സ്വർണവിലയിൽ വന്‍ കുതിപ്പ് തുടരുന്നു. പവന് വില 97360 രൂപയായി. ഗ്രാമിന് 12170രൂപയായി. ഗ്രാം വില 12,000 കടന്നതും ആദ്യമാണ്.  ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 105000 രൂപയ്ക്ക് മുകളിൽ നൽകണം. ഒരു ഗ്രാം സ്വർണത്തിന് 355 രൂപയും ഒരു പവൻ സ്വർണത്തിന് 2840 രൂപയുടെയും വർധനയാണ് ഉണ്ടായത്. രാജ്യാന്തര സ്വർണ വിലയിലെ കുതിപ്പിന് ആനുപാതികമായാണ് ആഭ്യന്തര വിപണിയിലും വർധനയുണ്ടായത്.ഇന്നലെ രാത്രിയോടെതന്നെ ഒരു ഔൺസ് സ്വർണത്തിന്റ് രാജ്യാന്തര വില 4380 ഡോളറിലേക്ക് എത്തിയിരുന്നു. നിലവിൽ സ്വർണത്തിന്റെ രാജ്യാന്തര വില ഔൺസിന് 4375 ഡോളറാണ്. രൂപയുടെ വിനിമയ നിരക്ക് 87.82 ആണ്. 

 

18 കാരറ്റ് സ്വർണത്തിനും ചരിത്രത്തിൽ ആദ്യമായി ഗ്രാമിന് 10,000 രൂപ കടന്നു. ഗ്രാമിന് 10,005 രൂപയും പവന് 80,040 രൂപയുമാണ് പതിനെട്ട് കാരറ്റ് സ്വർണത്തിൻ്റെ വില. വലിയ വിലയിലും സുരക്ഷിത നിക്ഷേപമായി കണ്ട് സ്വർണം വാങ്ങി കൂട്ടുന്ന പ്രവണതയുൾപ്പടെ നിലവിൽ വിലയിരുത്തപ്പടുന്ന രാജ്യാന്തര സാഹചര്യങ്ങളെല്ലാം സ്വർണവില വർധനയിൽ ഘടകങ്ങളാണ്. നിലവിൽ പ്രവചനാതീതമായാണ് സ്വർണവിലയുടെ പോക്കെന്നും വിദഗ്ധർ വിലയിരുത്തുന്നു.

 

10 ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍റെ ആഭരണത്തിന് ഒരുലക്ഷത്തിലേറെ രൂപ നല്‍കണം. 9736 രൂപയാണ് 10 ശതമാനം പണിക്കൂലിയായി നല്‍കേണ്ടത്. സ്വര്‍ണ വിലയോടൊപ്പം ഹാള്‍മാര്‍ക്കിങ് ചാര്‍ജായ 53 രൂപയും (45 രൂപ+ 18% ജിഎസ്ടി) മൂന്ന് ശതമാനം ജിഎസ്ടിയും അടങ്ങുന്നതാണ് സ്വര്‍ണാഭരണത്തിന്‍റെ വില. ഇന്നത്തെ നിരക്കില്‍ ഒരു പവന്‍റെ ആഭരണത്തിന് ഒരുലക്ഷത്തിലേറെ രൂപയാണ് നല്‍കേണ്ട തുക.

സ്വര്‍ണ വില ഇടിയുമോ?

ചെറിയ ഇടവേളയില്ലാതെ റെക്കോര്‍ഡ് തകര്‍ത്തുള്ള മുന്നേറ്റം ഇനി സാധ്യമല്ലെന്നാണ് വിശകലന വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. സ്വര്‍ണം അമിതമായി വാങ്ങിയ നില (Over Bought) യിലാണ്. അതിനാല്‍ അപകടസാധ്യത വർധിച്ചുവരികയാണെന്നാണ് സാങ്കേതിക വിശകലനം അടിസ്ഥാനമാക്കി വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. അതിവേഗം കുതിച്ചുയർന്ന സ്വര്‍ണത്തിന് 10 മുതല്‍ 15 ശതമാനം വരെയുള്ള വിലയിടിവ് ആരോഗ്യകരമായിരിക്കും എന്നും വിദഗ്ധര്‍ പറയുന്നു.

നിലവില്‍ ഡോളര്‍ സൂചിക മുന്‍ മാസങ്ങളേക്കാള്‍ നേട്ടത്തിലാണ്. ഡോളര്‍ നേട്ടമുണ്ടാക്കുന്നതും യു.എസിലെ ഭരണ സ്തംഭനം അവസാനിക്കുന്നതും ഒക്ടോബര്‍ യോഗത്തില്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കില്ല എന്ന തീരുമാനവും വന്നാല്‍ സ്വര്‍ണ വിലയില്‍ ഇടിവ് ഉണ്ടാകും എന്നും സ്വര്‍ണത്തെ നിരീക്ഷിക്കുന്ന വിദഗ്ധര്‍ സൂചിപ്പിക്കുന്നു. വില ഇടിവുണ്ടാവുകയാണെങ്കില്‍ 3,500 ഡോളര്‍ മുതല്‍ 3,600 ഡോളറിലേക്ക് സ്വര്‍ണ വില എത്തുമെന്നാണ് കരുതുന്നത്. ഇത് പുതിയ നിക്ഷേപകര്‍ക്ക് മികച്ച വിലയില്‍ സ്വര്‍ണം വാങ്ങാനുള്ള അവസരമാകും. അങ്ങനെയെങ്കില്‍ കേരളത്തിലെ വില വീണ്ടും 75,000 ത്തിന് അടുത്തേക്ക് എത്തും.

വില മുന്നോട്ട് തന്നെ

സാധ്യതയുള്ള തിരുത്തല്‍ (correction) താൽക്കാലികമാണെന്നും ട്രെൻഡ് റിവേഴ്സൽ (trend reversal) ആകില്ലെന്നും വിദഗ്ധരും അഭിപ്രായപ്പെടുന്നു. 2026 ന്‍റെ അവസാനത്തോടെ സ്വര്‍ണ വില ഔണ്‍സിന് 4,900 ഡോളറിലേക്ക് കുതിക്കുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്സ് നല്‍കുന്ന പ്രവചനം. കേന്ദ്ര ബാങ്കുകളുടെ തുടര്‍ച്ചയായ വാങ്ങലും ഇടിഎഫ് നിക്ഷേപവുമാണ് വിലയിലെ മുന്നേറ്റത്തിനുള്ള സാധ്യതയായി കാണിക്കുന്നത്. നിലവിലെ വിലയില്‍ നിന്നും 22.50 ശതമാനം നേട്ടമാണിത്.

ENGLISH SUMMARY:

Gold nears ₹1 lakh. In a record jump, the price of gold has increased by ₹2,840 per sovereign, reaching ₹97,360. The price per gram rose by ₹355 to ₹12,170 — crossing ₹12,000 for the first time. In just 17 days, gold prices have risen by ₹10,360. With a 10% making charge, the price of one sovereign ornament now exceeds ₹1 lakh. The making charge amounts to ₹9,736 per sovereign.