സ്വര്‍ണ വിലയില്‍ അസാധാരണ വര്‍ധന. വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി. രാജ്യാന്തര വിലയില്‍ ഒറ്റരാത്രികൊണ്ട് വലിയ മുന്നേറ്റം ഉണ്ടായതാണ് കേരളത്തിലെ വിലയില്‍ പ്രതിഫലിച്ചത്. പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്. ഗ്രാമിന് 1080 രൂപ കൂടി 16,395 ആയി. 

 

ഇന്നലെ രാവിലെയാണ് കേരളത്തില്‍ സ്വര്‍ണ വില ഗ്രാമിന് 15,000 രൂപ കടന്നത്. തൊട്ടടുത്ത ദിവസം 16,000 രൂപയിലെത്തി. ചൊവ്വാഴ്ച ഗ്രാമിന് 14845 രൂപയിലായിരുന്നു സ്വര്‍ണ വില. ഇന്നലെ രാവിലെ 295 രൂപ വര്‍ധിച്ച് 15140 രൂപയിലെത്തി. ഉച്ചയ്ക്ക് 175 രൂപ വര്‍ധിച്ച് 15,315 രൂപയായി. ഈ വിലയിലാണ് ഇന്ന് 1080 രൂപയുടെ വര്‍ധനവുണ്ടായത്.  രണ്ടു ദിവസത്തിനിടെ 1,550 രൂപ ഗ്രാമിന് വര്‍ധിച്ചു. പവന് 12,400 രൂപയുടെ വര്‍ധന. 

 

രാജ്യാന്തര സ്വര്‍ണ വില കുത്തനെ വര്‍ധിച്ചതാണ് ഈ വിലകയറ്റത്തിന് കാരണം. തിങ്കളാഴ്ച ട്രോയ് ഔണ്‍സിന് 5,000 ഡോളര്‍ മറികടന്ന സ്വര്‍ണ വില ഇന്ന് എത്തി നില്‍ക്കുന്നത് 5,591.61 എന്ന സര്‍വകാല ഉയരത്തില്‍. ഇന്നലെ വൈകീട്ട് കേരളത്തില്‍ അവസാനമായി വില വര്‍ധിപ്പിച്ച സമയത്ത് 5290 ഡോളറിലായിരുന്നു. ഇവിടെ നിന്നാണ് കുത്തനെയുള്ള വര്‍ധനവ്. നിലവില്‍ 5534 ഡോളറിലാണ് രാജ്യാന്തര വില. 

 

യു.എസ്– ഇറാന്‍ സംഘര്‍ഷ സാധ്യത മൂര്‍ച്ഛിച്ചതോടെ സുരക്ഷിത നിക്ഷേപം എന്ന ഡിമാന്‍ഡ് ഉയര്‍ന്നതും ഡോളര്‍ വില ഇടിയുന്നതും സ്വര്‍ണത്തിന് ഊര്‍ജമായി. യു.എസ് ഫെഡറല്‍ റിസര്‍വ് പ്രതീക്ഷിച്ചതുപോലെ പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി. ഫെഡ് യോഗശേഷം ചെയര്‍മാന്‍ ജെറോം പവലിന്‍റെ പ്രസ്താവന പണപ്പെരുപ്പ ഭീഷണിയെ സൂചിപ്പിക്കുന്നതാണ്. ഇതും സ്വര്‍ണത്തിന് നേട്ടമായി.

ENGLISH SUMMARY:

Gold price hike in Kerala has reached an unprecedented level, with the price of a sovereign increasing by 8,640 rupees in a single day. This significant surge in the local market is directly attributed to a substantial overnight rise in international gold prices, pushing the sovereign price past the 1.30 lakh mark for the first time.