കറന്‍സി പ്രിന്‍റ് ചെയ്യാന്‍ ചൈനയോട് സഹകരിച്ച് നേപ്പാള്‍. അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ, തായ്‍ലാന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ നേരത്തെ തന്നെ കറന്‍സി അച്ചടിക്കാന്‍ ചൈനയെ ആശ്രയിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പമാണ് നേപ്പാളും ചൈനയിലേക്ക് പ്രിന്‍റിങ് മാറ്റുന്നത്. 1000 രൂപയുടെ 43 കോടി നോട്ടുകള്‍ പ്രിന്‍റ് ചെയ്യാനുള്ള കരാര്‍ നേപ്പാള്‍ സെന്‍ട്രല്‍ ബാങ്ക് ചൈനീസ് കമ്പനിയായ ചൈനീസ് ബാങ്ക്നോട്ട് പ്രിന്‍റിങ് ആന്‍ഡ് മിന്‍ഡിങ് കോര്‍പ്പറേഷന് കൈമാറി. ഏകദേശം 150 കോടി ഇന്ത്യൻ രൂപയുടെ കരാറാണ് ചൈനയ്ക്ക് ലഭിച്ചത്.
കറൻസി നോട്ടുകൾ രൂപകൽപ്പന ചെയ്യാനും അച്ചടിക്കാനും വിതരണം ചെയ്യാനുമാണ് കരാര്‍. കറന്‍സി അച്ചടിക്കാനുള്ള ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തത് ചൈനീസ് ബാങ്ക്നോട്ട് പ്രിന്‍റിങ് ആന്‍ഡ് മിന്‍ഡിങ് കോര്‍പ്പറേഷനാണ്. 2015 ലും നേപ്പാളിന്‍റെ കറന്‍സി നോട്ടുകള്‍ അച്ചടിക്കാനുള്ള അവകാശം ചൈനീസ് ബാങ്ക്നോട്ട് പ്രിന്‍റിങ് ആന്‍ഡ് മിന്‍ഡിങ് കോര്‍പ്പറേഷന്‍ സ്വന്തമാക്കിയിരുന്നു. അഞ്ച് രൂപ, 100 രൂപ, 1,000 രൂപ നോട്ടുകള്‍ അച്ചടിക്കാനുള്ള കരാറാണ് അന്ന് കമ്പനി നേടിയത്.
നേരത്തെ ഇന്ത്യയുടെ സെക്യൂരിറ്റി പ്രസായിരുന്നു പതിറ്റാണ്ടുകളോളം നേപ്പാളിലെ കറന്‍സി അച്ചടിച്ചിരുന്നത്. 2015 ലാണ് ഇതിന് മാറ്റം വന്നത്. നേപ്പാളിന്റെ പുതിയ കറൻസിയിൽ തർക്കവിഷയമായി നിലനിൽക്കുന്ന ഹിമാലയൻ പ്രദേശങ്ങളായ ലിപുലേഖ്, ലിംപിയാധുര, കാലാപാനി എന്നിവ ചിത്രീകരിച്ചതോടെയാണ് ഇന്ത്യയിലെ അച്ചടി പ്രതിസന്ധിയിലായത്. ഇതോടെയാണ് നേപ്പാള്‍ കറന്‍സി ചൈനയിലേക്ക് പോകുന്നത്. നിലവിൽ നേപ്പാളിന്റെ കറൻസിയെല്ലാം ചൈനയിലാണ് അച്ചടിക്കുന്നത്.