image Credit: AFP
യുഎസ് ഉപരോധത്തെ തുടര്‍ന്ന് റഷ്യന്‍ എണ്ണ ഇറക്കുമതി അവസാനിപ്പിച്ച് റിലയന്‍സ്. ജാംനഗറിലെ പ്രത്യേക സാമ്പത്തിക മേഖലയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയാണ് അവസാനിപ്പിച്ചത്. റഷ്യന്‍ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റ്, ലുക്കോയില്‍ എന്നിവയ്ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ ഉപരോധം ഇന്ന് മുതലാണ് നിലവില്‍ വരിക. ഇരു കമ്പനികളില്‍ നിന്നുമാണ് ഇന്ത്യയിലേക്കുള്ള ഏകദേശം 70 ശതമാനത്തോളം റഷ്യന്‍ എണ്ണയും ഇറക്കുമതി ചെയ്യുന്നത്. റോസ്നെഫ്റ്റില്‍ നിന്നുമാത്രം പ്രതിദിനം 500,000 ബാരലാണ് റിലയന്‍സ് വാങ്ങിയിരുന്നത്. നയാര എനര്‍ജിയുടെ 49 ശതമാനത്തോളം വരുമിത്.
റഷ്യന്‍ എണ്ണ വാങ്ങുന്നത് മിക്ക ഇന്ത്യന്‍ കമ്പനികളും അവസാനിപ്പിക്കുന്നതോടെ ഇന്ത്യയ്ക്ക് മേല്‍ ട്രംപ് ഏര്‍പ്പെടുത്തിയിട്ടുള്ള 25 ശതമാനം ഇറക്കുമതി തീരുവ പുനഃപരിശോധിക്കപ്പെടുമെന്നാണ് കരുതുന്നത്. റഷ്യന്‍ എണ്ണയുടെ പേരില്‍ നേരത്തെ 50 ശതമാനം ഇറക്കുമതിത്തീരുവയാണ് ട്രംപ് ഏര്‍പ്പെടുത്തിയിരുന്നത്. ഇത് ഇന്ത്യ–യുഎസ് ഉഭയകക്ഷി ബന്ധത്തെ സാരമായി ഉലച്ചിരുന്നു. റഷ്യന്‍ എണ്ണ ഇറക്കുമതി അവസാനിപ്പിച്ചെങ്കിലും ജാംനഗറില്‍ നിന്നുള്ള കയറ്റുമതിക്ക് തടസമുണ്ടാകില്ലെന്നും റിലയന്‍സ് അറിയിച്ചു. റഷ്യന്‍ ക്രൂഡ് യൂറോപ്പിലേക്ക് കയറ്റി അയയ്ക്കുന്നതിന് യൂറോപ്യന്‍ യൂണിയനും വിലക്കേര്‍പ്പെടുത്തിയിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സിംഗിള്‍ സൈറ്റ് റിഫൈനറി കോംപ്ലക്സാണ് ജാംനഗറില്‍ റിലയന്‍സിനുള്ളത്. പ്രതിദിനം 1.4 ദശലക്ഷം ബാരല്‍ ക്രൂഡാണ് ഇവിടെ സംസ്കരിക്കുന്നത്. കരാര്‍ അനുസരിച്ചുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിരുന്നുവെന്നും അവസാനത്തെ കാര്‍ഗോ നവംബര്‍ 12നാണ് എത്തിയതെന്നും റിലയന്‍സ് വ്യക്തമാക്കി.
ഒടുവില്‍ സമ്മര്‍ദത്തിന് വഴങ്ങിയോ?
യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതിനാണ് ഇന്ത്യ എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടത്. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിലൂടെ റഷ്യന്‍ സമ്പദ് വ്യവസ്ഥയിലേക്ക് പണം ഒഴുകിയെത്താന്‍ ഇന്ത്യ സഹായിക്കുന്നുവെന്നും ഈ പണം യുക്രെയ്നില്‍ നാശം വിതയ്ക്കാന്‍ റഷ്യ ഉപയോഗിക്കുന്നുവെന്നുമായിരുന്നു ട്രംപിന്‍റെ വാദം. ഡിസംബറോടെ ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്നും പിന്നാലെ ട്രംപ് പ്രഖ്യാപിച്ചു. ചൈനയാണ് റഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്. രണ്ടാമതാണ് ഇന്ത്യ. 35 ശതമാനത്തോളം ക്രൂഡ് ഓയിലാണ് റഷ്യയില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നേരത്തെ തന്നെ യുഎസ് ആവശ്യം അംഗീകരിച്ചിരുന്നു. ഹിന്ദുസ്ഥാന്‍ പെട്രോളിയം റഷ്യന്‍ എണ്ണ വാങ്ങുന്നതും നിര്‍ത്തിയിട്ടുണ്ട്. യുഎസ് ഉപരോധത്തിന് പിന്നാലെ മൂന്ന് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ് റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി. ഇന്ത്യയിലെത്തുന്ന ലോഡ് കുത്തനെ ഇടിഞ്ഞെങ്കിലും നവംബറില്‍ മാത്രം ഇന്ത്യയിലെത്തിയ റഷ്യന്‍ എണ്ണയുടെ വ്യാപ്തിയില്‍ 17.39 ശതമാനം വളര്‍ച്ചയാണുണ്ടായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. റഷ്യയില്‍ നിന്നുള്ള എണ്ണ നിര്‍ത്തുന്നതോടെ ഇറാഖിനെയാകും ഇന്ത്യന്‍ കമ്പനികള്‍ കൂടുതലായി ആശ്രയിക്കുക. സൗദി അറേബ്യ, കുവൈത്ത്, യുഎഇ എന്നിവയ്ക്ക് പുറമെ ലാറ്റിനമേരിക്ക, വെസ്റ്റാഫ്രിക്ക, വടക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.