gold-jewellery

രാവിലത്തെ റെക്കോര്‍ഡ് മുന്നേറ്റം ഉച്ചയ്ക്കും തുടര്‍ന്ന് സ്വര്‍ണ വില. ഉച്ചയ്ക്ക് ശേഷം 280 രൂപ വര്‍ധിച്ച് 1,05,600 രൂപയിലെത്തി. ഗ്രാമിന് ഉച്ചയ്ക്ക് ശേഷം 35 രൂപ വര്‍ധിച്ച് 13,200 രൂപയായി. ഒറ്റദിവസം കൊണ്ട് 1,080 രൂപയുടെ വര്‍ധനവ് വിലയിലുണ്ടായി. രാവിലെ സ്വര്‍ണ വില പവന് 800 രൂപ വര്‍ധിച്ച് 1,05,320 രൂപയിലെത്തിയിരുന്നു. 

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേരളത്തിലെ സ്വര്‍ണ വില റെക്കോര്‍ഡിടുന്നത്. ഇന്നലെ 104520 രൂപയായിരുന്നു സ്വര്‍ണ വില. ഇന്ന് രാവിലെ 1,05,320 രൂപയിലെത്തി റെക്കോര്‍ഡിട്ട ശേഷമാണ് ഉച്ചയ്ക്ക് ശേഷം പുതിയ ഉയരത്തിലെത്തുന്നത്. ഇന്നത്തെ വിലയില്‍ 10 പവന്‍റെ ആഭരണം വാങ്ങാന്‍ 1,19,695 രൂപയോളം വേണം. 

രാജ്യാന്തര വില മുന്നേറുന്നതാണ് കേരളത്തില്‍ സ്വര്‍ണ വിലയെ സ്വാധീനിച്ചത്. യു.എസ് പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിനേക്കാള്‍  കുറഞ്ഞതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കയറി. പലിശ നിരക്ക് കുറയാന്‍ സാധ്യത ഉയര്‍ന്നതാണ് സ്വര്‍ണത്തിന് അനുകൂലമാകുന്നത്. 4639 ഡോളറിലെത്തി പുതിയ ഉയരം കുറിച്ച സ്വര്‍ണ വില നിലവില്‍ 4633 ഡോളറിലാണ്. 

പണപ്പെരുപ്പ കണക്ക് സ്വാഗതം ചെയ്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പലിശ നിരക്കുകള്‍ അര്‍ഥവത്തായ രീതിയില്‍ കുറയ്ക്കണമെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിനോട് ആവശ്യപ്പെട്ടു. ഫെഡ് ചെയര്‍മാനെതിരെ ട്രംപ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത് യു.എസ് ആസ്തികളോടുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. ഇതും സ്വര്‍ണത്തിന് ഡിമാന്‍ഡ് ഉയര്‍ത്തി.  വെനസ്വേലന്‍ അധിനിവേശത്തിന് ശേഷം ഇറാനിലും ഗ്രീന്‍ലാന്‍ഡിലും യു.എസ് സൈനിക നടപടി വരുമെന്ന വാര്‍ത്തകളും സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപം എന്ന ഡിമാന്‍ഡ് നല്‍കുന്നുണ്ട്. 

സാഹചര്യം ഇതേ നിലയില്‍ തുടരുകയാണെങ്കില്‍ കേരളത്തില്‍ വില ഉയരാന്‍ തന്നെയാണ് സാധ്യത. 

ENGLISH SUMMARY:

Gold price increased in Kerala. The price surged to ₹1,05,600 per sovereign due to international market trends and a weaker US dollar.