ഡോളറിന്‍റെ ദൗര്‍ബല്യം മുതലെടുത്ത് കത്തി കയറി സ്വര്‍ണ വില. ഒരിടവേളയ്ക്ക് ശേഷം രാജ്യാന്തര സ്വര്‍ണ വില 5000 ഡോളര്‍ മറികടന്നതോടെ കേരളത്തിലും വില കുതിച്ചു. സ്വര്‍ണ വില പവന് 1640 രൂപ വര്‍ധിച്ച് 1,16,480 രൂപയിലെത്തി. ഗ്രാമിന് 205 രൂപ വര്‍ധിച്ച് 14,560 രൂപയാണ് തിങ്കളാഴ്ചയിലെ വില.
ഫെബ്രുവരിയിലെ ഉയര്‍ന്ന വിലയായ 1,17,760 രൂപയില്‍ നിന്നും 1,280 രൂപയുടെ വ്യത്യാസമാണ് സ്വര്‍ണ വിലയിലുള്ളത്. ജനുവരി 29 തിന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് കേരളത്തിലെ സര്‍വകാല ഉയരം. ഇന്നത്തെ വിലയില്‍ പത്തു ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍റെ ആഭരണം വാങ്ങാന്‍ 1,32,024 രൂപ വേണ്ടി വരും. പത്തു ശതമാനം പണിക്കൂലി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ്, ജിഎസ്ടി എന്നിവ അടങ്ങിയ വിലയാണിത്.
വെള്ളിയാഴ്ച 4,970 ഡോളര്‍ നിലവാരത്തിലായിരുന്ന സ്വര്‍ണ വില നാലു ശതമാനം മുന്നേറി. 5,047.60 ഡോളര്‍ വരെ കുതിച്ച സ്വര്‍ണ വില നിലവില്‍ 5,029 ഡോളറിലാണ്. ഫെബ്രുവരി നാലിന് ശേഷമുള്ള താഴ്ന്ന നിലവാരത്തിലാണ് ഡോളര്‍. ഇതോടെ ഡിമാന്‍ഡ് ഉയര്‍ന്നതാണ് സ്വര്‍ണത്തിന്‍റെ വില ഉയര്‍ത്തിയത്.
ജപ്പാനില്‍ സനേ തകൈച്ചിയുടെ വിജയത്തോടെ ജപ്പാന്‍ കറന്‍സി യെനിനുണ്ടായ സമ്മര്‍ദ്ദമാണ് മറ്റൊരു കാരണം. പലിശ നിരക്ക് കുറച്ച് വിപണിയിലേക്ക് പണമെത്തിക്കുന്ന നിലപാടാണ് തകൈച്ചിയുടേത്. ഇത് യെനിന്‍റെ മൂല്യമിടുക്കുമെന്നതിനാല്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായി കണ്ട് സ്വര്‍ണത്തോട് അടുക്കുകയാണ്. ഫെഡ് ചെയര്‍മാനായി കെവിന്‍ വാര്‍ഷ് എത്തിയാലും വിപണിയിലെ പണലഭ്യത കുറയ്ക്കുന്ന നടപടികള്‍ പെട്ടന്നുണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റ് പറഞ്ഞു. ഇത് സ്വര്‍ണത്തിന് അനുകൂലമായി.
ഫെഡ് പണയത്തെ സ്വാധീനിക്കുന്ന യു.എസ് തൊഴില്‍ കണക്കുകള്‍ ബുധനാഴ്ച പുറത്തുവരും. ഇത് സ്വര്‍ണ വിലയെ സമീപ ദിവസങ്ങളില്‍ സ്വാധീനിക്കും. ഈ വര്‍ഷം രണ്ടു തവണ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കും എന്നാണ് വിപണി പ്രതീക്ഷിക്കുന്നത്.