രാജ്യാന്തര സ്വര്‍ണ വിലയുടെ ചുവടുപിടിച്ച് കേരളത്തില്‍ സ്വര്‍ണത്തിന് തീവില. പവന് 1,240 രൂപ വര്‍ധിച്ച് 1,04,240 രൂപയിലെത്തി. ഗ്രാമിന് 155 രൂപ വര്‍ധിച്ച് 13,030 രൂപയിലാണ് വ്യാപാരം. രാജ്യാന്തര സ്വര്‍ണ വില പുതിയ ഉയരം തൊട്ടെങ്കിലും കേരളത്തില്‍ വില റെക്കോര്‍ഡിന് തൊട്ടുതാഴെയാണ്. ഡിസംബര്‍ 27 ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.
രാജ്യാന്തര സ്വര്‍ണ വില ചരിത്രത്തിലാദ്യമായി ട്രോയ് ഔണ്‍സിന് 4,600 ഡോളര്‍ കടന്നതാണ് കേരളത്തിലെ തീവിലയ്ക്ക് കാരണം. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ച സ്വര്‍ണ വില റെക്കോര്‍ഡ് ഭേദിച്ച് മുന്നേറി. ഡിസംബര്‍ 26 ന് രേഖപ്പെടുത്തിയ 4546 ഡോളറായിരുന്നു സ്വര്‍ണത്തിന്റെ നേരത്തെയുള്ള റെക്കോര്‍ഡ്. ഇതും മറികടന്ന് രാജ്യാന്തര വില 4,602 ഡോളര്‍ വരെയെത്തി. നിലവില്‍ 4573 ഡോളറിലാണ് വ്യാപാരം.
ഇറാനിലെ സംഘര്‍ഷങ്ങളും ഇതുമായി ബന്ധപ്പെട്ട യു.എസ് ആക്രമണ സാധ്യതയും സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന ഡിമാന്‍ഡ് കൂടാന്‍ കാരണമായി. യു.എസ് ഇറാനില്‍ സൈനിക നീക്കം നടത്തുമെന്നാണ് അഭ്യൂഹം. അങ്ങനെയെങ്കില്‍ മധ്യേഷ്യയിലെ യു.എസ് സൈനിക താവളങ്ങളും ഇസ്രയേലും ആക്രമിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. വെനസ്വേലന്‍ ആക്രമണത്തിന് ശേഷം ട്രംപ് ഗ്രീന്‍ലാന്‍ഡ് ലക്ഷ്യമിടുന്നതും ക്യൂബയെ ഭീഷണിപ്പെടുത്തുന്നതും തുടരുകയാണ്. രാഷ്ട്രീയ സംഘര്‍ഷ സമയങ്ങളില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപം എത്തുന്നത് വില കൂടാന്‍ കാരണമായി.
ഇതിനൊപ്പം യു.എസിലെ തൊഴില്‍ കണക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞു. ഇതോടെ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും വര്‍ധിച്ചു. യുഎസ് നീതിന്യായ വകുപ്പ് ഫെഡറൽ റിസർവിനെതിരെ ക്രിമിനൽ കുറ്റപത്രം സമർപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതും സ്വർണ വിലവര്‍ധിക്കാന്‍ കാരണമായി.
ജനുവരി ഒന്നിന് 99040 രൂപയിലായിരുന്ന സ്വര്‍ണ വില. 12 ദിവസങ്ങള്‍ക്ക് മുന്‍പ് വാങ്ങിയവര്‍ക്ക് 5,200 രൂപ പവനില്‍ ലാഭിക്കാന്‍ സാധിച്ചു. സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് വിലക്കയറ്റത്തിന്‍റെ ചൂടറിയാനാണ് സാധ്യത. ഇന്നത്തെ വിലയില്‍ പത്തു ശതമാനം പണിക്കൂലിയുള്ള ഒരു പവന്‍റെ ആഭരണം വാങ്ങാന്‍ 118,153 രൂപയോളം വേണ്ടി വരും. പണിക്കൂലി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ്, മൂന്നു ശതമാനം ജിഎസ്ടി എന്നിവ അടങ്ങിയ വിലയാണിത്. ഇതേപണിക്കൂലിയില്‍ അഞ്ചു പവന്‍റെ ആഭരണം വാങ്ങാന്‍ 590519 രൂപയോളം നല്‍കണം.