യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം അയഞ്ഞതോടെ കുറയുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 880 രൂപ വര്‍ധിച്ച് 69,760 രൂപയിലാണ് വെള്ളിയാഴ്ചയിലെ വില. ഗ്രാമിന് 110 രൂപ വര്‍ധിച്ച് 8720 രൂപയായി. മേയില്‍ 73,040 രൂപയിലെത്തിയ സ്വര്‍ണ വില 4,000 രൂപയില്‍ മുകളില്‍ ഇതുവരെ ഇടിഞ്ഞിട്ടുണ്ട്.
യുഎസ്– ചൈന വ്യാപാര ബന്ധത്തിന്‍റെ പ്രതീക്ഷകള്‍ക്കിടയില്‍ വ്യാഴാഴ്ച ഒരു മാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് എത്തിയ സ്വര്‍ണ വിലയാണ് ഇന്ന് തിരികെ കയറിയത്. വാഴാഴ്ച രാവിലെ 3130 ഡോളറിലായിരുന്നു ട്രോയ് ഔണ്‍സിന് 3213 ഡോളറാണ് ഇന്നത്തെ വില. യുഎസിലെ ദുർബലമായ ഉപഭോക്തൃ ചെലവ് ഡാറ്റ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചേക്കാം എന്ന സാധ്യതയ്ക്ക് പിന്തുണ നല്‍കുന്നുണ്ട്. ഇതിനൊപ്പം ഡോളറും ബോണ്ട് യീല്‍ഡും താഴുന്നതും സ്വര്‍ണ വില മുന്നേറാനുള്ള കാരണങ്ങളാണ്.
ഇന്നത്തെ വിലയില്‍ 10 ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 80,000 രൂപയ്ക്ക് അടുത്ത് ചെലവാക്കണം. സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവ ചേർത്തുള്ള വിലയാണിത്.
69,760 രൂപയുടെ 10 ശതമനമായ 6976 രൂപയാണ് പണിക്കൂലി. 54 രൂപ ഹാള്‍മാര്‍ക്കിങ് ചാര്‍ജ് ഈടാക്കും. 76,789 രൂപയാണ് ഇടക്കമുള്ള വില. മൂന്ന് ശതമാനം ജിഎസ്ടിയായ 2,303 രൂപ ചേര്‍ക്കുമ്പോള്‍ മൊത്തം നല്‍കേണ്ട വില 79,092 രൂപയാണ്. സ്വർണാഭരണത്തിന്‍റെ ഡിസൈൻ അനുസരിച്ചാകും പണിക്കൂലി ചുമത്തുക. 5, 10 ശതമാനം പണിക്കൂലിയിൽ സാധാരണ സ്വർണാഭരണം ലഭിക്കും.