മേയ് മാസത്തില്‍ രണ്ടാം ദിനവും സ്വര്‍ണവില കുറഞ്ഞു. പവന് ഇന്ന് 160 രൂപ കുറഞ്ഞ് 70,040 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 8755 രൂപയായി. ഇന്നലെ പവന് ഒറ്റയടിക്ക് 1640 രൂപയാണ് കുറഞ്ഞത്. ട്രെന്‍ഡ് ഇങ്ങനെയാണെങ്കില്‍ സ്വർണവില ദിവസങ്ങള്‍ക്കകം 70,000ന് താഴെ എത്തുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ. ഇപ്പോള്‍ വാങ്ങണോ അതോ ഇനിയും കാത്തിരിക്കണോ എന്ന സംശയത്തിലാണ് മിക്കവരും.
ഏപ്രില്‍ 22 നാണ് സ്വര്‍ണവില ഏറ്റവും വലിയ ഉയരത്തിലെത്തിയത്. പവന് 74,320 രൂപയായിരുന്നു വില. പിന്നാലെ ഏപ്രില്‍ 23ന് നേരിയ ഇടിവുണ്ടായി. ഏപ്രില്‍ 24 മുതല്‍ 27 വരെ സ്ഥിരത പുലര്‍ത്തിയ സ്വര്‍ണവില ഏപ്രില്‍ 28നാണ് കുറഞ്ഞത്. അക്ഷയ തൃതീയ ദിവസമായ ഏപ്രില്‍ 30ന്റെ തലേന്ന് നേരിയ രീതിയില്‍ വര്‍ധനയുണ്ടായെങ്കിലും പിന്നീട് വര്‍ധനയുണ്ടായില്ല. മേയ് ഒന്നിന് ഒറ്റയടിക്ക് 1640 രൂപ കുറയുകയും ചെയ്തു. ഏപ്രില്‍ 22 ന് ശേഷം ഇതുവരെ ഇടിഞ്ഞത് നാലായിരം രൂപയിലധികമാണ്. ALSO READ: കരകയറി രൂപ; വിനിമയനിരക്ക് 6 മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ ...
യുഎസും ചൈനയും തമ്മിലുള്ള താരിഫ് സംഘർഷങ്ങൾ ലഘൂകരിക്കപ്പെടുന്നതിന്‍റെ സൂചനകളാണ് സ്വര്‍ണവിലയിലും പ്രകടമാകുന്നത്. ഇന്നലെ യുഎസ് ഡോളര്‍ ചെറിയ തിരിച്ചുവരവ് കാണിച്ചിരുന്നെങ്കിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. അതേസമയം ഡോളറുമായുള്ള വിനിമയനിരക്കില്‍ രൂപ കരുത്താര്‍ജിക്കുകയാണ്. ഇന്നുരാവിലെ വിപണി തുറന്നപ്പോള്‍ വിനിമയനിരക്ക് ഒരു ഡോളറിന് 83.83 രൂപ എന്ന നിലയിലെത്തി. വ്യാഴാഴ്ച അവസാനിച്ച സെഷനില്‍ ക്ലോസ് ചെയ്ത നിരക്കില്‍ (84.49) നിന്ന് 0.7 ശതമാനം കൂടുതലാണിത്. 2024 ഒക്ടോബറിനുശേഷം ആദ്യമായാണ് രൂപയുടെ നിരക്ക് 84ന് താഴെയെത്തുന്നത്. ഈയാഴ്ച മാത്രം രൂപയുടെ വിനിമയനിരക്കില്‍ 2 ശതമാനം വര്‍ധനയുണ്ടായി.