FILE PHOTO: FILE PHOTO: U.S. President Donald Trump and India's Prime Minister Narendra Modi talk as they arrive for a joint news conference after bilateral talks at Hyderabad House in New Delhi, India, February 25, 2020. REUTERS/Al Drago//File Photo
റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയാല്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ബില്‍ ഒന്‍പത് ബില്യണ്‍ മുതല്‍ 12 ബില്യണ്‍ ഡോളര്‍ വരെ വര്‍ധിക്കും. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ റഷ്യന്‍ ഓയില്‍ വാങ്ങുന്നത് നിര്‍ത്തിയാലാണ് 9 ബില്യണിന്‍റെ ചെലവ് വരിക. വര്‍ഷം കൂടുന്തോറും ഈ ചെലവ് വര്‍ധിക്കുമെന്നും എസ്ബിഐയുടെ റിപ്പോര്‍ട്ട് പറയുന്നു.
എണ്ണ വിലയിലുണ്ടാകുന്ന വര്‍ധനവാണ് ഇറക്കുമതി ബില്‍ ഉയരാന്‍ കാരണം. 2027 ലും റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയാല്‍ ചെലവ് 11.7 ബില്യണ്‍ ഡോളറിലേക്ക് കുതിക്കും. രാജ്യാന്തര ക്രൂഡ് ഓയില്‍ വിതരണത്തില്‍ 10 ശതമാനമാണ് റഷ്യയുടെ വിഹിതം. റഷ്യന്‍ എണ്ണ വാങ്ങുന്നത് എല്ലാ രാജ്യങ്ങളും നിര്‍ത്തിയാല്‍ ക്രൂഡ് ഓയില്‍ വില 10 ശതമാനം വര്‍ധിക്കും. ഇതാണ് ഇറക്കുമതി ചെലവ് വര്‍ധിക്കാന്‍ കാരണം.
2022 മുതല്‍ ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് വര്‍ധിപ്പിച്ചിരിക്കുകയാണ്. യു.എസ് അടക്കമുള്ള വിദേശരാജ്യങ്ങളുടെ ഉപരോധം മറികടക്കാന്‍ ബാരലിന് 60 ഡോളര്‍ എന്ന നിരക്കില്‍ വലിയ ഇളവിലാണ് റഷ്യ ഇന്ത്യയ്ക്ക് എണ്ണ നല്‍കുന്നത്. ഇതോടെ 35.1 ശതമാനമാണ് ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയുടെ റഷ്യയുടെ വിഹിതം. 2020 സാമ്പത്തിക വര്‍ഷത്തില്‍ വെറും 1.7 ശതമാനമായിരുന്നു ഇത്. വോളിയം അടിസ്ഥാനത്തില്‍ 88 മില്യണ്‍ മെട്രിക് ടണ്ണില്‍ നിന്നും 245 മില്യണ്‍ മെട്രിക് ടണ്ണിലേക്കായിരുന്നു വര്‍ധന.
റഷ്യന്‍ എണ്ണ നിര്‍ത്തലാക്കിയാലും ഇന്ത്യയുടെ എണ്ണ വിതരണത്തെ കാര്യമായി ബാധിക്കില്ലെന്നതാണ് ആശ്വാസം. 40 രാജ്യങ്ങളില്‍ നിന്നുള്ള സ്രോതസ്സുകളിലൂടെയാണ് ഇന്ത്യ എണ്ണ വാങ്ങുന്നത്. ഗയാന, ബ്രസീൽ, കാനഡ എന്നിവിടങ്ങളിൽ നിന്നടക്കം പുതിയ സപ്ലൈ ഓപ്ഷനുകൾ വഴി ഇന്ത്യ എണ്ണ വിതരണം വൈവിധ്യവല്‍ക്കരിച്ചിട്ടുണ്ട്. റഷ്യന്‍ വിതരണം തടസപ്പെട്ടാല്‍ മധ്യേഷ്യന്‍ രാജ്യങ്ങളുമായുള്ള വാര്‍ഷിക കരാറുകള്‍ വഴി ഇന്ത്യയ്ക്ക് ആവശ്യമായ എണ്ണ ഇറക്കുമതി ചെയ്യാന്‍ സാധിക്കും. എന്നാല്‍ വില ഉയരുന്നതാണ് ഇതിലെ ആശങ്ക. കഴിഞ്ഞ വർഷം പെട്രോളിന് 71 പൈസയും ഡീസലിന് 2.12 രൂപയും കുറഞ്ഞെന്നാണ് സർക്കാർ കണക്ക്. ഈ സമയത്ത് 13 ശതമാനം ഇടിവാണ് ക്രൂഡ് ഓയിൽ വിലയിലുണ്ടായത്.
റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങി പരോക്ഷമായി യുക്രൈന്‍ യുദ്ധത്തിന് സഹായം നല്‍കുന്നു എന്നതാണ് തീരുവയ്ക്കുള്ള ട്രംപിന്‍റെ വാദം. ഇതിന്‍റെ പേരിലാണ് 25 ശതമാനം തീരുവ ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് 25 ശതമാനം അധിക തീരുവയും. 21 ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ടെങ്കിലും ഫലത്തില്‍ ഇന്ത്യന്‍ ഇറക്കുമതിക്ക് 50 ശതമാനമാണ് യു.എസ് ഈടാക്കുന്ന തീരുവ.