സ്വര്‍ണ വിലയില്‍ വൈകീട്ട് വീണ്ടും കുറഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 1,13,760 രൂപയിലെത്തി. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 14,220 രൂപയാണ് വൈകീട്ടത്തെ വില. രാവിലെ പവന് 1920 രൂപ കുറഞ്ഞ് സ്വര്‍ണ വില 1,1,4240 രൂപയിലെത്തിയിരുന്നു. ഇതോടെ ഇന്ന് 2400 രൂപ പവന് കുറഞ്ഞു.
ഡോളര്‍ ശക്തമാകുന്നതും ഇതിന്‍റെ ചുവടുപിടിച്ച് രാജ്യാന്തര സ്വര്‍ണ വില കുറയുന്നതുമാണ് കേരളത്തില്‍ വീണ്ടും വില താഴേക്ക് പോകാന്‍ കാരണം. ഇന്നലെ 5,000 ഡോളറിന് മുകളിലായിരുന്ന രാജ്യാന്തര വില ഇന്നലെ രാത്രിയോടെ 4,889 ഡോളറിലേക്ക് പോയി. ഇന്ന് തിരികെ കയറിയെങ്കിലും വില 4969 ഡോളറിലാണ്.
യു.എസ് സമ്പദ്‍വ്യവസ്ഥ ശക്തിപ്പെടുന്നു എന്ന് സൂചന നല്‍കുന്ന തൊഴില്‍ കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ ഉടന്‍ പലിശ നിരക്ക് കുറയ്ക്കില്ലെന്ന സാധ്യതയില്‍ നിക്ഷേപകര്‍ ലാഭമെടുത്തതാണ് വില ഇടിവിന് കാരണമായത്. യു.എസിലെ തൊഴില്‍ കണക്ക് പ്രതീക്ഷിച്ചതിലും ഇരട്ടിയായി. തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു. ഇതോടെ സമ്പദ്‍വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ പലിശ നിരക്ക് കുറയ്ക്കേണ്ടതില്ലെന്ന നിഗമനത്തിലാണ് നിക്ഷേപകര്‍. പലിശ ഉയര്‍ന്നു നില്‍ക്കുന്ന പശ്‍ചാത്തലത്തില്‍ സ്വര്‍ണ വില ഇടിയും.
രാജ്യാന്തര വില ഒരാഴ്ചയിലെ താഴ്ന്ന നിലവാരത്തിലേക്ക് എത്തിയതോടെ 'ബൈ ഇന്‍ ഡിപ്പ്' ട്രെന്‍ഡ് വീണ്ടപം ആരംഭിച്ചതാണ് വില അധികം താഴാതിരിക്കാന്‍ കാരണം. അതേസമയം രണ്ടാം പാദത്തില്‍ സ്വര്‍ണ വില 5800 ഡോളറിലേക്ക് എത്തുമെന്നാണ് എഎന്‍സെഡ് ബാങ്കിന്‍റെ പ്രവചനം. നേരത്തെ ഇത് 5400 ഡോളറായിരുന്നു. വെള്ളിയാഴ്ച പുറത്തുവരുന്ന യു.എസ് പണപ്പെരുപ്പ ഡാറ്റയ്ക്കായാണ് നിക്ഷേപകരുടെ കാത്തിരിപ്പ്. സമ്പദ്‍വ്യവസ്ഥയുടെ ആരോഗ്യവും ഈ വര്‍ഷം പലിശ നിരക്കിന്‍റെ സാധ്യതയും ഇതിലൂടെ നിക്ഷേപകര്‍ വിലയിരുത്തും.