80,000 രൂപയും കടന്ന് കുതിപ്പ് തുടര്‍ന്ന് കേരളത്തിലെ സ്വര്‍ണ വില. ബുധനാഴ്ച 160 രൂപയുടെ വര്‍ധനയോടെ 81,040 രൂപയിലേക്ക് സ്വര്‍ണ വിലയെത്തി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 10,130 രൂപയായി. സെപ്റ്റംബറില്‍ ഒന്‍പത് ദിവസത്തിനിടെ ഗ്രാമിന് 510 രൂപയാണ് വര്‍ധിച്ചത്. 

രാജ്യാന്തര സ്വര്‍ണ വിലയും രൂപയുടെ മൂല്യമിടിഞ്ഞതുമാണ് സ്വര്‍ണ വിലയിലെ മുന്നേറ്റത്തിന് കാരണം. രാജ്യാന്തര സ്വര്‍ണ വില 3600 ഡോളര്‍ നിലവാരത്തിലാണ്. ട്രോയ് ഔണ്‍സിന് 3,624 ഡോളറിലാണ് വ്യാപാരം.  ഇന്നലെ 3673.95 ഡോളറില്‍ സ്വര്‍ണ വില റെക്കോര്‍ഡ് കുറിച്ചിരുന്നു. ഏഴ് ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലേക്ക് വീണ ഡോളര്‍ സൂചിക ഇന്ന് നേട്ടമുണ്ടാക്കി. ഇതോടെ രൂപ ഇടിവ് നേരിട്ടതാണ് കേരളത്തില്‍ സ്വര്‍ണ വില ഉയരാന്‍ കാരണം. ഇന്നലെ മൂല്യം 87 രൂപയിലേക്ക് എത്തിയെങ്കിലും 88.13 ലാണ് വ്യാപാരം അവസാനിച്ചത്. 

ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കും എന്ന പ്രതീക്ഷയാണ് സ്വര്‍ണ വിലയ്ക്ക് ഊര്‍ജമാകുന്നത്. ഈ ആഴ്ച വരാനിരിക്കുന്ന യു.എസ് പണപ്പെരുപ്പ നിരക്കിന് ശേഷം സ്വര്‍ണ വിലയില്‍ അടുത്ത ചലനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 

ഇന്നത്തെ സ്വര്‍ണ വിലയില്‍ ഒരു പവന്‍റെ സ്വര്‍ണാഭരണം വാങ്ങാന്‍ ചുരുങ്ങിയത് 92,000 രൂപ നല്‍കണം. 10 ശതമാനം പണിക്കൂലിയുള്ള ആഭരണത്തിന്‍റെ വിലയാണിത്. 53 രൂപ ഹാള്‍മാര്‍ക്കിങ് ചാര്‍ജ്, മൂന്നു ശതമാനം ജിഎസ്ടി എന്നിവ ചേര്‍ത്താണ് ജുവലറികള്‍ സ്വര്‍ണ വില ഈടാക്കുക. ഇതുപ്രകാരം ഒരു ലക്ഷം രൂപയ്ക്ക് ഒരു പവനും 0.71 ഗ്രാമും വാങ്ങാനാകും. 10 ശതമാനം പണിക്കൂലയില്‍ അഞ്ചു പവന്‍റെ സ്വര്‍ണാഭരണം വാങ്ങാന്‍ 4.60 ലക്ഷം രൂപയോളം വേണ്ടിവരും. അഞ്ച് ലക്ഷത്തിന് അ‍ഞ്ചു പവനും 3.56 ഗ്രാമും ലഭിക്കും.