AI Image
രാജ്യാന്തര എണ്ണ വില കുത്തനെ കുറഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാതെ എണ്ണക്കമ്പനികള്‍. 2024 മാര്‍ച്ചില്‍ രണ്ടു രൂപ കുറച്ചതിന് ശേഷം രാജ്യത്ത് എണ്ണ വിലയില്‍ ചലനങ്ങളില്ല. അതേസമയം, 2022 ജൂണിനു ശേഷം ഇന്ത്യ വാങ്ങുന്ന അസംസ്കൃത എണ്ണയുടെ ശരാശരി വില 41.50 ശതമാനം കുറഞ്ഞെങ്കിലും ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വിലയിലുണ്ടായ കുറവ് വെറും 1.90 ശതമാനം മാത്രമാണ്.
2022 മാര്‍ച്ച്– ജൂലൈ സമയത്ത് റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തിയതോടെ രാജ്യാന്തര എണ്ണ വില കുത്തനെ കൂടി. ഇന്ത്യ വാങ്ങുന്ന അസംസ്കൃത എണ്ണയുടെ ശരാശരി വില (ഇന്ത്യന്‍ ക്രൂഡ് ബാസ്ക്കറ്റ്) ബാരലിന് 100 ഡോളറിലെത്തി. ഇതിനു പിന്നാലെ എണ്ണ കമ്പനികള്‍ 2022 ഏപ്രിലില്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 105.1 രൂപയിലേക്ക് എത്തി. 2022 മേയില്‍ ഇറക്കുമതി നികുതി കുറച്ച് എണ്ണ വില 96.7 രൂപയാക്കി. ഈ സമയത്ത് ഇന്ത്യ വാങ്ങുന്ന എണ്ണയുടെ ശരാശരി വില 110 ഡോളറായിരുന്നുവെന്ന് പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്ലിന്‍റെ ഡാറ്റ വിലയിരുത്തി 'ദ് ഹിന്ദു' റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിനു ശേഷം 2024 മാര്‍ച്ച് വരെ 21 മാസകാലം എണ്ണ വിലയില്‍ മാറ്റമുണ്ടായില്ല. രാജ്യാന്തര വില അനുസരിച്ച് പ്രതിദിനം എണ്ണ വില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരമുണ്ടെങ്കിലും 21 മാസക്കാലം വില പിടിച്ചു വച്ചു. 2024 മാര്‍ച്ചില്‍ എണ്ണ വില രണ്ടു രൂപ കുറഞ്ഞു. എക്സൈസ് ഡ്യൂട്ടി കുറച്ചതോടെ വില 94.8 രൂപയായി. 2025 ഏപ്രിലില്‍ രണ്ടു രൂപ എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചെങ്കിലും ഇത് ഉപഭോക്താക്കളിലേക്ക് കൈമാറിയിരുന്നില്ല.
എണ്ണ വില വര്‍ധിക്കുന്ന സമയത്ത് നേരിട്ട് ഉപഭോക്താക്കളിലേക്ക് ഇത് കൈമാറിയിരുന്നു. എന്നാല്‍ ഇടിയുന്ന സമയത്ത് നേട്ടം സാധാരണക്കാര്‍ക്ക് ലഭിക്കുന്നില്ല. 2022 ജൂണില്‍ ഇന്ത്യന്‍ ക്രൂഡ് ബാസ്ക്കറ്റിന്‍റെ വില ബാരലിന് 116 ഡോളറിലെത്തി. പിന്നീട് രാജ്യാന്തര എണ്ണ വില കുറഞ്ഞതും ഇന്ത്യയ്ക്ക് റഷ്യയില്‍ നിന്നും ഡിസ്ക്കൗണ്ട് നിരക്കില്‍ എണ്ണ ലഭിച്ചതും കാരണം ഇന്ത്യയുടെ ക്രൂഡ് ബാസ്ക്കറ്റിന്‍റെ വില നന്നേ കുറഞ്ഞു.
2025 ഫെബ്രുവരിയിലെ കണക്ക് പ്രകാരം ബാരലിന് വില 67.9 ഡോളറിലേക്കിത് താഴ്ന്നു. 2022 ജൂണ്‍ മുതല്‍ 41.5 ശതമാനം ഇടിവാണ് ഉണ്ടായത്. എന്നാല്‍ ഇക്കാലയളവില്‍ ഇന്ത്യയിലെ എണ്ണ വില കുറഞ്ഞത് 1.9 ശതമാനമാണ്. 96.7 രൂപയായിരുന്ന വില 94.8 രൂപയിലേക്ക് കുറഞ്ഞു. ഇന്ത്യന്‍ ക്രൂഡ് ബാസ്ക്കറ്റിലുണ്ടായ 41.50 ശതമാനത്തിന്‍റെ കുറവ് നേരിട്ട് വിപണിയിലേക്ക് നല്‍കിയിരുന്നെങ്കില്‍ ഇന്ത്യയിലെ എണ്ണ വില 56.57 രൂപയിലേക്ക് കുറഞ്ഞേനെ എന്നാണ് കണക്ക്.