ഇന്നലെ കയറിയ കയറ്റത്തിന് ഇന്ന് പ്രായശ്ചിതം. സ്വര്‍ണ വില രണ്ടു തവണകളായി ഇന്നു കുറഞ്ഞത് 6280 രൂപ. ഉച്ചയ്ക്ക് ശേഷമുള്ള വില കുറവോടെ സ്വര്‍ണ വില പവന് 1,24,080 രൂപയായി. ഗ്രാമിന് വില 15,510 രൂപയാണ്. പവന് 5,240 രൂപയും ഗ്രാമിന് 655 രൂപയുമാണ് രാവിലെ കുറഞ്ഞത്. ഉച്ചയ്ക്ക് ശേഷംപവന് 1040 രൂപയും ഗ്രാമിന് 130 രൂപയും കുറഞ്ഞു.
വ്യാഴാഴ്ച ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി പവന് 1,31,160 രൂപയിലെത്തിയിരുന്നു. ഇതിന് പിന്നാലെ രാജ്യാന്തര വില താഴ്ന്നതാണ് വില ഇടിയാന്‍ കാരണം. വ്യാഴാഴ്ച വൈകീട്ട് തന്നെ പവന് 800 രൂപ കുറഞ്ഞ് 1,30,360 രൂപയിലേക്ക് എത്തി. രാജ്യാന്തര വില വീണ്ടും ഇടിഞ്ഞതാണ് ഇന്നത്തെ കുറവിന് കാരണം.
വ്യാഴാഴ്ച 5,594.82 ഡോളറിലെത്തി സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണ വില 4,950 ഡോളറിലേക്ക് വരെ താഴ്ന്നു. നിലവില്‍ 5,079 ഡോളറിലാണ് സ്വര്‍ണം എത്തി നില്‍ക്കുന്നത്. തിങ്കളാഴ്ച 5,000 ഡോളര്‍ മറികടന്ന സ്വര്‍ണം നാലു ദിവസം കൊണ്ട് ഉണ്ടാക്കിയ നേട്ടം മുഴുവനും നഷ്ടപ്പെടുത്തി. സ്വര്‍ണ വിലയിലുണ്ടായ ലാഭമെടുപ്പാണ് ഇടിവിന് ഒരു കാരണം. ഇതിനു പിന്നാലെ യു.എസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്‍റെ പകരക്കാരനെ പ്രഖ്യാപിക്കുമെന്ന ട്രംപിന്‍റെ വാക്കുകള്‍ സ്വര്‍ണത്തെ കൂടുതല്‍ താഴ്ചയിലേക്ക് കൊണ്ടുപോയി. മുന്‍ ഫെഡ് ഗവര്‍ണര്‍ കെവിന്‍ വാഷിന്‍റെ പേരാണ് ഫെഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പ്രതീക്ഷിക്കുന്നത്.
നേരത്തെ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതിനെ അനുകൂലിക്കുന്ന നിലപാടുകാരനായിരുന്നു കെവിന്‍ വാഷ്. എന്നാല്‍ സമീപകാലത്ത് പലിശ നിരക്ക് കുറയ്ക്കണമെന്ന ട്രംപിന്‍റെ ആവശ്യത്തെ അദ്ദേഹം പിന്തുണച്ചിരുന്നു. കെവിന്‍ വാഷ് ഫെഡറൽ റിസർവിന്‍റെ തലപ്പത്തേക്ക് എത്തിയാല്‍ പലിശ നിരക്ക് കുറയ്ക്കുന്ന നടപടികളുടെ വേഗത കുറയുമോ എന്ന ഭയത്തിലാണ് വില താഴേക്ക് പതിച്ചത്. പലിശ കൂടിയില്‍ ഡോളര്‍ ശക്തമാകുകയും സ്വര്‍ണ വില കുറയാന്‍ കാരണമാവുകയും ചെയ്യും. സ്വര്‍ണം ഓവര്‍ബോട്ട് സോണിലെത്തിയതും ഡോളര്‍ ശക്തമായതും വില്‍പ്പന സമ്മര്‍ദം ഇരട്ടിയാക്കി.
ജനുവരി മാസത്തില്‍ ഡോളറടിസ്ഥാനത്തില്‍ 20 ശതമാനമാണ് സ്വര്‍ണ വില വര്‍ധിച്ചത്. 1980 തിന് ശേഷമുള്ള ഏറ്റവും വലിയ മാസ വര്‍ധനയാണിത്. അതേസമയം, സ്വര്‍ണ വിലയിലെ മുന്നേറും എന്ന സൂചനയാണ് രാജ്യാന്തര നിക്ഷേപ ബാങ്കുകള്‍ നല്‍കുന്നത്. യുബിഎസ് ഈയിടെ സ്വര്‍ണത്തിന്‍റെ ലക്ഷ്യവില 6200 ഡോളറാക്കി ഉയര്‍ത്തി. ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും ഫെഡറൽ റിസർവ് നയത്തിലെ മാറ്റങ്ങളും കാരണം നിക്ഷേപ ആവശ്യകത ശക്തമാകുന്നതാണ് വില ഉയരാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.