ബിഹാറില്‍ എന്‍ഡിഎയുടെ ജയഭേരി. വമ്പന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്ക്. നിയമസഭയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയുമായി. നിതീഷ് കുമാര്‍ തന്നെയാകും മുഖ്യമന്ത്രിയെന്നും ബിജെപി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ കാണും. വോട്ടുകൊള്ളയും എസ്ഐആറിനെതിരായ ആരോപണങ്ങളും വോട്ടര്‍മാര്‍ പുഛ്ഛിച്ച് തള്ളിയെന്ന ആത്മവിശ്വാസത്തിലാണ് എന്‍ഡിഎ ക്യാംപ്.
പോസ്റ്റല്‍ വോട്ടില്‍ തുടങ്ങിയ മുന്നേറ്റം വോട്ടെണ്ണലിലുടനീളം കാത്തുസൂക്ഷിച്ചാണ് എന്‍ഡിഎ അധികാരത്തിലെത്തുന്നത്. വോട്ടെണ്ണലില്‍ ഒരു ഘട്ടത്തില്‍ പോലും വെല്ലുവിളി ഉയര്‍ത്താന്‍ കഴിയാതെ ആര്‍ജെഡിയും കോണ്‍ഗ്രസും നേതൃത്വം നല്‍കിയ മഹാസഖ്യം തകര്‍ന്നടിഞ്ഞു. സ്ത്രീകള്‍ക്കായുള്ള പുത്തന്‍ പദ്ധതികള്‍ എന്‍ഡിഎയ്ക്ക് ഗുണം ചെയ്തു. ഇരട്ട എന്‍ജിന്‍ പ്രചാരണവുമായി മുന്നില്‍നിന്ന് നയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും തുടര്‍ച്ചയായി അധികാരത്തിന്‍റെ ഭാഗമാകുന്ന നിതീഷ് കുമാറിനും ഇത് വ്യക്തിപരമായും നേട്ടമാണ്.
നിതീഷ് കുമാറിന്‍റെ ജനകീയതയും സ്വീകര്യതയും അരക്കിട്ട് ഉറപ്പിക്കുന്നതായി ജെഡിയുവിന്‍റെ തകര്‍പ്പന്‍ പ്രകടനം. മുന്നാക്ക വോട്ടുകള്‍ ബിജെപി പിടിച്ചപ്പോള്‍, സ്ത്രീവോട്ടുകളും പിന്നാക്ക വോട്ടുകളും നേടാന്‍ നിതീഷിലൂടെ ജെഡിയുവിന് സാധിച്ചു. 74 പിന്നിട്ട നിതീഷ് കുമാര്‍ മുഖ്യമന്ത്രി കസേരയിലേക്ക് പത്താംതവണയും എത്തുന്നു. ബിഹാറില്‍ ഏറ്റവും കൂടുതല്‍ കാലവും തവണയും മുഖ്യമന്ത്രിയായ റെക്കോര്‍ഡോടെ നിതീഷ് തുടരുമെന്ന് ബിജെപി പ്രഖ്യാപിച്ചു.
ചരിത്രത്തിലെ ഏറ്റവും വലിയ പോളിങ് രേഖപ്പെടുത്തിയ ബിഹാറിലേത് എന്‍ഡിഎയുടെ തകര്‍പ്പന്‍ പ്രകടനമാണ്. സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പതിനായിരം രൂപ നല്‍കിയ തീരുമാനം തിരഞ്ഞെടുപ്പിലെ തുറുപ്പുചീട്ടായി. വമ്പന്‍ സ്ട്രൈക്ക് റേറ്റോടെയാണ് എന്‍ഡിഎ വീണ്ടും ബിഹാര്‍ പിടിക്കുന്നത്. ആകെയുള്ള 243 സീറ്റുകളില്‍ 101 വീതം സീറ്റുകളിലാണ് ഇരുപാര്‍ട്ടികളും മല്‍സരിച്ചത്. ലീഡ് നിലയില്‍ ബിജെപി 80ലേറെ സീറ്റുകളിലും ജെഡിയു 70ലേറെ സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഓടിനടന്ന് പ്രചാരണം നയിച്ച കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനും വന്‍ നേട്ടം. 29 സീറ്റുകളില്‍ മല്‍സരിച്ച ചിരാഗ് പാസ്വാന്‍റെ ലോക് ജനശക്തി പാര്‍ട്ടി 20 ലേറെ സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ആറ് സീറ്റില്‍ മല്‍സരിച്ച ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും നാല് സീറ്റ് നേടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രചാരണസമയത്ത് പറഞ്ഞത് 160 ലേറെ സീറ്റുകളില്‍ എന്‍ഡിഎ വിജയിക്കുമെന്നാണ്. വോട്ടെണ്ണിയപ്പോള്‍ അമിത് ഷായുെട പ്രവചനത്തിനും മുകളില്‍ സീറ്റ് നേടി എന്‍ഡിഎ.