ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ചുമത്താന്‍ തീരുമാനിച്ചതോടെ ട്രംപിന്‍റെ താരിഫ് ഏറ്റവും കൂടുതല്‍ ബാധിക്കുന്ന രാജ്യമായി ഇന്ത്യ. അധിക താരിഫ് കൂടി ചേരുന്നതോടെ ഇന്ത്യന്‍ ഇറക്കുമതിക്ക് 50 ശതമാനമാണ് യു.എസ് ചുമത്തുന്ന നികുതി. ബ്രസീലിനൊപ്പം യു.എസ് നികുതിയില്‍ ഇന്ത്യയും ഒന്നാമതാണ്. 

റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി തുടരുന്നതാണ് ട്രംപിന്‍റെ പുതിയ പ്രകോപനത്തിന് കാരണം. നേരത്തെ 10 ശതമാനം പകരം തീരുവ ചുമത്തിയിരുന്ന ബ്രസീലിന് മുന്‍ പ്രസിഡന്‍റ് ജൈര്‍ ബൊല്‍സൊനാരോയുടെ വിചാരണയുമായി ബന്ധപ്പെട്ട് 40 ശതമാനം നികുതി കൂടി ചുമത്തുകയായിരുന്നു. ബ്രസീലിന്‍റെ 50 ശതമാനം നികുതി ഓഗസ്റ്റ് ഒന്ന് മുതല്‍ നിലവില്‍ വന്നു. 

ഇന്ത്യയും ബ്രസീലും കഴിഞ്ഞാല്‍ സിറിയയാണ് യു.എസ് തീരുവയില്‍ മുന്നില്‍. 41 ശതമാനമാണ് സിറയയ്ക്കുള്ള തീരുവ. ലാവോസ്, മ്യാന്‍മര്‍ എന്നിവര്‍ക്ക് 40 ശതമാനം വീതവും സ്വിറ്റ്സര്‍ലന്‍ഡിന് 39 ശതമാനവുമാണ് നികുതി. ഇറാഖ്, സെര്‍ബിയ, കാനഡ എന്നിവയ്ക്ക് 35 ശതമാനവുമാണ് നികുതി. റഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈനയ്ക്ക് 30 ശതമാനമാണ് നികുതി. 

ഇന്ന് പ്രഖ്യാപിച്ച തീരുവ മൂന്നാഴ്ചയ്ക്കകം പ്രാബല്യത്തിൽ വരും. ഇതോടെ ചെറിയ ഇളവുകൾ നൽകിയിട്ടുള്ളവ ഒഴികെ, ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ആകെ തീരുവ 50 ശതമാനമാകും. സ്റ്റീൽ, അലുമിനിയം തുടങ്ങിയ പ്രത്യേക മേഖലകൾക്കും ഫാർമസ്യൂട്ടിക്കൽസ് പോലുള്ള വിഭാഗങ്ങൾക്കുമാണ് ഇളവുകൾ. 27 ന് മുന്‍പ് യു.എസിലേക്ക് കയറ്റി അയക്കുകയും സെപ്റ്റംബർ 17 ന് മുന്‍പ് അവിടെ എത്തുകയും ചെയ്യുന്ന ചരക്കുകള്‍ക്ക് നികുതി ഉണ്ടായിരിക്കില്ല. 

ഇന്ത്യ നല്ലൊരു വ്യാപാര പങ്കാളിയല്ലെന്ന് ഇന്നലെ ട്രംപ് ആരോപിച്ചിരുന്നു. യുക്രെയ്നെതിരായ യുദ്ധത്തില്‍ ഇന്ത്യ റഷ്യയ്ക്ക് സഹായം ചെയ്യുകയാണെന്നും ട്രംപ് ആരോപിച്ചു. 'ഇത് അംഗീകരിക്കാനാകില്ല. ഇന്ത്യയിലേക്ക് അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതി കുറവാണ്. എന്നാല്‍ അമേരിക്കയിലേക്ക് ഇന്ത്യന്‍ ഇറക്കുമതി വലിയ തോതിലുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയ്ക്കെതിരെ 25 ശതമാനം പകരം തീരുവ ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതു തിരുത്തി വന്‍തീരുവ പ്രഖ്യാപിക്കും' എന്നാണ് അമേരിക്കന്‍ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞത്.

ENGLISH SUMMARY:

Trump's tariffs have made India the most affected nation with a 50% import duty, primarily due to its continued oil imports from Russia. Brazil also faces a 50% tariff, putting both countries at the forefront of U.S. tariff challenges.