സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ ആശ്വാസം സമ്മാനിച്ച് രാവിലെ കുറഞ്ഞ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇതോടെ ഇന്നുമാത്രം പവന് 3,440 രൂപയാണ് കുറഞ്ഞത്. ഉച്ചയ്ക്ക് ശേഷം പവന് കുറഞ്ഞത് 960 രൂപയാണ്. ഗ്രാമിന് 120 രൂപ കുറഞ്ഞു. ഇതോടെ പവന്  92,320 രൂപ, ഗ്രാമിന് 10,540 രൂപ എന്ന നിരക്കിലാണ് വ്യാപാരം.

രാവിലെ സംസ്ഥാനത്ത് സ്വര്‍ണവില പവന് ഒറ്റയടിക്ക് 2,480 രൂപ കുറഞ്ഞ് വില 93,280 രൂപയായിരുന്നു. ഗ്രാമിന് 310 രൂപ കുറഞ്ഞ് 11,660 രൂപയാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഉച്ചയ്ക്ക് വീണ്ടും വിലയിടിവ്. ഇന്നലെ രാവിലെ വില സർവകാല ഉയരമായ 97,360 രൂപയായിരുന്നു. പിന്നാലെ ഉച്ചയ്ക്ക് വില കുറയുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചമുതല്‍ ഇന്നുച്ചവരെ മൂന്നാമത്തെ തവണയാണ് സ്വര്‍ണവില കുറഞ്ഞത്. അതായത് ആകെ കുറഞ്ഞത് 5,040 രൂപ. സമീപകാല ചരിത്രത്തിൽ ഇത്രയധികം വിലടിയിവ് ആദ്യമാണ്.

രാജ്യാന്തര വിപണിയിലെ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ അമേരിക്കയുമായി വ്യാപാരകരാറിലെത്തുമെന്ന സൂചന സ്വര്‍ണവിലയെ സ്വാധീനിച്ചു. വില വന്‍തോതില്‍ ഉയര്‍ന്നത് മൂലം വാങ്ങല്‍ കുറഞ്ഞതും സ്വര്‍ണത്തിന് തിരിച്ചടിയായി. ലാഭമെടുക്കലും വിലകുറയുന്നതിന് ഇടയാക്കിയെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ഡോളറിനെതിരെ രൂപ അല്‍പം കരുത്താര്‍ജിച്ചതും സ്വര്‍ണവില കുറയുന്നതിന് ഇടയാക്കി. ഹ്രസ്വകാലത്തേക്ക് ഇടിവ് തുടരുമെന്നാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന സൂചന.

ENGLISH SUMMARY:

Kerala gold price registers a historic drop, falling by ₹3,440 in a single day (and over ₹5,000 in 24 hours). The current price is ₹92,320 per Pavan (8 grams). The steep decline is attributed to an international market slump, profit-booking, and stronger rupee.