്കൃത എണ്ണ ഇറക്കുമതി വൈവിധ്യവൽക്കരിച്ചിട്ടുണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ഹോര്‍മുസിന് പുറത്തുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി 10 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് 25 ദിവസത്തേക്ക് ആവശ്യമായ അസംസ്കൃത എണ്ണയും 25 ദിവസത്തേക്കുള്ള പെട്രോളും ഡീസലും സ്റ്റോക്കുണ്ടെന്നാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

ENGLISH SUMMARY:

Cooking gas price hike news confirms an increase in LPG cylinder prices, both domestic and commercial, due to West Asian tensions. Despite rising crude oil prices, the government assures that petrol and diesel prices in India will not increase as oil reserves are improving.