iPhone 17 Pro

TOPICS COVERED

കഴിഞ്ഞ ദിവസമാണ് ആപ്പില്‍ ഐഫോണ്‍ 17 സീരിസ് പുറത്തിറക്കിയത്. എയര്‍പോഡ് പ്രോ3, ആപ്പിള്‍ വാച്ച് അള്‍ട്ര3 എന്നിങ്ങനെയുള്ള മോഡലുകളും ആപ്പില്‍ പുറത്തിറക്കി. പുതിയ മോഡല്‍ ഇറങ്ങുമ്പോള്‍ സ്വന്തമാക്കുന്ന രീതിയാണ് ഐഫോണ്‍ പ്രേമികള്‍ക്ക്. ട്രംപിന്‍റെ താരിഫ് നയങ്ങള്‍ക്ക് പിന്നാലെ എത്തിയ ഐഫോണിന് യു.എസ് വിപണിയിലടക്കം വില ഉയര്‍ന്നോ?

ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് ചുമത്തിയത് 50 ശതമാനം നികുതിയാണ്. ആപ്പിളിന്‍റെ പ്രധാന നിര്‍മാണ പ്ലാന്‍റുകള്‍ ഉള്ളതാകട്ടെ ചൈനയിലും ഇന്ത്യയിലുമാണ്. ട്രംപിന്‍റെ താരിഫ് നയം ഒരു ബില്യണ്‍ ഡോളറിന്‍റെ അധിക ചെലവുണ്ടാക്കുമെന്നാണ് ആപ്പിളിന്‍റെ കണക്കുകൂട്ടല്‍. ഈ സാഹചര്യത്തിലും വിപണിയിലെ മല്‍സരം നേരിടാന്‍ വലിയ വിലകയറ്റമില്ലാതെയാണ് ആപ്പിള്‍ ഫോണുകള്‍ അവതരിപ്പിച്ചത്. ഈയിടെ ഗൂഗിള്‍ പുതിയ പിക്സല്‍ ഫോണ്‍ അവതരിപ്പിച്ചപ്പോഴും വില ഉയര്‍ത്തിയിരുന്നില്ല. 

256 ജിബിയുടെ ഐഫോണ്‍17 ബേസ് മോഡലിന് യു.എസിലെ വില 799 ഡോളറാണ്.  ഐഫോണ്‍ 16 125 ജിബിയുടേതിന് സമാനമായ വിലയാണിത്. ഐഫോണ്‍ 17 പ്രോ മോഡലിന് 1099 ഡോളറാണ് വില. ഇത് പഴയമോഡലുമായി ചേര്‍ന്ന് പോകുന്ന വിലയാണ്. ഫോണിന്‍റെ വില നിശ്ചയിച്ചതിന് പിന്നാലെ ആപ്പിള്‍ ഓഹരികള്‍ 1.60 ശതമാനമാണ ഇടിഞ്ഞത്.

വില വര്‍ധനവില്ലാത്തതിനാല്‍ ലോകത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഐഫോണ്‍ വാങ്ങാനാകുക യുഎസിലാണ്. ഇന്ത്യയില്‍ ഐഫോണ്‍ 17 ബേസ് മോഡലിന് 82,900 രൂപയാണ് വില. 17 പ്രോമാക്സ് 2ടിബി സ്റ്റോറേജിന് 2.29 ലക്ഷം രൂപ നല്‍കണം. 

താരിഫും വിലയും

ട്രംപ് ചുമത്തിയ താരിഫ് ഉപഭോക്താക്കളിലേക്ക് കൈമാറിയാല്‍ 43 ശതമാനം വരെ എല്ലാ മോഡലുകള്‍ക്കും വില ഉയരുമെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. 799 ഡോളര്‍ വിലയുള്ള അടിസ്ഥാന വേരിയന്‍റിന് 1,142 ഡോളര്‍ വരെ വില ഉയരാം. മറ്റു മോഡലുകള്‍ക്ക് വില 2,300 ഡോളറിലേക്ക് പറക്കും. ഏകദേശം 2 ലക്ഷം രൂപവരെ.

വില 3 ലക്ഷത്തിലേക്ക്! 

ചൈനയ്ക്കും ഇന്ത്യയ്ക്കും പകരം യു.എസില്‍ നിര്‍മാണം ആരംഭിക്കണമെന്നാണ് ട്രംപിന്‍റെ ആവശ്യം. യു.എസില്‍ ഐഫോണ്‍ നിര്‍മാണം ആരംഭിച്ചാല്‍ 40-50 ശതമാനം ചെലവ് വര്‍ധിക്കും. ഇതോടെ ഐഫോണ്‍ വില ഇരട്ടിയോ മൂന്നിരട്ടിയോ ആയി വര്‍ധിക്കാം. നിലവില്‍ ഐഫോണിന്‍റെ ശരാശരി വില 1000 ഡോളറാണ്. ഐഫോണിന്‍റെ അടിസ്ഥാന വേരിയന്‍റിന് 799 ഡോളര്‍ അഥവാ 79,900 രൂപ വരും. ഇതുമാറി ഐഫോണ്‍ നിര്‍മാണം യു.എസിലേക്ക് മാറ്റിയാല്‍ ഐഫോണ്‍ വില 3500 ഡോളര്‍ അഥവാ 3.10 ലക്ഷം രൂപയിലേക്ക് എത്തും. 

ചൈനയില്‍ ഒരു യൂണിറ്റിന് വരുന്ന തൊഴില്‍ ചെലവ് 40 ഡോളറാണ് (3,500 രൂപ). അമേരിക്കയില്‍ തൊഴിലാളിക്ക് ചെലവാക്കുന്ന തുക 200 ഡോളറാണ് അഥവാ 17219 രൂപ. ഇതാണ് യു.എസ് നിര്‍മിത ഐഫോണുകളുടെ വില ഇരട്ടിപ്പിക്കുന്നത്. 

ENGLISH SUMMARY:

iPhone 17 is the latest offering from Apple, with its pricing strategies and potential impact of tariffs. The analysis delves into the US vs. China manufacturing costs and how it affects the final price for consumers.