കേരനാട്ടില്‍ ജീവിക്കുന്ന മലയാളികള്‍ക്ക് പൊന്നുംവില കൊടുത്ത് വെളിച്ചെണ്ണ വാങ്ങേണ്ട അവസ്ഥയാണ്. ദിനംപ്രതിയാണ് വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്നത്. ഒരാഴ്ചക്കുള്ളില്‍ 81രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഒരുകിലോഗ്രാം വെളിച്ചെണ്ണയുടെ പരമാവധി വില്‍പ്പന വില 400 മുതല്‍ 450 രൂപ വരെ ഉയര്‍ന്നിട്ടുണ്ട്. തമിഴ്നാട്ടിലും കര്‍ണാടകയിലും തേങ്ങ ഉല്‍പ്പാദനം കുറഞ്ഞതോടെ കൊപ്ര കിട്ടാനില്ലാതായതാണ് വിലക്കയറ്റത്തിന് കാരണം.
കൊപ്രയുടെ ക്ഷാമം പരിഹരിക്കാന്‍ സമയം എടുക്കുന്നതിനാല്‍ സെപ്റ്റംബര്‍ വരെ വിലയില്‍ കുറവുണ്ടാകാന്‍ സാധ്യതയില്ല. തമിഴ്നാട്ടില്‍ നിന്നുള്ള കൊപ്രയുടെ വരവ് ഗണ്യമായി കുറഞ്ഞതോടെ ചെറുകിട വെളിച്ചെണ്ണ മില്ലുകള്‍ ഉള്‍പ്പടെ ഉല്‍പ്പാദനം വന്‍തോതില്‍ കുറച്ചു. മഴക്കാലത്ത് ആവശ്യക്കാരേറുന്ന ചിപ്സിന്‍റെ വില്‍പ്പനയെയും വെളിച്ചെണ്ണയുടെ വിലവര്‍ധനവ് കാര്യമായി ബാധിച്ചിട്ടുണ്ട്.
കേര ഫെഡിന്‍റെ കേര വെളിച്ചെണ്ണക്ക് ഒരാഴ്ചക്കിടെ വര്‍ധിച്ചത് 69 രൂപയാണ്. വില വര്‍ധനവോടെ ചില്ലറ വില്‍പ്പനയില്‍ 30 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വില വര്‍ധനക്ക് പിന്നാലെ ഡിമാന്‍ഡും വില്‍പ്പനയും വര്‍ധിച്ചെന്നാണ് കേര ഫെഡ് എം.ഡി പറയുന്നത്.