സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഇന്ന് രണ്ട് തവണയായി വര്‍ധിച്ചത് 2,240 രൂപയാണ്. രാവിലെ പവന് 1,680 രൂപ വര്‍ധിച്ചിരുന്നു. പിന്നാലെ ഉച്ച തിരിഞ്ഞ് 560 രൂപയുടെ വര്‍ധനവുണ്ടായി. ഇതോടെ 1,15,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് നിലവിലെ വില. ഗ്രാമിന് രാവിലെ 210 രൂപയും ഉച്ചയ്ക്ക് 70 രൂപയും വര്‍ധിച്ചു. 14,145 രൂപയിലാണ് നിലവില്‍ വ്യാപാരം.
ചൊവ്വാഴ്ച ഔൺസിന് 4911 ഡോളറിലെത്തിയതോടെ കേരളത്തില്‍ രണ്ടു തവണ സ്വര്‍ണ വില കുറഞ്ഞിരുന്നു. രാവിലെ പവന് 1,120 രൂപയും ഗ്രാമിന് 140 രൂപയും കുറഞ്ഞു. ഉച്ചയ്ക്ക് ശേഷം പവന് 520 രൂപ കൂടി കുറഞ്ഞു. ഇതോടെ ചൊവ്വാഴ്ച 1,13,080 രൂപയിലായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വ്യാപാരം. രണ്ടാഴ്ചയിലെ ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്. തുടര്‍ന്ന് ഇന്നലെ (ബുധനാഴ്ച) മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് സ്വര്‍ണവില കുത്തനെ തിരികെ കയറിയത്. നിലവിൽ ഔൺസിന് 5,001 ഡോളറാണ് സ്വർണവില.
യു.എസ്– ഇറാന്‍ സംഘര്‍ഷം വീണ്ടും തലപൊക്കിയതോടെ സുരക്ഷിത നിക്ഷേപമെന്ന ഖ്യാതിയിലാണ് സ്വര്‍ണം മുന്നേറിയത്. ചർച്ചകൾ പരാജയപ്പെട്ടതോടെ ഇറാനെതിരെ യുഎസ് സൈനിക നടപടിയ്ക്ക് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.
അതേസമയം, ഡോളര്‍ ശക്തിപ്പെടുന്നത് ഈ മുന്നേറ്റത്തെ തടസപ്പെടുത്തുന്നുണ്ട്. യുഎസ് ഫെഡ് റിസർവിന്‍റെ കഴിഞ്ഞ യോഗത്തിലെ ചർച്ചാ വിഷയങ്ങൾ കൂടി പുറത്തു വന്നാല്‍ വില വര്‍ധന കുറയാനും സാധ്യതയുണ്ട്. അടിസ്ഥാന പലിശ നിരക്കിൽ ഉടനൊന്നും മാറ്റം വരുത്തേണ്ടെന്ന ധാരണയിലാണ് ഫെഡ് റിസര്‍വ്. അങ്ങനെയെങ്കില്‍ ഡോളറും യുഎസ് ബോണ്ടുകളും ശക്തമാകും. ഇതോടെ ആളുകൾ സ്വർണ നിക്ഷേപങ്ങൾ പിൻവലിക്കാനും വില കുറയാനുമാണ് സാധ്യതയുണ്ട്.