gold-jewellery

കയറ്റത്തിനൊരു ഇറക്കം എന്നതാണ് സ്വര്‍ണ വിലയിലെ സ്ഥിതി. വലിയ ഇടിവിന് ശേഷം സ്വര്‍ണ വില വീണ്ടും 90,000 രൂപ കടന്നു. വെള്ളിയാഴ്ച രണ്ടു തവണ വില വര്‍ധിച്ചതോടെയാണ് സ്വര്‍ണ വില 90,400 രൂപയിലെത്തിയത്. രാവിലെയും ഉച്ചയ്ക്കുമായി സ്വര്‍ണ വില 1,320 രൂപ വര്‍ധിച്ചു. ഗ്രാമിന് 165 രൂപ കൂടി 11,300 രൂപയായി. 

എന്നാല്‍ രാജ്യാന്തര വില താഴേക്കാണ്. ട്രോയ് ഔണ്‍സിന് 4,045 ഡോളറിലേക്ക് ഉയര്‍ന്ന ശേഷം വില താഴേക്കാണ്. 3988 ഡോളര്‍ വരെ താഴ്ന്ന സ്വര്‍ണ വില 4020 ഡോളറിലാണ് വ്യാപാരം നിര്‍ത്തിയത്. ഡിസംബറില്‍ യു.എസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് കുറയ്ക്കുമോ എന്ന അനിശ്ചിതത്വം കാരണം ഡോളർ മൂന്ന് മാസത്തെ ഉയർന്ന നിലവാരത്തിലെത്തിയതാണ് സ്വര്‍ണ വില ഇടിഞ്ഞത്. ഈ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വില ഇനിയും ഇടിയാനുള്ള സാധ്യത ചൂണ്ടിക്കാണിക്കുകയാണ് നിക്ഷേപകര്‍.

സ്വര്‍ണ വില കുറയാന്‍ കാരണം

ഒക്ടോബര്‍ മാസത്തിലെ യോഗത്തില്‍ ബുധനാഴ്ച കാല്‍ ശതമാനം പലിശ നിരക്കാണ് യു.എസ് കേന്ദ്ര ബാങ്ക് കുറച്ചത്. ഡിസംബറിൽ മറ്റൊരു പലിശനിരക്ക് കുറയ്ക്കാനുള്ള പ്രതീക്ഷകൾ നിക്ഷേപകർ കുറയ്ക്കണമെന്നാണ് ഫെഡ് ചെയർമാൻ ജെറോം പവൽ മുന്നറിയിപ്പ് നൽകിയത്. സൂചനയ്ക്ക് പിന്നാലെ ഡോളര്‍ ശക്തമായതും സ്വര്‍ണ വില ഇടിയാന്‍ കാരണമായി. 

യു.എസ്– ചൈന വ്യാപാര യുദ്ധം താല്‍ക്കാലിക സന്ധിയിലെത്തിയതും സ്വര്‍ണത്തിന് ആശ്വാസമായി. യു.എസിൽ നിന്ന് സോയാബീൻ വാങ്ങൽ പുനരാരംഭിക്കാനും റെയര്‍ ഏര്‍ത്ത് കയറ്റുമതി തടസ്സമില്ലാതെ തുടരുകയും ചെയ്യാന്‍ ചൈന സമ്മതിച്ചതോടെ ചൈനീസ് തീരുവ കുറയ്ക്കാൻ തയ്യാറാണെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. വ്യാപാര യുദ്ധം തണുത്തതും ഡോളര്‍ ശക്തമായതും സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന ഡിമാന്‍റ് കുറച്ചു. ഒക്ടോബര്‍ 20 തിന് 4380 ഡോളറിലേക്ക് കുതിച്ച സ്വര്‍ണം എട്ടു ശതമാനമാണ് ഇടിഞ്ഞത്. 

ഇടിഎഫ് നിക്ഷേപകും സ്വര്‍ണത്തില്‍ നിന്നും പിൻവലിഞ്ഞു. ബ്ലൂംബെർഗിന്റെ റിപ്പോർട്ട് അനുസരിച്ച് സ്വർണത്തിൽ നിക്ഷേപിക്കുന്ന ഇടിഎഫുകളുടെ ഹോൾഡിങ്‌സുകൾ ബുധനാഴ്ച വരെയുള്ള ആറ് തുടർച്ചയായ ദിവസങ്ങളിൽ കുറഞ്ഞു. 

സ്വര്‍ണ വില കുറയുമോ?

ഓസ്ട്രേലിയന്‍ ബാങ്കിംഗ് സ്ഥാപനമായ വെസ്റ്റ്പാക്കിലെ വിദഗ്ധനായ റോബർട്ട് റെന്നിയുടെ പ്രവചന പ്രകാരം, സ്വർണവില സ്ഥിരപ്പെടുന്നതിന് മുന്‍പ് 3,750 ഡോളറിലേക്ക് കുറയാനുള്ള സാധ്യതയുണ്ട് എന്നാണ്. അങ്ങനെയെങ്കില്‍ കേരളത്തിലെ സ്വര്‍ണ വില 76,000 രൂപയിലേക്ക് താഴാനും സാധ്യതയുണ്ട്. എന്നാല്‍ കേന്ദ്ര ബാങ്കുകളുടെ വാങ്ങല്‍ തുടരുന്നതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണ വില വര്‍ധിക്കാന്‍ തന്നെയാണ് സാധ്യത എന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.  

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)

ENGLISH SUMMARY:

Gold price fluctuation continues. After rising to ₹90,400, international rates fall. Experts predict a potential drop to $3750 or ₹76,000 due to US Fed rate cuts and trade war thaw. Read the full analysis.