സ്വര്‍ണ വില കൂടുമോ കുറയുമോ? സ്വര്‍ണം വാങ്ങുന്നവര്‍ക്കെല്ലാം ഉത്തരം കിട്ടേണ്ട പ്രധാന ചോദ്യമാണിത്. സാധാരണക്കാരെ പോലെ വലിയ തോതില്‍ സ്വര്‍ണം വാങ്ങുന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ്. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ റിസര്‍വ് ബാങ്ക് സ്വര്‍ണ ശേഖരത്തിലേക്ക് ഒരു നുള്ള് പൊന്ന് പോലും കൂട്ടിച്ചേര്‍ത്തിട്ടില്ല.
ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, ഈ വർഷം മാർച്ച് അവസാനം മുതൽ മെയ് അവസാനം വരെ ആർബിഐയുടെ സ്വർണ നിക്ഷേപം 880 മെട്രിക് ടണ്ണായി തുടരുകയാണ്. റിസര്‍വ് ബാങ്ക് സ്വര്‍ണം വാങ്ങാത്ത ഏറ്റവും ദൈർഘ്യമേറിയ കാലയളവാണിതെന്നാണ് ഇക്കണോമിക്സ് ടൈംസിന്‍റെ റിപ്പോര്‍ട്ട്. 2023 ഒക്ടോബര്‍– ഡിസംബര്‍ കാലത്ത് 804 മെട്രിക് ടണ്ണില്‍ ഇന്ത്യയുടെ സ്വര്‍ണ ശേഖരം സ്ഥിരമായി നിന്നിരുന്നു.
സ്വര്‍ണ വില താഴേക്ക് പോകും എന്ന പ്രതീക്ഷയാണ് ഇതിനുകാരണമെന്നാണ് വിലയിരുത്തല്‍. രാജ്യാന്തര കാരണങ്ങളില്‍ കുഴഞ്ഞു മറിഞ്ഞ് അഞ്ചു വര്‍ഷത്തിനിടെ 80 ശതമാനത്തിലധികമാണ് സ്വര്‍ണ വില വര്‍ധിച്ചത്. സിറ്റി ഗ്രൂപ്പ്, മൊത്തിലാല്‍ ഒസ്വാള്‍ സെക്യൂരിറ്റീസ്, ഐസിഐസിഐ ബാങ്ക് എന്നിവ 3445 എന്ന നിലവാരത്തില്‍ നിന്നും സ്വര്‍ണ വില കുറയും എന്ന വിലയിരുത്തലാണ് നല്‍കിയിട്ടുള്ളത്. രാജ്യാന്തര സംഘര്‍ഷങ്ങള്‍ കുറയുന്നതും യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ കുറയ്ക്കാനുള്ള സാധ്യതയുമാണ് ഈ വിലയിരുത്തലുകള്‍ക്കുള്ള പിന്‍ബലം.
അതേസമയം കേന്ദ്ര ബാങ്കുകള്‍ വരും മാസങ്ങളില്‍ സ്വര്‍ണത്തോട് താല്‍പര്യം കാട്ടുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ നടത്തിയ സര്‍വെ പറയുന്നത്.
ഏകദേശം പകുതിയോളം കേന്ദ്ര ബാങ്കുകളിൽ നിന്നുള്ള പ്രതികരണങ്ങൾ ഉൾപ്പെടുത്തിയ പഠന പ്രകാരം അടുത്ത 12 മാസത്തിനുള്ളിൽ ഗോള്‍ഡ് ഹോൾഡിംഗ് വര്‍ധിപ്പിക്കുമെന്നാണ് 95 ശതമാനം പേരും കരുതുന്നത്.
രാജ്യാന്തര സ്വര്‍ണ വില ഈ ആഴ്ച 1.50 ശതമാനം നേട്ടത്തോടെയാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. 3,335.93 ഡോളറിലാണ് സ്പോട്ട് ഗോള്‍ഡ് വില. അവസാന ദിനം ഡോളര്‍ ഇടിഞ്ഞതാണ് സ്വര്‍ണത്തിന് നേട്ടമായത്.