gold-nirmala-sitharaman

സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് അടുത്തൊന്നും നല്ലകാലം തെളിയാന്‍ പോകുന്നില്ല! ഒരു വശത്ത് ട്രംപും മറുവശത്ത് ബജറ്റും സ്വര്‍ണ വിലയെ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമോ?. യു.എസില്‍ ട്രംപ് പൊട്ടിക്കുന്ന ഓരോ വെടിക്കും സ്വര്‍ണ വില ഉയരുന്നു. നാളെ ബജറ്റ് അവതരിപ്പിക്കാനിരിക്കെ സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ കൂട്ടിയേക്കാം എന്ന അഭ്യൂഹം ശക്തമാണ്. അങ്ങനെയെങ്കില്‍ കേരളത്തില്‍ വില ഇനിയും കുതിക്കുമെന്നുറപ്പ്. 

Also Read: വര്‍ധന 1,000 രൂപയ്ക്ക് അടുത്ത്; സ്വര്‍ണ വില 61,000 കടന്ന് കുതിപ്പ്

കുറഞ്ഞ നികുതി

2024 ലെ ബജറ്റില്‍ സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ ഒന്‍പത് ശതമാനമാണ് കുറച്ചത്. 15 ശതമാനമായിരുന്ന നികുതി ആറിലേക്ക് ചുരുക്കി. ചരിത്രത്തിലെ ഏറ്റവും വലിയ കുറവ്. 2013 ന് ശേഷം ആദ്യമായാണ് ഇറക്കുമതി ഡ്യൂട്ടി 10 ശതമാനത്തിനും താഴെ എത്തുന്നത്.  എന്നാല്‍ 

ഡ്യൂട്ടി കുറച്ചതോടെ സ്വര്‍ണ ഉപഭോഗം കൂടി. കയറ്റുമതിയില്‍ കാര്യമായ വര്‍ധനവില്ല. ഇത് ധനകമ്മി വര്‍ധിക്കുന്നതിന് കാരണമായി. ഇതോടെ  2025 ലെ ബജറ്റില്‍ ഈ തീരുവയില്‍ കേന്ദ്രം മനം മാറ്റുമെന്നാണ് സൂചന. 

ഇറക്കുമതി കൂടി

നവംബറിലെ സ്വര്‍ണ ഇറക്കുമതി 14.8 ബില്യണ്‍ ഡോളറാണ്. മൊത്തം ഇറക്കുമതിയുടെ 21 ശതമാനത്തോളം സ്വര്‍ണമാണ്. ലോകത്തെ രണ്ടാമത്തെ വലിയ സ്വര്‍ണ ഉപഭോഗ രാജ്യമാണ് ഇന്ത്യ. ആവശ്യത്തിന്‍റെ ഭൂരിഭാഗവും രാജ്യം ഇറക്കുമതി ചെയ്യുന്നു. ഡ്യൂട്ടി കുറച്ചതോടെ വില കുറഞ്ഞതാണ് സ്വര്‍ണ ഇറക്കുമതി കൂടിയത്. 

2024 ല്‍ ഇറക്കുമതി തീരുവ കുറഞ്ഞതോടെ ഓഗസ്റ്റിലെ സ്വര്‍ണ ഇറക്കുമതിയില്‍ 104 ശതമാനത്തിന്‍റെ വര്‍ധന ഉണ്ടായി. 136 ടണ്‍ സ്വര്‍ണമാണ് ഓഗസ്റ്റില്‍ ഇറക്കുമതി ചെയ്തത്. അതിനാല്‍ ഇറക്കുമതി നിയന്ത്രണത്തിലാക്കാന്‍ കസ്റ്റംസ് തീരുവ ഉയര്‍ത്തുമെന്നൊരു ആശങ്ക വിപണിയിലുണ്ട്. അങ്ങനെയെങ്കില്‍ ഇത് സ്വര്‍ണ വിലയെ ബാധിക്കും.

