ഒരു തരി പൊന്നിന് പോലും തീപിടിക്കുന്ന വില, രാജ്യാന്തര സ്വര്‍ണ വില വീണ്ടും കുതിപ്പിന്‍റെ ട്രാക്കിലാണ്. ചൊവ്വാഴ്ച വൈകിട്ടോടെ സ്വര്‍ണ വിലയില്‍ വലിയ കുതിപ്പാണ് ഉണ്ടായത്. രാവിലെ 3014 ഡോളറിലായിരുന്ന രാജ്യാന്തര വില നിലവില്‍ 3033 ഡോളറിലാണ്. 3037 ഡോളറിലെത്തി വില പുതിയ ഉയരവും കുറിച്ചു. 2025 ല്‍ മാത്രം 14 ശതമാനം വര്‍ധനവാണ് വിലയിലുണ്ടായത്. ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്‍റായി അധികാരമേറ്റ ശേഷം 14 തവണ സ്വര്‍ണ വില റെക്കോര്‍ഡ് ഉയരം കുറിച്ചു.
രാവിലെ കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി പവന് 66,000 രൂപയിലെത്തിയിരുന്നു. 320 രൂപയാണ് ചൊവ്വാഴ്ച കൂടിയത്. ഗ്രാമിന് 40 രൂപ വർധിച്ച് 8,250 രൂപ എന്ന പുതിയ റെക്കോര്‍ഡും തീര്‍ത്തു. പുതിയ രാജ്യാന്തര വില പ്രകാരം കേരളത്തില്‍ നാളെ വില കുതിക്കാന്‍ സാധ്യതയുണ്ട്. അതേസമയം ഡോളറിനെതിരെ രൂപ മെച്ചപ്പെട്ടത് സ്വര്‍ണ വിപണിക്ക് നേരിയ ആശ്വാസമാണ്.
വില ഉയരാന്‍ കാരണം
മിഡില്‍ഈസ്റ്റില്‍ നടക്കുന്ന സംഘര്‍ഷങ്ങളും യുഎസ് സമ്പദ്‍വ്യവസ്ഥയെ ചുറ്റിപറ്റിയുള്ള ആശങ്കകളുമാണ് സ്വര്‍ണ വിലയ്ക്ക് തീപിടിപ്പിക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ ഇസ്രയേല്‍ ഹമാസിനെ ലക്ഷ്യമാക്കി ഗാസയില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 100 ഓളം പേരാണ് കൊല്ലപ്പെട്ടത്. പകരമായി 59 ബന്ദികളെ വിട്ടയക്കാനുള്ള തീരുമാനത്തില്‍ നിന്നും ഹമാസ് പിന്മാറി.
മിഡില്‍ഈസ്റ്റില്‍ സംഘര്‍ഷം നടക്കുന്നതിനിടെ ഇന്‍റലിജന്‍സ് വിവരം ശേഖരിക്കുന്ന ഇറാനിയന്‍ കപ്പല്‍ യുഎസ് സൈന്യം മുക്കിയതായി സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. കഴിഞ്ഞ ആഴ്ച മുതല്‍ യെമനില്‍ ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ക്കെതിരെ യുഎസ് വ്യോമാക്രമണം നടത്തുകയാണ്. ഈ സംഘര്‍ഷങ്ങളുടെ അടിസ്ഥാനത്തില്‍ സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന ഡിമാന്‍റ് ഉയര്‍ന്നത് വില കൂടാനുള്ള പ്രധാന കാരണം.
ട്രംപിന്‍റെ താരിഫ് ഭീഷണിയും സ്വര്‍ണത്തിന് അനുകൂലമായി നിലനില്‍ക്കുന്നുണ്ട്. അതിനിടെ യുഎസ് റീട്ടെയില്‍ വില്‍പ്പന ഡാറ്റ പുറത്തുവന്നതോടെ സമ്പദ്‍വ്യവസ്ഥ മന്ദഗതിയിലാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഡോളര്‍ വീണ്ടും അയഞ്ഞതോടെ സ്വര്‍ണ വില മുന്നേറ്റത്തിനുള്ള ഊര്‍ജമെടുത്തു. ബുധനാഴ്ച ചേരുന്ന യുഎസ് ഫെഡറല്‍ റിസര്‍വ് യോഗം പലിശ നിരക്ക് കുറയ്ക്കുമോ എന്ന അനിശ്ചിതത്വവും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്.
എത്രവരെ പോകും
വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് വിശകലന വിദഗ്ധരുടെ അഭിപ്രായത്തില്‍ സ്വര്‍ണ വിലയുടെ 2025 ലെ ലക്ഷ്യമായി കണക്കാക്കിയിരുന്നത് 3,000 ഡോളറായിരുന്നു. എന്നാല്‍ മൂന്ന് മാസം പിന്നിടുമ്പോഴേക്കും ഈ നാഴികകല്ല് പിന്നിട്ടതോടെ പലരും പ്രവചനം തിരുത്തിയിട്ടുണ്ട്. സ്വിറ്റ്‍സര്‍ലാന്‍ഡില്‍ നിന്നുള്ള യുബിഎസ് ഗ്രൂപ്പ് എജിയുടെ വിലയിരുത്തലില്‍ 3,200 ഡോളറാണ് സ്വര്‍ണ വിലയുടെ കുതിപ്പ് പ്രതീക്ഷിക്കുന്നത്.
3,200 ഡോളറിലേക്ക് രാജ്യാന്തര വില എത്തിയാല്‍ കേരളത്തിലെ സ്വര്‍ണ വില 70,000 ഡോളര്‍ കടക്കും.