യു.എസിന്‍റെ വെനസ്വേലന്‍ അധിനിവേശത്തിലൂടെ നേട്ടമുണ്ടാക്കാന്‍ ഇന്ത്യ. എണ്ണ സമ്പന്നമായ വെനസ്വേലയില്‍ യു.എസ് എണ്ണ കമ്പനികള്‍ എത്തുന്നതോടെ ഇന്ത്യന്‍ കമ്പനിയായ ഒഎന്‍ജിസി വിദേശിനാണ് ലോട്ടറിയാകുന്നത്. ദീര്‍ഘനാളായി കിട്ടാനുള്ള 100 കോടി ഡോളറിന്‍റെ(9000 കോടി രൂപ) കുടിശ്ശിക ലഭിക്കുന്നതിനൊപ്പം വെനസ്വേലയില്‍ നിന്നും എണ്ണ ഉല്‍പാദനം പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
നേട്ടമുണ്ടാക്കാന്‍ ഒഎന്‍ജിസി വിദേശ്
കിഴക്കന്‍ വെനസ്വേലയിലെ സാൻ ക്രിസ്റ്റോബൽ എണ്ണപ്പാടത്ത് ഒഎന്‍ജിസി വിദേശിന് 40 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ബാക്കി 60 ശതമാനം ഓഹരികള്‍ വെനസ്വേലന്‍ സര്‍ക്കാറിന് കീഴിലുള്ള എണ്ണ കമ്പനിയായ പെട്രോലിയോസ് ഡി വെനിസ്വേലയുടെ കയ്യിലാണ്. ലാഭകരമായ പാടമാണെങ്കിലും യു.എസ് ഉപരോധം കാരണം ആവശ്യമായ സാങ്കേതിക വിദ്യയും യന്ത്രസാമഗ്രികളും എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ എണ്ണപ്പാടത്തിന്‍റെ പ്രവര്‍ത്തനം താറുമാറാണ്. പ്രതിദിനം 5,000-10,000 ബാരല്‍ മാത്രമാണ് ഉല്‍പാദനം.
Also Read: സ്വര്‍ണ വിലയില്‍ മഡുറോ എഫക്ട്; വീണ്ടും ലക്ഷം തൊട്ട് കുതിപ്പ്
ഉപരോധം നീങ്ങുന്നതോടെ ഗുജറാത്തിലെ ഒഎന്‍ജിസിയുടെ എണ്ണപാടത്തു നിന്നും റിഗ്ഗുകളടക്കം സാന്‍ ക്രിസ്റ്റോബളിലേക്ക് എത്തിച്ച് ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഒഎന്‍ജിസി വിദേശിന് കഴിയും. പ്രതിദിനം 80,000 മുതല്‍ ലക്ഷം ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കാന്‍ ഈ എണ്ണപ്പാടത്തിന് ശേഷിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കിട്ടാനുള്ളത് 100 കോടി ഡോളര്‍
40 ശതമാനം ഓഹരിയുള്ള കമ്പനിയില്‍ എണ്ണ വിറ്റതിലൂടെയുള്ള ലാഭവിഹിതമായി 2014 വരെ 536 മില്യണ്‍ ഡോളറാണ് ഒഎന്‍ജിസി വിദേശിന് ലഭിക്കാനുള്ളത്. 2014-ന് ശേഷമുള്ള കാലയളവിലും ഇതിന് സമാനമായ വലിയൊരു തുക ലാഭവിഹിതമായി ലഭിക്കാനുണ്ട്. എന്നാൽ ഈ കാലയളവിലെ കണക്കുകൾ പരിശോധിക്കാൻ വെനസ്വേലൻ ഭരണകൂടം അനുവാദിക്കാത്തതാണ് പ്രശ്നം. വെനസ്വേലന്‍ എണ്ണ ബിസിനസിലേക്ക് യു.എസ് കമ്പനികളെത്തുമ്പോള്‍ കയറ്റുമതി സാധാരണ നിലയിലെത്തിക്കാനും കിട്ടാനുള്ള 100 കോടി ഡോളറിന്‍റെ കുടിശ്ശിക തിരികെ പിടിക്കാനും ഒഎന്‍ജിസി വിദേശിന് സാധിക്കും എന്നാണ് പ്രതീക്ഷ.
എണ്ണ വിലയില്‍ വിലപേശല്‍
2019ല്‍ യു.എസ് ഉപരോധം വരുന്നതിന് മുന്‍പ് വെനസ്വേലന്‍ എണ്ണയുടെ വലിയ ഗുണഭോക്താവായിരുന്നു ഇന്ത്യ. പ്രതിദിനം നാലു ലക്ഷം ബാരലാണ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്. വെനസ്വേലന്‍ എണ്ണ വിപണിയിലെത്തുന്നതോടെ മധ്യേഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ആശ്രയത്വം പരിധിവരെ കുറയ്ക്കാനാകും. ഭൗമരാഷ്ട്ര സംഘര്‍ഷങ്ങള്‍ക്കിടയിലെ വിലക്കയറ്റം പ്രതിരോധിക്കാനും വിലപേശലിനും വെനസ്വേലന്‍ എണ്ണയുടെ വരവ് സഹായിക്കും. വെനസ്വേലയുടെ കട്ടികൂടിയ ഹെവി ക്രൂഡ് സംസ്കരിക്കാന്‍ സാധിക്കുന്ന റിഫൈനറികളും ഇന്ത്യയ്ക്കുണ്ട്.
Also Read: 'മോദിക്ക് കാര്യം അറിയാം'; ഇന്ത്യയ്ക്ക് വീണ്ടും ട്രംപിന്‍റെ ഭീഷണി; ഇറക്കുമതിത്തീരുവ കൂട്ടും?
വെനസ്വേലന്‍ സര്‍ക്കാറിന് കീഴിലുള്ള എണ്ണ കമ്പനിയായ പെട്രോലിയോസ് ഡി വെനിസ്വേലയുമായി 15 വര്‍ഷത്തേക്ക് റിലയന്‍സ് ഇന്‍ഡസ്ട്രിസിന് ക്രൂഡ്ഓയില്‍ കരാറുണ്ട്. ഉപരോധങ്ങൾ വന്നതോടെ പെട്രോലിയോസ് ഡി വെനിസ്വേലയില്‍ നിന്നും ക്രൂഡ് ഓയിൽ ഇറക്കുമതിക്കായി 2024 ജൂലൈയിൽ യുഎസില്‍ നിന്നും റിലയന്‍സ് ലൈസൻസ് നേടിയിരുന്നു, എന്നിട്ടും ഇടപാട് പൂര്‍ണതോതിലായിരുന്നില്ല. യു.എസ് എത്തുന്നതോടെ എണ്ണ വിതരണം വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സാന്‍ ക്രിസ്റ്റോബലിന് പുറമെ കരാബോബോ-1 എണ്ണപ്പാടത്തും ഇന്ത്യയ്ക്ക് താല്‍പര്യമുണ്ട്. കരാബോബോ-1 എണ്ണപാടത്ത് ഒഎന്‍ജിസി വിദേശിന് 11 ശതമാനവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഓയില്‍ ഇന്ത്യ എന്നിവയ്ക്ക് 3.50 ശതമാനവുമാണ് നിക്ഷേപം. കാരബോബോയില്‍ നിക്ഷേപമുള്ള സ്പാനിഷ് കമ്പനിയായ റെസ്പോള്‍ അടക്കം തങ്ങളുടെ പദ്ധതികളുമായി മുന്നോട്ട് പോകാനാണ് സാധ്യത.