യൂറോപ്യന്‍ രാജ്യങ്ങള്‍ യുഎസില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ ശേഖരം സ്വന്തം രാജ്യങ്ങളിലേക്ക് മാറ്റാണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. യു.എസ് ഫെഡറല്‍ റിസര്‍വിനെ ലക്ഷ്യമിട്ടുള്ള ട്രംപിന്‍റെ നീക്കവും തലതിരിഞ്ഞ സാമ്പത്തിക നയങ്ങളും വര്‍ധിച്ചു വരുന്ന രാജ്യാന്തര സംഘര്‍ഷങ്ങളുമാണ് ജര്‍മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളെ മാറ്റി ചിന്തിപ്പിക്കുന്നത്. 

യുഎസ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ ശേഖരമുള്ള രാജ്യങ്ങളാണ് ജര്‍മനിയും ഇറ്റലിയും. 3,352 ടണ്‍ സ്വര്‍ണമാണ് ജര്‍മനിക്ക് സ്വന്തമായുള്ളത്. 2,452 ടണ്‍ വരും ഇറ്റലിയുടെ സ്വര്‍ണ ശേഖരം. എന്നാല്‍ ഇരു രാജ്യങ്ങളും സ്വന്തം സ്വര്‍ണത്തിന്‍റെ ഭൂരിഭാഗവും മാൻഹട്ടനിലെ ന്യൂയോര്‍ക്ക് ഫെഡറല്‍ റിസര്‍വിലാണ് സൂക്ഷിച്ചിരിക്കുന്നത്. നിലവിലെ വിപണി വില പ്രകാരം 245 ബില്യണ്‍ ഡോളര്‍ അഥവാ 24,000 കോടി ഡോളറിന്‍റെ മൂല്യമുണ്ടിതിന്. 

ചരിത്രപരമായ കാരണങ്ങളാലും ഇറക്കുമതി സ്വര്‍ണത്തിന്‍റെ പ്രധാന ഹബ്ബായതിനാലുമാണ് ന്യൂയോര്‍ക്കിനെ സ്വര്‍ണ ശേഖരം ഏല്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ട്രംപിന്‍റെ കിറുക്കന്‍ നയങ്ങളും വര്‍ധിച്ചുവരുന്ന രാജ്യാന്തര സംഘര്‍ഷങ്ങളും കാരണം ഇക്കാര്യത്തില്‍ പുനര്‍ചിന്തനം നടത്തണമെന്നാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉയര്‍ന്നുവരുന്ന ചര്‍ച്ച. യുഎസ് സെൻട്രൽ ബാങ്ക് വായ്പാ ചെലവ് കുറച്ചില്ലെങ്കിൽ തനിക്ക് എന്തെങ്കിലും ചെയ്യേണ്ടി  വരുമെന്ന് ഈ മാസമാദ്യം ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. 

യുഎസിലുള്ള സ്വര്‍ണം തിരികെ എത്തിക്കണമെന്നതില്‍ ജര്‍മനയില്‍ രാഷ്ട്രീയ പിന്തുണയും ലഭിച്ചിട്ടുണ്ട്. രാജ്യത്തിന്‍റെ സ്വർണ ശേഖരം സംരക്ഷിക്കുന്ന കാര്യത്തിൽ ജര്‍മന്‍ കേന്ദ്ര ബാങ്കായ ബുണ്ടസ്ബാങ്ക് കുറുക്കുവഴികളൊന്നും സ്വീകരിക്കേണ്ടതില്ലെന്ന് ജര്‍മന്‍ രാഷ്ട്രീയ നേതാവും മുൻ കൺസർവേറ്റീവ് എംപിയായ പീറ്റർ ഗൗവെയ്‌ലർ പറഞ്ഞു. ഇതേ ആവശ്യം ഉന്നയിച്ച് യൂറോപ്യന്‍ ടാക്സ്പേഴേയ്സ് അസോസിയേഷന്‍ ജര്‍മനിയിലെയും ഇറ്റലിയിലെയും ധനകാര്യ മന്ത്രിമാര്‍ക്കും കേന്ദ്ര ബാങ്കുകള്‍ക്കും കത്തയിച്ചിട്ടുണ്ട്. 

യു.എസ്, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, ചൈന, സ്വിറ്റസര്‍ലാന്‍ഡ്, ഇന്ത്യ രാജ്യങ്ങളാണ് സ്വര്‍ണ ശേഖരത്തില്‍ മുന്നിലുള്ളത്. ഭൂരിഭാഗവും ന്യൂയോര്‍ക്കിലും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെ ലോക്കറിലുമാണ് സ്വര്‍ണ ശേഖരം സൂക്ഷിക്കുന്നത്. 2024 ല്‍ ഇന്ത്യ ലണ്ടനില്‍ നിന്നും 200 മെട്രിക്ക് ടണ്‍ സ്വര്‍ണം തിരിെക നാട്ടിലെത്തിച്ചിരുന്നു. 2023 ല്‍ റഷ്യയുടെ സ്വര്‍ണം ഉള്‍പ്പടെയുള്ള ആസ്തികള്‍ യുഎസും സഖ്യകക്ഷികളും തടഞ്ഞുവച്ചിരുന്നു

ENGLISH SUMMARY:

Growing international tensions and Trump's economic policies are prompting European nations like Germany and Italy to demand the repatriation of their significant gold reserves held in the US Federal Reserve, a move worth over $245 billion.