യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വസ്ത്രനിർമ്മാണ മേഖല വലിയ പ്രതിസന്ധിയിലേക്ക്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും വിതരണ ശൃംഖലയിലുണ്ടായ തടസങ്ങളും കാരണം ബ്രാൻഡഡ് വസ്ത്രങ്ങളുടെയും ജീൻസുകളുടെയും റീട്ടെയിൽ വില വരും മാസങ്ങളിൽ വർധിക്കാൻ സാധ്യതയുണ്ടെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പോളിസ്റ്ററിന്റെ വില ക്രൂഡ് ഓയിൽ വിപണിയിലെ വിലക്കയറ്റം മൂലം ഗണ്യമായി വർധിച്ചു. ചൈനയിലെ സിന്തറ്റിക് ഫാബ്രിക് വില നാല് വർഷത്തെ ഉയർന്ന നിരക്കിലെത്തി. കൂടാതെ, വിതരണ തടസങ്ങൾ, വളങ്ങളുടെ ലഭ്യതക്കുറവ്, എൽ നിനോ ഭീഷണി എന്നിവ കാരണം പരുത്തി (കോട്ടൺ) വില രണ്ട് വർഷത്തെ ഉയർന്ന നിരക്കിലുമാണ്. 

നിർമാണചെലവ് ഉയർന്നതോടെ ലോകത്തെ പ്രധാന വസ്ത്രനിർമാണ കേന്ദ്രങ്ങളായ ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ഫാക്ടറികൾ പ്രതിസന്ധിയിലായി. കമ്പനികൾ ഒരു വർഷം മുൻപേ ഓർഡറുകൾ നൽകുന്നതിനാലാണ് റീട്ടെയിൽ വിപണിയിൽ വിലവർധനവ് പ്രതിഫലിക്കാൻ സമയമെടുക്കുന്നത്.  ഡിസംബറിലോ അടുത്ത വർഷം ആദ്യത്തോടെയോ ഈ വിലവർധനവ് ഉപഭോക്താക്കളെ നേരിട്ട് ബാധിച്ചു തുടങ്ങും.

ഒരു ടി-ഷർട്ടിന്റെ നിർമാണചെലവിന്റെ 60 ശതമാനവും അസംസ്കൃത വസ്തുക്കൾക്കായാണ് ചെലവാകുന്നത്. എന്നാൽ ഫാക്ടറി മാർജിൻ 2 മുതൽ 3 ശതമാനം വരെ മാത്രമാണ്. ഇന്ത്യയുടെ റെഡിമെയ്ഡ് വസ്ത്ര കയറ്റുമതിയിൽ കഴിഞ്ഞ വർഷം ജൂലൈയെ അപേക്ഷിച്ച് 4.5 ശതമാനം ഇടിവുണ്ടായി. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസങ്ങളിൽ കയറ്റുമതിയിൽ 10.5 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. മിഡിൽ ഈസ്റ്റിലേക്ക് പ്രതിവർഷം 800 ദശലക്ഷം ഡോളറിന്റെ വസ്ത്രങ്ങൾ കയറ്റി അയച്ചിരുന്ന ബംഗ്ലാദേശിൽ നിന്നുള്ള വിതരണവും പൂർണമായും നിലച്ച മട്ടാണ്.

ENGLISH SUMMARY:

The ongoing US-Iran conflict has triggered a severe crisis in the global apparel manufacturing sector, leading to surging prices for raw materials like polyester and cotton. According to a Bloomberg report, retail prices for branded clothing and jeans are expected to increase significantly in the coming months due to supply chain disruptions. Major garment-producing hubs like India and Bangladesh are facing massive manufacturing cost pressures, which will directly impact consumers by late this year or early next year. Additionally, shipping halts to the Middle East and declining export volumes are further compounding the challenges faced by the textile industry.