സ്വര്‍ണ വിലയിലെ വെനസ്വേലന്‍ ഇഫക്ട് തുടരുന്നു. ആഴ്ചയിലെ മൂന്നാം ദിവസവും സ്വര്‍ണ വില മുന്നോട്ടാണ്. ബുധനാഴ്ച പവന് 480 രൂപ വര്‍ധിച്ച് 1,02,280 രൂപയിലെത്തി. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 12,785 രൂപയിലാണ് വ്യാപാരം. രാജ്യാന്തര വിലയില്‍ ലാഭമെടുപ്പ് നടക്കുമ്പോഴും കേരളത്തില്‍ വില കുതിക്കുകയാണ്. 

തിങ്കളാഴ്ച 1,00,760 രൂപയിലെത്തി വീണ്ടും ലക്ഷം കുറിച്ച സ്വര്‍ണ വില, ഒറ്റദിവസം കൊണ്ട് മൂന്നുതവണയാണ്  മുന്നേറിയത്. ചൊവ്വാഴ്ചയും കുതിച്ച  സ്വര്‍ണ വില മൂന്നു ദിവസം കൊണ്ട് 1,520 രൂപ വര്‍ധിച്ചു. ഇന്നത്തെ വിലയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 115,920 രൂപയോളം വരും. 

രാജ്യാന്തര വില താഴേക്ക്

വേനസ്വേലയുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കിടെ സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന പ്രധാന്യം തിരികെ വന്നിട്ടുണ്ട്. നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഗ്രീന്‍ലാന്‍ഡ് ലക്ഷ്യമാക്കുമെന്ന ട്രംപിന്‍റെ സൂചനകളും സ്വര്‍ണത്തിന് ഡിമാന്‍ഡ് ഉയര്‍ത്തി. ബുധനാഴ്ച ഏഷ്യന്‍ സെഷനിലെ വ്യാപാരത്തില്‍ 4,500 ഡോളറിലേക്ക് എത്തിയ സ്വര്‍ണ വില ലാഭമെടുപ്പിന് പിന്നാലെ താഴേക്കാണ്. വെനസ്വേലന്‍ സംഘര്‍ഷത്തിന് പിന്നാലെയുണ്ടായ കുതിപ്പില്‍ നിക്ഷേപകര്‍ ലാഭമെടുക്കുകയായിരുന്നു. 

ഡോളര്‍ രണ്ടാഴ്ചയിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിയതും സ്വര്‍ണ വിലയില്‍ സമ്മര്‍ദമുണ്ടാക്കി. നിലവില്‍ 4,476.60 ഡോളറിലാണ് ട്രോയ് ഔണ്‍സിന്‍റെ വില. ഇന്നലെ രാവിലെ 4,463 ഡോളറിലായിരുന്നു വ്യാപാരം. ഡോളറിനെതിരെ രൂപ രണ്ടു പൈസ ഇടിഞ്ഞ് 90.20 നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്. യു.എസിലെ തൊഴില്‍ കണക്ക് ഇന്ന് പുറത്തുവരും. ഇതിലെ സൂചനകള്‍ വരുന്ന ഫെഡ് യോഗത്തിലെ പലിശ തീരുമാനത്തെ സ്വാധീനിക്കും. 

യു.എസ് വെനസ്വേല കരാര്‍

2 ബില്യണ്‍ (200 കോടി) ഡോളര്‍ മൂല്യമുള്ള വെനസ്വേലൻ ക്രൂഡ് ഓയിൽ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ ഇരുരാജ്യങ്ങളും തമ്മിൽ കരാറിലെത്തിയതായി ട്രംപ് അറിയിച്ചു. വെനസ്വേന്‍ എണ്ണ യു.എസ് എണ്ണ കമ്പനികള്‍ക്ക് തുറന്നുകൊടുക്കണം എന്ന ട്രംപിന്‍റെ ആവശ്യത്തോടെ ഇടക്കാല സര്‍ക്കാര്‍ അനുകൂലമാണെന്നതിന്‍റെ സൂചനയാണ് കരാര്‍. ഇതോടെ കൂടുതല്‍ സൈനിക നടപടി എന്ന ആശങ്ക ഒഴിയുകയാണ്. 

ENGLISH SUMMARY:

Gold price surged due to the Venezuela effect, reaching new heights. The escalating tensions and safe-haven demand are driving the price increase, while international markets experience profit-taking.