Union Finance Minister Nirmala Sitharaman addresses the media regarding the 56th GST Council meeting, in New Delhi, Wednesday, Sept. 3, 2025.
ജിഎസ്ടി നിരക്കില്‍ വലിയ മാറ്റങ്ങളാണ് ജിഎസ്ടി 2.0 യില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. ജിഎസ്ടി സ്ലാബുകള്‍ 5%, 18% എന്നിങ്ങനെ രണ്ടെണ്ണമായി ചുരുക്കിയതോടെ പല ഉല്‍പ്പന്നങ്ങള്‍ക്കും വില കുറഞ്ഞു. എന്നാല്‍ വിലകയറ്റത്തിന്‍റെ അടിസ്ഥാനങ്ങളിലൊന്നായ പെട്രോള്‍ വിലയില്‍ വര്‍ഷങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്.
എന്തുകൊണ്ടാണ് ജിഎസ്ടി 2.0 യിലും പെട്രോളും ഡീസലും ഉള്‍പ്പെടാത്തത് എന്നതാണ് ചോദ്യം. ഈ ചോദ്യത്തിന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തന്നെ ഉത്തരം നല്‍കി. ഇത്തവണ പെട്രോളിനെയും ഡീസലിനെയും ഉള്‍പ്പെടുത്താത്തത് മനപൂര്‍വമാണെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. 'ഞങ്ങളിതിന് തയ്യാറാണ് എന്നാല്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണ്' എന്നാണ് ധനമന്ത്രിയുടെ നിലപാട്.
കേന്ദ്രം ചുമത്തുന്ന എക്സൈസ് ഡ്യൂട്ടിയും സംസ്ഥാനങ്ങളുടെ വാറ്റും അടങ്ങുന്നതാണ് പെട്രോള്‍, ഡീസല്‍ നികുതി. ഇരുസര്‍ക്കാറുകളും ഇതിലൂടെ വരുമാനം ഉണ്ടാക്കുന്നുണ്ട്. പെട്രോളിനെ ജിഎസ്ടിയിലേക്ക് കൊണ്ടുവരുന്നതോടെ ഇരുകൂട്ടര്‍ക്കും വലിയ വരുമാന നഷ്ടം ഉണ്ടാകും. ലിറ്റിന് 94.72 രൂപയ്ക്ക് പെട്രോള്‍ വില്‍ക്കുന്ന ഡല്‍ഹിയില്‍ നികുതി ഒഴികെയുള്ള വില 55.66 രൂപയാണ്. നികുതിയായി വരുന്ന തുക മുഴുവനും ഇരു സര്‍ക്കാറുകള്‍ക്കുമാണ് ലഭിക്കുന്നത്.
കണക്കുകള്‍ പ്രകാരം രാജ്യത്തിന്‍റെ പരോക്ഷ നികുതി വരുമാനത്തില്‍ 17 ശതമാനമാണ് പെട്രോള്‍, ഡീസല്‍ നികുതിയിലൂടെ ലഭിക്കുന്നത്. 2022-23 വര്‍ഷത്തില്‍ മാത്രം 5.50 ലക്ഷം കോടി രൂപ ഇന്ധന നികുതിയായി ലഭിച്ചു. ഇതാണ് സംസ്ഥാനങ്ങള്‍ പെട്രോള്‍, ഡീസല്‍ എന്നിവയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിക്കാതിരിക്കുന്നതിന്‍റെ കാരണം.
പെട്രോളിന് മുകളില്‍ ലിറ്ററിന് 13 രൂപയാണ് കേന്ദ്രം എക്സൈസ് ഡ്യൂട്ടി ഈടാക്കുന്നത്. ഡീസലിന് 10 രൂപയും. സംസ്ഥാനങ്ങള്‍ അനുസരിച്ച് ഈടാക്കുന്ന നികുതിയില്‍ മാറ്റം വരും. കേരളത്തില്‍ 30.08 ശതമാനമാണ് പെട്രോളിന് ഈടാക്കുന്ന വില്‍പ്പന നികുതി. ഇതിനൊപ്പം ലിറ്ററിന് ഒരു രൂപ അധിക വില്‍പ്പന നികുതിയും ഒരു ശതമാനം സെസും രണ്ടു രൂപ സമൂഹ്യ സുരക്ഷ സെസും ഈടാക്കും. ഡീസലിന് 22.76 ശതമാനാമാണ് വില്‍പ്പന നികുതി. ബാക്കി പെട്രോളിന് തുല്യം.
പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഉയര്‍ന്ന നിരക്കായ 18 ശതമാനത്തിലേക്കോ ആഡംബര നികുതിയായ 40 ശതമാനത്തിലോ ഉള്‍പ്പെടുത്തണം. ഇത് സര്‍ക്കാറുകള്‍ക്ക് വലിയ നികുതി നഷ്ടം വരുത്തിവെയ്ക്കും.