രാജ്യാന്തര സ്വര്‍ണ വിലയില്‍ ഇടിവുണ്ടായിട്ടും കേരളത്തില്‍ സ്വര്‍ണ വില മുകളിലേക്ക്. പവന് 280 രൂപ വര്‍ധിച്ച് 1,05,440 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഒരു ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,180 രൂപയിലെത്തി. പവന് 1,05,600 രൂപ വരെയെത്തി സര്‍വകാല ഉയരം കുറിച്ചതിന് ശേഷമാണ് സ്വര്‍ണ വില ചാഞ്ചാടുന്നത്. ഇന്നലെ വിലയില്‍ നേരിയ ഇടിവുണ്ടായിരുന്നു. ഇന്നത്തെ വിലയില്‍ പത്തു ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍റെ ആഭരണം വാങ്ങാന്‍ 1,19,500 രൂപ വേണ്ടിവരും.
രാജ്യാന്തര വില ട്രോയ് ഓണ്‍സിന് 4,596 ഡോളര്‍ എന്ന വിലയിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ഇന്നലെ കേരളത്തില്‍ വില നിശ്ചയിക്കുമ്പോള്‍ 4,600 ഡോളറിന് മുകളിലായിരുന്നു വില. രാജ്യാന്തര വില കുറഞ്ഞിട്ടും കേരളത്തില്‍ വില കൂടാന്‍ കാരണമായത് രൂപയുടെ നിലവാരമാണ്. ഡോളറിനെതിരെ രൂപ 50 പൈസ ഇടിഞ്ഞ് 90.48 നിലവാരത്തിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ കുറഞ്ഞതും യു.എസ്– ഇറാന്‍ സംഘര്‍ഷം അയഞ്ഞതുമാണ് വെള്ളിയാഴ്ച സ്വർണ വിലയെ താഴേക്ക് എത്തിച്ചത്. യു.എസ് തൊഴില്‍വകുപ്പ് പുറത്തുവിട്ട കണക്കുകള്‍പ്രകാരം യു.എസില്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായി. തൊഴില്‍വിപണി ശക്തമായതോടെ പെട്ടന്ന് പലിശ നിരക്ക് കുറയ്ക്കില്ലെന്നതാണ് വിപണി അനുമാനം.
ഡോളര്‍ ശക്തമായതോടെ വിദേശ വിപണിയില്‍ നിന്നുള്ളവര്‍ക്ക് സ്വര്‍ണം വാങ്ങുന്നതിന് ചെലവേറും. ഇതോടെയാണ് ഡിമാന്‍ഡ് കുറഞ്ഞത്. അതേസമയം, ഇറാനില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പ്രതിഷേധങ്ങളില്‍ കുറവുവന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
സംഭവബഹുലം ഈ ആഴ്ച
സ്വര്‍ണത്തെ സംബന്ധിച്ച് സംഭവബഹുലമായിരുന്നു ഈ വാരം. രാജ്യാന്തര വില ആദ്യമായി 4,600 ഡോളര്‍ മറികടന്നത് ഈ ആഴ്ചയുടെ തുടക്കത്തിലാണ്. ബുധനാഴ്ച 4,642.72 ഡോളറിലെത്തിയതോടെ പുതിയ സര്‍വകാല ഉയരവും കുറിച്ചു. ഇതേ വേഗതയില്‍ കേരളത്തിലെ സ്വര്‍ണ വിലയും മുന്നേറി. തിങ്കളാഴ്ച 1,04,240 രൂപയിലായിരുന്ന സ്വര്‍ണ വില ബുധനാഴ്ചയോടെ 1,05,600 രൂപയിലെത്തി. 1360 രൂപയുടെ വര്‍ധന.