കഴിഞ്ഞ ഒരു വർഷമായി സാധാരണക്കാരന് പിടികൊടുക്കാതെ കുതിക്കുകയാണ് സ്വർണ വില. മനസറിഞ്ഞ് സ്വർണം വാങ്ങിയ മലയാളിക്ക് മനഃസമാധാനം നഷ്ടമായ സമയം. ട്രംപിന്‍റെ താരിഫും യുദ്ധങ്ങളും കേന്ദ്രബാങ്കുകളുടെ സ്വര്‍ണം വാങ്ങലും വിലയെ ഉയരങ്ങളിലേക്ക് കൊണ്ടുപോയി. പവന് ലക്ഷം പിന്നിട്ടു. ഇനി വില കുറയണമെങ്കിൽ കേന്ദ്രം കനിയണം. ബജറ്റിൽ സ്വർണ വില കുറയ്ക്കാൻ ഉതകുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സ്വർണ വിപണിയിലെ പ്രതീക്ഷ. 

ഇറക്കുമതി തീരുവ കുറയ്ക്കുക, ജിഎസ്‌ടി ഇളവുചെയ്യുക, ഉപയോഗിക്കാതെ കിടക്കുന്ന സ്വർണം വിപണിയിലെത്തിച്ച് ഇറക്കുമതിയിലുള്ള ആശ്രിതത്വം കുറയ്ക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് വിപണി മുന്നോട്ടുവെയ്ക്കുന്നത്. 

2-3 ശതമാനം വരെ വില കുറയും!

ആഭ്യന്തര വിപണിയിലെ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ഇറക്കുമതി തീരുവ. ഇപ്പോള്‍ 6 ശതമാനമുള്ള ഇറക്കുമതി തീരുവ പകുതിയാക്കണമെന്നാണ് സ്വർണ വ്യാപാര സംഘടനകളുടെ ആവശ്യം. ഇക്കാര്യം കേരള ഗോള്‍ഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ ധനമന്ത്രി നിര്‍മലാ സീതാരാമന് നല്‍കിയ നിവേദനത്തിലുണ്ട്.

മുന്‍പ് 15 ശതമാനമായിരുന്ന ഇറക്കുമതി തീരുവ 2024 ലെ ബജറ്റിലാണ് 6 ശതമാനമായി കുറച്ചത്. വില പവന് ഒരു ലക്ഷം കടന്ന സാഹചര്യത്തിൽ സമാന ഇളവ് ഇത്തവണയും വേണമെന്നാണ് ആവശ്യം. ഇറക്കുമതി തീരുവ കുറച്ചാൽ കേരളത്തിലെ സ്വർണ വിലയും കുറയുമെന്ന് കേരള ഗോള്‍ഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.അബ്ദുല്‍ നാസർ മനോരമന്യൂസ്.കോമിനോട് പറഞ്ഞു. എത്ര ശതമാനം ഇറക്കുമതി തീരുവ കുറയ്ക്കുന്നോ അതേ തോതില്‍ വില കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി. 

2024 ജൂലൈയിൽ ബജറ്റ് അവതരണത്തില്‍ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള പ്രഖ്യാപനം വന്നപ്പോള്‍ത്തന്നെ കേരളത്തിൽ സ്വർണ വില 2000 രൂപ കുറഞ്ഞിരുന്നു. 53,960 രൂപയായിരുന്നു അന്ന് രാവിലത്തെ വില. ഉച്ചയ്ക്ക് പ്രഖ്യാപനത്തിന് ശേഷം 51,960 രൂപയിലേക്ക് താഴ്ന്നു.

ജിഎസ്‌ടി കുറയ്ക്കണം 

റീട്ടെയില്‍ ഡിമാന്‍ഡ് കുറയ്ക്കുമെന്നതിനാല്‍ ജിഎസ്‌ടി ഇളവ് ചെയ്യണമെന്ന നിര്‍ദേശവും ധനമന്ത്രിക്ക് മുന്നിലുണ്ട്. ഇപ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ 3 ശതമാനമാണ് ജിഎസ്‌ടി. ഇത് 1.5 ശതമാനമാക്കി കുറയ്ക്കണം എന്നാണ് കെ.ജി.എസ്.എം.എയുടെ നിര്‍ദേശം. ഉയര്‍ന്ന ജിഎസ്‌ടി റീട്ടെയില്‍ ഡിമാന്‍ഡ് കുറയ്ക്കുന്നു. നികുതി കുറച്ചാല്‍ വില്‍പനയുടെ അളവ് കൂടുമെന്നതിനാല്‍ സര്‍ക്കാറിന് വരുമാന നഷ്ടമില്ലെന്നും സംഘടന വ്യക്തമാക്കുന്നു. 2017 ല്‍ ജിഎസ്‌ടി ഏര്‍പ്പെടുത്തുമ്പോള്‍ 20,000 രൂപ ആയിരുന്നു സ്വര്‍ണ വില. ഇന്ന് 1,06,000 രൂപ കടന്നു എന്നും അവര്‍ ചൂണ്ടിക്കാട്ടി.

വില്‍ക്കുമ്പോള്‍ നികുതി കുറയും? വാങ്ങാന്‍ ഇഎംഐ

സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്കും വില്‍ക്കാനിരിക്കുന്നവര്‍ക്കും പ്രതീക്ഷ നല്‍കുന്ന മറ്റൊരു നിര്‍ദേശം കൂടിയുണ്ട്. ആഭരണങ്ങള്‍ വില്‍ക്കുമ്പോള്‍ ഇപ്പോള്‍ മൂലധനനേട്ടനികുതി നല്‍കണം. ഈ നികുതി കുറച്ചാല്‍ ഇടപാടുകളില്‍ സുതാര്യത കൊണ്ടുവരാനാകും. അങ്ങനെയെങ്കില്‍ വില്‍ക്കുന്ന സമയത്തുള്ള ലാഭം കുറയാതെ കയ്യിലെത്തും.

സ്വര്‍ണം വാങ്ങാന്‍ ഇഎംഐ സൗകര്യം കൊണ്ടുവരാനും നിര്‍ദ്ദേശമുണ്ട്. ജിഎസ്‌ടി രജിസ്ട്രേഡ് വ്യാപാരികളില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഇഎംഐ സൗകര്യം ഏര്‍പ്പെടുത്താന്‍ ബാങ്കുകളെയും എന്‍ബിഎഫ്‌സികളെയും അനുവദിക്കണം. ആർ.ബി.ഐയുമായി ആലോചിച്ച് ഇതിനായി ചട്ടക്കൂട് തയ്യാറാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. 

ഇത്തവണ ബജറ്റ് ഞായറാഴ്ച 

പാര്‍ലമെന്‍റിന്‍റെ ബജറ്റ് സെഷന്‍ ജനുവരി 28 ന് ആരംഭിക്കും. ഇത്തവണ ഫെബ്രുവരി ഒന്ന് ഞായറാഴ്ചയാണ് ബജറ്റ് അവതരണം. രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്സഭയില്‍ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് ദിവസം ഓഹരി വിപണിയും പ്രവര്‍ത്തിക്കും.

ENGLISH SUMMARY:

Gold price trends are closely watched due to their impact on consumers and the market. Budget expectations include potential import duty cuts and GST reductions, which could influence gold rates.