trump-putin

റഷ്യയുമായുള്ള എണ്ണ ഇടപാടിന്‍റെ പേരിലാണ് ട്രംപ് ദിവസേനെ ഇന്ത്യയ്ക്ക് നേരെ തിരിയുന്നത്. 25 ശതമാനം തീരുവയും പിഴയും ചുമത്തിയതിനൊപ്പം ഇനിയും തീരുവ ചുമത്തുമെന്നാണ് യു.എസ് പ്രസിഡന്‍റിന്‍റെ ഭീഷണി. ഇന്ത്യയെ വിരട്ടുമ്പോഴും റഷ്യയില്‍ നിന്ന് ബില്യണ്‍ കണക്കിന് ഇറക്കുമതിയാണ് യു.എസും യൂറോപ്യന്‍ യൂണിയനും നടത്തുന്നത്. ട്രംപിന്‍റെ വിരട്ടല്‍ വേണ്ടെന്നാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട്. റഷ്യയുമായി യൂറോപ്യൻ യൂണിയനും യുഎസും തുടരുന്ന വ്യാപാര ബന്ധങ്ങൾ ഇന്ത്യ തുറന്നുകാട്ടുകയും ചെയ്യുന്നു.

അമേരിക്ക അവരുടെ ആണവോർജ്ജ പദ്ധതികള്‍ക്കായി റഷ്യയില്‍ നിന്നും യുറേനിയം ഹെക്സാഫ്ലൂറൈഡ് വാങ്ങുന്നു ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പലേഡിയവും രാസവസ്തുക്കളും വളങ്ങളും ഇറക്കുമതി ചെയ്യുന്നു എന്ന് നേരത്തെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയെ ലക്ഷ്യമിടുന്നത് ന്യായീകരിക്കാനാകില്ലെന്നും ദേശീയ താൽപ്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കാൻ ഇന്ത്യ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും എന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

യു.എസിന്‍റെ റഷ്യന്‍ ഇറക്കുമതിയെ പറ്റി ട്രംപിനോട് ചോദിച്ചപ്പോഴുള്ള മറുപടി 'എനിക്കറിയില്ല' എന്നാണ്. പരിശോധിക്കാമെന്നും ട്രംപ് പറഞ്ഞു. 2024-ൽ യൂറോപ്യൻ യൂണിയന് റഷ്യയുമായി 67.5 ബില്യൺ യൂറോയുടെ ഉഭയകക്ഷി വ്യാപാരം ഉണ്ടായിരുന്നു. യു.എസ് ഉപരോധത്തിന് പിന്നാലെ അളവില്‍ കുറവുണ്ടെങ്കിലും റഷ്യന്‍ സഹകരണം നിര്‍ത്താന്‍ യൂറോപ്യന്‍ രാജ്യങ്ങളും തയ്യാറായിട്ടില്ല.

2023-ൽ യൂറോപ്യൻ യൂണിയന് റഷ്യയുമായി 17.2 ബില്യൺ യൂറോയുടെ സേവന വ്യാപാരമുണ്ടായിരുന്നു. 2023 ല്‍ ഇന്ത്യ റഷ്യയുമായി നടത്തിയ മൊത്തം വ്യാപാരത്തേക്കാൾ വളരെ കൂടുതലാണിത്. 2024 ല്‍ റഷ്യയില്‍ നിന്നും യൂറോപ്യന്‍ യൂണിയന്‍ ഇറക്കുമതി ചെയ്ത എൽ.എൻ.ജി 16.5 ദശലക്ഷം ടണ്ണാണ്. ഇതിനൊപ്പം വളങ്ങൾ, ഖനന ഉൽപ്പന്നങ്ങൾ, രാസവസ്തുക്കൾ, ഇരുമ്പ്, ഉരുക്ക്, യന്ത്രസാമഗ്രികൾ, ഗതാഗത ഉപകരണങ്ങൾ എന്നിവയും റഷ്യയില്‍ നിന്നും യൂറോപ്പ് വാങ്ങുന്നുണ്ട്.

റഷ്യ– യുക്രൈന്‍ യുദ്ധം ആരംഭിച്ച സമയത്ത് വലിയ അളവില്‍ റഷ്യന്‍ എണ്ണയെ യൂറോപ്യന്‍ രാജ്യങ്ങള്‍ ആശ്രയിച്ചിരുന്നു. യു.എസ് ഉപരോധം വന്നതിന് പിന്നാലെ ഇതിന്‍റെ അളവ് കുറഞ്ഞു. യു.എസും യൂറോപ്പും പൂര്‍ണമായും റഷ്യന്‍ എണ്ണ നിര്‍ത്തിയെങ്കിലും 27 അംഗ യൂണിയന്‍ റഷ്യന്‍ എണ്ണയെ ആശ്രയിക്കുന്നുണ്ട്. 2022 ന്‍റെ ആദ്യപാദത്തിനും 2025 ന്‍റെ ആദ്യ പാദത്തിനും ഇടയില്‍ യൂറോപ്പിന്‍റെ റഷ്യന്‍ എണ്ണ ഇറക്കുമതി 86 ശതമാനമാണ് കുറഞ്ഞത്.

അതേസമയം, അളവില്‍ കുറവുണ്ട് എന്നല്ലാതെ പൂര്‍ണമായും റഷ്യയെ ബഹിഷ്കരിക്കാന്‍ യു.എസും തയ്യാറായിട്ടില്ല. 2025 ലെ ആറുമാസത്തെ ഇറക്കുമതി 2.50 ബില്യണ്‍ ഡോളറായി കുറഞ്ഞു. നാലു വര്‍ഷം മുന്‍പ് അതേകാലയളവില്‍ 14.14 ബില്യണ്‍ ഡോളറിന്‍റെ ഇറക്കുമതി യു.എസ് നടത്തിയിരുന്നു.

അതേസമയം, റഷ്യയുമായി ഇന്ത്യ കൂടുതല്‍ അടുക്കുകയാണ്. 2021 ല്‍ 8.25 ബില്യണ്‍ ഡോളറായിരുന്ന ഇന്ത്യയുടെ റഷ്യന്‍ ഇറക്കുമതി 2024 ല്‍ 65.7 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇറക്കുമതിയുടെ ഭൂരിഭാഗവും റഷ്യയുടെ അസംസ്കൃത എണ്ണയായിരുന്നു. 2021 ല്‍ 2.31 ബില്യണ്‍ ഡോളര്‍ എണ്ണയായിരുന്നു ഇന്ത്യ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നതെങ്കില്‍ 2024 ല്‍ ഇത് 52.2 ബില്യണ്‍ ഡോളറിലേക്ക് കുതിച്ചു.

ENGLISH SUMMARY:

India's defiance against Trump's threats on its Russia oil trade emphasizes its commitment to national interests. The article reveals the hypocrisy of US and EU continued large-scale trade with Russia despite imposing sanctions.