TOPICS COVERED

കൊച്ചി ഇൻഫോപാർക്കിന്റെ നാലാം ഘട്ട വികസനത്തിന്റെ ഭാ​ഗമായി ഇരുമ്പനം ക്യാമ്പസ് ഒരുക്കുക മിക്സഡ് ടൗൺഷിപ്പ് മാതൃകയിൽ. അത്യാധുനിക ഐ.ടി. സമുച്ചയങ്ങൾ, ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവ ഇരുമ്പനം ക്യാമ്പസിന്റെ ഭാ​ഗമായി ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇരുമ്പനത്തുള്ള ട്രാക്കോ കേബിൾ കമ്പനിയുടെ 33.5 ഏക്കർ ഭൂമി 200 കോടി രൂപയ്ക്ക് ഇൻഫോപാർക്കിന് കൈമാറാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

നിലവിലെ ഇൻഫോപാർക്ക് കാമ്പസിനോടു ചേർന്നാണ് 33.5 ഏക്കർ ഭൂമി കൈമാറുന്നത്.  കാക്കനാട് വാട്ടർ മെട്രോ, കൊച്ചി മെട്രോ, സീ പോർട്ട്‌-എയർപോർട്ട് നാലുവരിപ്പാത തുടങ്ങിയ നിലവിലുള്ള ഐ.ടി. അടിസ്ഥാന സൗകര്യങ്ങളുടെയെല്ലാം ആനുകൂല്യം ലഭിക്കുന്ന ഭൂമിയാണിത്.  ഇരുമ്പനം ക്യാമ്പസ് ഐടി ടൗൺഷിപ്പായി വളരുന്നത് കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമെന്ന നിലയിൽ കൊച്ചിയുടെ സ്ഥാനം കൂടുതൽ ശക്തമാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇൻഫോപാർക്ക് നാലാം ഘട്ടം വികസിക്കുന്നതിലൂടെ 50  ലക്ഷം ചതുരശ്ര അടിയുടെ പുതിയ ഐ.ടി. ഇടം കൂടി കേരളത്തിൽ ലഭ്യമാകും. ഇതുവഴി 50,000 നേരിട്ടുള്ള ഐ.ടി. തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. 3,000 കോടി രൂപയുടെ നേരിട്ടുള്ള നിക്ഷേപം ആകർഷിക്കാനും ഇരുമ്പനം ക്യാമ്പസിലൂടെ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഹബ്ബ്, ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകൾ, അടുത്ത തലമുറ ഐ.ടി. ക്യാമ്പസുകൾ എന്നിവയുടെ കേന്ദ്രമായി കൊച്ചിയെ മാറ്റാനുള്ള ശ്രമങ്ങളുടെ തുടർച്ചയായാണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ENGLISH SUMMARY:

Kochi Infopark expansion focuses on the development of an Irumpanam campus as a mixed township model. This will create 5 million square feet of new IT space and generate 50,000 direct IT job opportunities.