വിവാഹാവശ്യങ്ങള്‍ക്കും വലിയ അളവില്‍ സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്കും ആശ്വാസമായി തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില കുറഞ്ഞു. വ്യാഴാഴ്ച കേരള വിപണിയില്‍ പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ 72,040 രൂപയിലാണ് സ്വര്‍ണ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 9,005 രൂപയിലാണ് സ്വര്‍ണ വില.
ഏപ്രില്‍ 22 ന് സ്വര്‍ണ വില 74,320 രൂപയിലേക്ക് എത്തിയ ശേഷം തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ വില കുറയുന്നത്. ബുധനാഴ്ച 2200 രൂപ കുറഞ്ഞാണ് 72120 രൂപയിലേക്ക് സ്വര്‍ണ വില എത്തിയത്. ഇതോടെ രണ്ടു ദിവസത്തിനിടെ കുറഞ്ഞത് 2,280 രൂപ.
രാജ്യാന്തര സ്വര്‍ണ വില ഒരാഴ്ചത്തെ താഴ്ന്ന നിലവാരത്തില്‍ നിന്നും തിരിച്ചുകയറിയതും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും കാരണമാണ് ചെറിയ തോതില്‍ വില കുറഞ്ഞത്. രാജ്യാന്തര വിലയിലുണ്ടായ കനത്ത ഇടിവില്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങികൂട്ടിയതാണ് വില തിരിച്ചു കയറാന്‍ കാരണം.
ചൊവ്വാഴ്ച 3509 ഡോളറിലെത്തി റെക്കോര്‍ഡ് കുറിച്ച ശേഷം രാജ്യാന്തര സ്വര്‍ണ വില വലിയ ഇടിവിലേക്ക് പോയിരുന്നു. ബുധനാഴ്ച മാത്രം ഏകദേശം 143 ഡോളറിന്‍റെ ഇടിവ് സ്വര്‍ണ വിലയിലുണ്ടായി. ഒരാഴ്ചയ്ക്കിടയിലെ താഴ്ചയിലേക്ക് പോയതോടെ വില ഇടിവ് അവസരമാക്കി നിക്ഷേപകര്‍ സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയതോടെ വില തിരികെ കയറുകയായിരുന്നു.
3,263 ഡോളറിലേക്ക് താഴ്ന്ന രാജ്യാന്തര വില നിലവില്‍ 3326 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. ഇല്ലായിരുന്നെങ്കില്‍ വലിയ ഇടിവ് സ്വര്‍ണ വിലയില്‍ ഉണ്ടായിരുന്നേനെ. തുടര്‍ച്ചയായ ഇടിവിന് ശേഷം രൂപയുടെ ഡോളറുമായുള്ള വിനിമയ നിരക്ക് താഴേക്ക് പോയി. ഇതും ഇടിവ് കുറച്ചു. ഡോളര്‍ ശക്തിപ്പെട്ടതോടെ രൂപ 85.42 നിലവാരത്തിലേക്ക് വീണു.
യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിനെ പുറത്താക്കില്ലെന്ന പ്രസിഡന്‍റ ഡോണള്‍ഡ് ട്രംപിന്‍റെ ഉറപ്പും ചൈനയുമായുള്ള വ്യാപാര യുദ്ധത്തില്‍ ചര്‍ച്ചകള്‍ക്ക് സാധ്യതയെന്ന സൂചനകളുമാണ് സ്വര്‍ണ വിലയെ താഴേക്ക് എത്തിച്ചത്. യുഎസും ചൈനയും തമ്മിലുള്ള ഉയർന്ന താരിഫ് സുസ്ഥിരമല്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ബുധനാഴ്ച പറഞ്ഞിരുന്നു