FILE PHOTO (PTI Photo/Arun Sharma)
രണ്ടു ദിവസത്തെ മുന്നേറ്റത്തിനൊടുവില്‍ കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില. ഇന്ന് പവന് 1,400 രൂപ കുറഞ്ഞ് 88,360 രൂപയിലാണ് വ്യാപാരം. ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,045 രൂപയിലെത്തുകയും ചെയ്തു.
ഒരാഴ്ചയോളം നീണ്ട ഇടിവിന് ശേഷം കഴിഞ്ഞ രണ്ട് ദിവസം സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഇന്നലെ രണ്ടു തവണയായി 1,100 രൂപയാണ് പവന് കൂടിയത്. രാവിലെ 560 രൂപ വര്‍ധിച്ച് 89,160 രൂപയിലെത്തി. ഉച്ചയ്ക്ക് 600 രൂപ വീണ്ടും കൂടി 89,760 രൂപയായി. പിന്നാലെയാണ് വില ഇന്ന് കൂപ്പുകുത്തിയത്. സ്വര്‍ണവില വീണ്ടും ഉയരാന്‍ തുടരുകയാണോ എന്ന് ആശങ്കപ്പെട്ടവര്‍ക്ക് ആശ്വാസമായിരിക്കുന്നത് ഇന്നത്തെ വിലയിടിവ്.
ഒക്ടോബര്‍ 21നായിരുന്നു സ്വര്‍ണ വില ഈ മാസം ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയത്. 97,360 രൂപയായിരുന്നു അന്ന് വില. ഒക്ടോബര്‍ മൂന്നിനായിരുന്നു വില ഏറ്റവും കുറവ്; 86,560 രൂപ. ഒക്ടോബര്‍ 8 ന് 90,000 കടന്നെങ്കിലും രണ്ട് ദിവസത്തിന് ശേഷം 89680 എത്തി. തൊട്ടടുത്ത ദിവസം വീണ്ടും 90,000 കടന്നു. പിന്നീട് ഒക്ടോബര്‍ 27 വരെ വില 90,000 ന് മുകളിലായിരുന്നു. 28നാണ് വീണ്ടും തിരിച്ചിറങ്ങാന്‍ തുടങ്ങിയത്.
യു.എസ് ഫെഡറല്‍ റിസര്‍വ് യോഗ തീരുമാനത്തിന് മുന്നോടിയായാണ് ഇന്നലെ വില ഉയര്‍ന്നത്. അതേസമയം, യുഎസ്- ചൈന വ്യാപാര ചർച്ചകളിലെ പുരോഗതിയും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. വ്യാപാര ചര്‍ച്ച സമവായത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് സ്വര്‍ണത്തിന്‍റെ വില താഴോട്ട് പോകുന്നത്. വ്യാഴാഴ്ച ദക്ഷിണകൊറിയയില്‍ ഇരുരാജ്യത്തലവന്‍മാരും കൂടിക്കാഴ്ച നടത്തുന്നുണ്ട്.
അതേസമയം, ചര്‍ച്ചയില്‍ സമവായമായില്ലെങ്കില്‍ സ്വര്‍ണ വില വീണ്ടും കുതിക്കാനാണ് സാധ്യത. മാത്രമല്ല യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് കാല്‍ ശതമാനം പലിശ കുറയ്ക്കുമെന്നാണ് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്. അങ്ങിനെ പലിശനിരക്ക് കുറയ്ക്കാനാണ് തീരുമാനമെങ്കിൽ സ്വർണവില വീണ്ടും തിരിച്ചുകയറിയേക്കും. യോഗശേഷമുള്ള ഫെഡ് ചെയര്‍മാന്‍ ജെറോം പവലിന്‍റെ പ്രസ്താവന വിപണിക്ക് പുതിയ വഴി നല്‍കും.