shahbaz-sharif-2

കടമെടുത്ത് നടുവൊടിഞ്ഞ അവസ്ഥയിലാണ് പാക്കിസ്ഥാന്‍. ഈ ഭാരം ചുമക്കുന്നതാകട്ടെ  സാധാരണക്കാരായ ജനങ്ങളും. രാജ്യാന്തര നാണയ നിധി(ഐഎംഎഫ്)യുടെ പണത്തില്‍ വിശ്വസിക്കുന്ന പാക്ക് ഭരണകൂടത്തിന് അവരുടെ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്. ഇതിനിടെ  കോണ്ടത്തിന്‍റെ വിലയൊന്ന് കുറയ്ക്കാന്‍ അപേക്ഷയുമായി പോയ പാക്കിസ്ഥാനെ തിരിച്ചയച്ചിരിക്കുകയാണ് ഐഎംഎഫ്. 

കോണ്ടത്തിന് ചുമത്തിയ ജിഎസ്ടി കുറയ്ക്കാനുള്ള പാക്കിസ്ഥാന്‍റെ ആവശ്യം ഐഎംഎഫ് തള്ളി. ജനസംഖ്യ നിയന്ത്രണത്തിനുള്ള പദ്ധതികള്‍ കാര്യക്ഷമാക്കാനായിരുന്നു പാക്കിസ്ഥാന്‍ കോണ്ടത്തിന്‍റെ വില കുറയ്ക്കാന്‍ ആവശ്യപ്പെട്ടത്.  ലോകത്ത് വേഗത്തില്‍ ജനസംഖ്യ വളരുന്ന രാജ്യത്ത് ജനനനിയന്ത്രണം ചെലവ് വളരെ ചെലവേറിയതാണ്. 18 ശതമാനമാണ് കോണ്ടത്തിന് പാക്കിസ്ഥാനില്‍ നികുതി. 

എന്നാല്‍ സാമ്പത്തിക വര്‍ഷത്തിന്‍റെ ഇടയില്‍ നികുതി കുറയ്ക്കാന്‍ പറ്റില്ലെന്നാണ് ഐഎംഎഫ് നിലപാട്. അടുത്ത ഫെഡറല്‍ ബജറ്റ് സമയത്ത് നികുതി കുറവ് പരിഗണിക്കാം എന്നു പറഞ്ഞാണ് ഐഎംഎഫ് പാക്കിസ്ഥാനില്‍ നിന്നുള്ള അപേക്ഷ തള്ളിയത്. നിലവില്‍ ഐഎംഎഫ് നല്‍കിയ വരുമാന ലക്ഷ്യത്തിലേക്ക് എത്താന്‍ പാക്കിസ്ഥാന്‍ കഷ്ടപ്പെടുകയാണ്. ഈ അവസ്ഥയില്‍ നികുതി ഇളവ് ചെയ്യുന്നത് കള്ളക്കടത്ത് വര്‍ധിക്കുമെന്ന മുന്നറിയിപ്പും ഐഎംഎഫ് നല്‍കി. 

പാക്കിസ്ഥാന്‍റെ ഫെഡറല്‍ ബോര്‍ഡ് ഓഫ് റവന്യു ആണ് ഐഎംഎഫിനെ ഇമെയില്‍ മുഖേന ബന്ധപ്പെട്ടത്. നികുതി കുറച്ചാല്‍ 400-600 മില്യണ്‍ പാക്ക് രൂപയുടെ വരുമാന ഇടിവാണ് പ്രതീക്ഷിച്ചത്. സാനിറ്ററി പാഡിനും കുട്ടികളുടെ ഡയപ്പറിന്‍റെയും നികുതി കുറയ്ക്കാനും പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു.  

2.55 ശതമാനമാണ് പാക്കിസ്ഥാന്‍റെ ജനസംഖ്യാ വളര്‍ച്ച. ജനസംഖ്യയില്‍  ഒരോ വര്‍ഷവും 60 ലക്ഷത്തിന്‍റെ വര്‍ധനയാണ് പാക്കിസ്ഥാനിലുണ്ടാകുന്നത്. നിലവില്‍ ഐഎംഎഫിന്‍റെ ബെയില്‍ ഔട്ട് പദ്ധതിക്ക് കീഴിലുള്ള പാക്കിസ്ഥാന്‍ കര്‍ശനമായ നികുതി വ്യവസ്ഥയ്ക്ക് കീഴിലാണ് മുന്നോട്ട് പോകുന്നത്. ഇതുവരെ ഏകദേശം 3.3 ബില്യൺ ഡോളറിന്‍റെ ഐഎംഎഫ് വായ്പ പാക്കിസ്ഥാന് ലഭിച്ചിട്ടുണ്ട്. മറ്റൊരു 1.2 ബില്യൺ ഡോളർ വായ്പയ്ക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. ഐഎംഎഫിന്‍റെ നിര്‍ദ്ദേശപ്രകാരം കടംകയറിയ പാക്കിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് വില്‍പ്പനയ്ക്കൊരുങ്ങുകയാണ് രാജ്യം.

ENGLISH SUMMARY:

The IMF has rejected Pakistan's request to reduce the 18% GST on condoms, sanitary pads, and diapers, citing that tax cuts cannot be made mid-fiscal year. Despite Pakistan's plea that high costs hinder population control for its 2.55% annual growth rate, the IMF warned of revenue losses and smuggling risks.