രാജ്യാന്തര വിലയില്‍ കയറ്റിറക്കങ്ങള്‍ കാണിക്കുമ്പോഴും മാറ്റമില്ലാതെ കേരളത്തിലെ സ്വര്‍ണ വില. പവന് 70,400 രൂപയാണ് ശനിയാഴ്ചയിലെ വില. ഗ്രാമിന് 8755 രൂപ. തിങ്കളാഴ്ച 71,520 രൂപയായിരുന്ന സ്വര്‍ണ വിലയില്‍ ഒരാഴ്ചയ്ക്കിടയിലെ വ്യത്യാസം 1,120 രൂപയാണ്. ഏപ്രില്‍ 22 ന് 74,320 രൂപയിലെത്തിയ ശേഷം ഏറിയും കുറഞ്ഞും സ്വര്‍ണ വില താഴേക്ക് പതിക്കുകയാണ്.
യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം കുറയുന്നതിന്‍റെ സൂചനയ്ക്കിടെ കഴിഞ്ഞാഴ്ചകളിലായി സ്വര്‍ണ വില കുറയുകയാണ്. പ്രധാന വ്യാപാരിയായ ചൈനയിലെ അവധിയും സ്വര്‍ണ വിലയെ സ്വാധീനിച്ചു. വ്യാഴാഴ്ച സ്വര്‍ണ വില 3216.41 ഡോളറിലേക്ക് താഴ്ന്നിരുന്നു. ഏപ്രില്‍ 14 ന് ശേഷമുള്ള താഴ്ന്ന നിലവാരണിത്. ഈ താഴ്ന്ന നിലവാരത്തില്‍ നിന്നും മുന്നേറിയ സ്വര്‍ണ വില 3241 ഡോളറിലാണ്. ഏപ്രില്‍ 22 ന് രേഖപ്പെടുത്തിയ 3500 ഡോളറാണ് സര്‍വകാല ഉയരം.
യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ താരിഫ് ഭീതി ഒഴിയുന്നു എന്ന സൂചനകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നു. ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയുമായി വ്യാപാര കരാറുകളിൽ എത്താൻ കഴിയുമെന്ന് ട്രംപ് പറഞ്ഞു. ചൈനയുമായി കരാറിലെത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചർച്ചകൾ നടത്താൻ യുഎസ് ചൈനയെ സമീപിച്ചിട്ടുണ്ടെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ അക്കൗണ്ടും വ്യക്തമാക്കി. ഇതെല്ലാം വില കുറയാന്‍ കാരണമായി. ഇതിനൊപ്പം പ്രധാന വ്യാപാരിയായ ചൈനയിലെ വിപണി അവധിയും സ്വര്‍ണ വിലയെ താഴേക്ക് എത്തിച്ചു. മേയ്1 മുതല്‍ അഞ്ചു വരെ ചൈനയില്‍ ലേബര്‍ ഡേ അവധിയാണ്. സ്വര്‍ണ വിപണിയിലെ പ്രധാന വ്യാപാരിയായ ചൈനയില്‍ വാങ്ങല്‍ കുറഞ്ഞത് സ്വര്‍ണ വിലയെ ബാധിച്ചു.
പുതുതായി 1.35 ലക്ഷം പേർക്ക് തൊഴിൽ ലഭിക്കുമെന്നായിരുന്നു ആദ്യ വിലയിരുത്തലുകൾ. എന്നാൽ, കഴിഞ്ഞ മാസത്തില്‍ 1.77 ലക്ഷം തൊഴിലവസരം ഉണ്ടായെന്നാണ് ലേബർ ഡിപ്പാർട്ട്മെന്റ് കണക്ക്. തൊഴിലില്ലായ്മനിരക്ക് 4.2 ശതമാനത്തിൽ തുടരുകയാണെന്നും വകുപ്പ് വ്യക്തമാക്കി.1.35 ലക്ഷം തൊഴിലവസരമാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചത്.
സമ്പദ്‍വ്യവസ്ഥ മെച്ചപ്പെടുന്നതിന്‍റെ സൂചനയായതിനാല്‍ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുന്നത് വൈകിപ്പിക്കാന്‍ ഫെഡറല്‍ റിസര്‍വിനാകും. ഇത് സ്വര്‍ണ വില കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ വില കുറയേണ്ടതിന് പകരം നേരിയ മുന്നേറ്റമാണ് രാജ്യാന്തര വിലയിലുണ്ടായത്. ഓരോ ഇടിവിലും നിക്ഷേപകര്‍ വാങ്ങുന്ന പ്രവണത തുടരുന്നതാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്.