 Also Read: കയ്യില്‍ കൂടുതല്‍ പണമെത്തും; അടിസ്ഥാന ഇളവ് പരിധി 5 ലക്ഷമാകും; ആദായ നികുതിയില്‍ പൊളിച്ചെഴുത്തോ?

വില കുതിക്കുമോ?

ഇറക്കുമതി തീരുവയില്‍ ചെറിയ മാറ്റം വരുത്തിയാല്‍ ഇത് വിലയെ കാര്യമായി ബാധിക്കും. വിലകയറ്റത്തിനും കള്ളക്കടത്ത് കൂടാനും വിപണിയെ പിന്നോട്ടടിക്കാനും കാരണമാകുമെന്നുമാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്‍റെ നിലപാട്. കഴിഞ്ഞ ബജറ്റില്‍ വില കുറച്ചതോടെ 3,500 രൂപയോളമാണ് പവന് കുറഞ്ഞത്.

ഇറക്കുമതി തീരുവ കൂട്ടിയാല്‍ 64,000 രൂപയ്ക്ക് അടുത്തേക്ക് സ്വര്‍ണ വില എത്തിയേക്കാം. ട്രംപിന്‍റെ താരിഫ് നയങ്ങള്‍ വരുന്നതിനിടെ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തിന് വിലയേറുകയാണ്. ഇന്ന് അഞ്ച് ശതമാനം പണിക്കൂലിയുള്ള ആഭരണം വാങ്ങാന്‍ 66,935 രൂപ വേണം. ഇതിന്‍റെ കൂടെ ഇറക്കുമതി നികുതി ഭാരം കൂടി വരുമ്പോള്‍ സാധാരണക്കാരന് കയ്യിലെത്താത്ത നിലയിലേക്ക് സ്വര്‍ണം കുതിക്കും. 

Also Read: 122% വരെ ലാഭം; ‌സ്വര്‍ണം വാങ്ങാനുള്ള മികച്ചൊരു വഴി; ബജറ്റില്‍ തിരിച്ചുവരുമോ സോവറിന്‍ ഗോള്‍‍ഡ് ബോണ്ട് 

സ്വര്‍ണ വിപണിയുടെ ആവശ്യം 

അതേസമയം ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കുന്ന പോളിസികളാണ് വേണ്ടതെന്ന് വിപണി ആവശ്യപ്പെടുന്നത്. നിലവിലെ നികുതി യുക്തിസഹമാക്കുന്നത് വ്യവസായത്തിന് ഗുണകരമാകുമെന്ന് ജോസ് ആലുക്കാസ് ഗ്രൂപ്പ് എംഡി വര്‍ഗീസ് ആലുക്കാസ് പറഞ്ഞു. ഡിമാൻഡ്, മത്സരക്ഷമത, തൊഴിൽ എന്നിവയെ പിന്തുണയ്ക്കുന്നതിനായി ജിഎസ്ടി നിരക്ക് ഒരു ശതമാനമായി കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് 80 ബില്യണ്‍ ഡോളറിന്‍റേതാണ് ഗോള്‍ഡ് ജുവലറി ഇന്‍ഡസ്ട്രി. ഇതിന്‍റെ 38 ശതമാനമണ് സംഘടിത മേഖല. സര്‍ക്കാറിന് വലിയ തോതില്‍ നികുതി വരുമാനവും സാമ്പത്തിക വളര്‍ച്ചയും നല്‍കുന്നതിനാല്‍ സ്വര്‍ണ വിപണിക്ക് മാത്രമായി മന്ത്രാലയം വരുന്നത് ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കൂടുതല്‍ ബജറ്റ് വാര്‍ത്തകള്‍ ഇവിടെ വായിക്കാം 

ENGLISH SUMMARY:

Gold prices in India may rise due to potential import duty hikes in the upcoming budget. Trump's tariff policies and increased gold imports add to the uncertainty. Learn how these factors impact the market.