സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 2480 രൂപ കുറഞ്ഞ് 93,280 രൂപയായി. ഗ്രാമിന് 310 രൂപ കുറഞ്ഞ് 11,660 രൂപയായി. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 338 രൂപ കുറഞ്ഞ് 12,720 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 254 രൂപ കുറഞ്ഞ് 9540 രൂപയായി. രാജ്യാന്തര വിപണിയിലെ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ അമേരിക്കയുമായി വ്യാപാരകരാറിലെത്തുമെന്ന സൂചന സ്വര്‍ണവിലയെ സ്വാധീനിച്ചു. വില വന്‍തോതില്‍ ഉയര്‍ന്നത് മൂലം വാങ്ങല്‍ കുറഞ്ഞതും സ്വര്‍ണത്തിന് തിരിച്ചടിയായി. ലാഭമെടുക്കലും വിലകുറയുന്നതിന് ഇടയാക്കിയെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 4340 ഡോളറില്‍ നിന്ന് 4127 ഡോളറിലേക്ക് താഴ്ന്നു. ഡോളറിനെതിരെ രൂപ അല്‍പം കരുത്താര്‍ജിച്ചതും സ്വര്‍ണവില കുറയുന്നതിന് ഇടയാക്കി.
സ്വര്‍ണ വില ഹ്രസ്വകാലത്തേക്ക് ഇടിവുണ്ടാകുമെന്നാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന സൂചന. നിലവിലുള്ള അടിസ്ഥാനപരമായ കാര്യങ്ങളില്‍ സ്വര്‍ണ വില മുന്നേറ്റം നടത്തി കഴിഞ്ഞു. അടുത്താഴ്ചയോടെ ഭൗതിക സ്വര്‍ണത്തിന്‍റെ ഡിമാന്‍റ് കുറയും. സ്വര്‍ണ വില ഇനിയും കുറയുകയോ വിലയില്‍ ഏകീകരണം സംഭവിക്കുകയോ ചെയ്യാം എന്നാണ് ജെ.എം ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ ഇ.ബി.ജി- കമ്മോഡിറ്റി ആന്‍ഡ് കറൻസി റിസർച്ച് വൈസ് പ്രസിഡന്റ് പ്രണവ് മേറിന്‍റെ വിലയിരുത്തല്‍.
സ്വർണ വില ഇനിയും മുന്നേറാനുണ്ടെങ്കിലും മുന്നേറ്റത്തിന്‍റെ വേഗത കൂടുതലാണ്. അതിനാല്‍ പുതിയ ഉയരങ്ങളില്‍ ലാഭമെടുപ്പ് നേരിടേണ്ടിവരുമെന്ന് വിസ്ഡംട്രീയിലെ കമ്മോഡിറ്റി സ്ട്രാറ്റജിസ്റ്റ് നിതേഷ് ഷാ പറഞ്ഞു. ദീര്‍ഘകാലത്തേക്ക് 2026 ഓടെ രാജ്യാന്തര സ്വര്‍ണ വില 5,000 ഡോളര്‍ കടക്കുമെന്നാണ് സാമ്പത്തിക സ്ഥാപനങ്ങളുടെ വിലയിരുത്തല്‍