യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പരിഷ്കരിച്ച തിരിച്ചടി തീരുവയില്‍ ഇന്ത്യയ്ക്ക് നേട്ടമോ? ദക്ഷിണ കൊറിയയ്ക്കും ജപ്പാനും അടക്കം 14 രാജ്യങ്ങള്‍ക്കാണ് ട്രംപ് കഴിഞ്ഞ ദിവസം നികുതി പ്രഖ്യാപിച്ചത്. അയല്‍ക്കാരയ ബംഗ്ലാദേശും മ്യാന്‍മാരും കൂട്ടത്തിലുണ്ട്. ഒപ്പം കയറ്റുമതിയില്‍ ഇന്ത്യയുടെ എതിരാളികളും ട്രംപിന്‍റെ നികുതിയില്‍പെടുന്നതോടെ ഇന്ത്യയ്ക്കിത് നേട്ടമാണ്.
യുഎസിലേക്കുള്ള പ്രധാന ഗാര്‍മെന്‍റ്സ് കയറ്റുമതിക്കാരായ ബംഗ്ലാദേശിനെതിരെ 35 ശതമാനം താരിഫാണ് ട്രംപ് ചുമത്തിയത്. ഏപ്രിലില്‍ നിശ്ചയിച്ച 37 ശതമാനത്തില്‍ നിന്ന് കുറവാണിതെങ്കിലും ഇന്ത്യന്‍ ടെക്സ്റ്റൈല്‍ ഓഹരികള്‍ നേട്ടത്തിലാണ്. ട്രൈഡന്‍റ്, വെൽസ്പൺ, ഗോകൽദാസ് എക്‌സ്‌പോർട്ട്‌സ്, കെപിആർ മിൽ, വർധമാൻ ടെക്‌സ്റ്റൈൽസ്, അലോക് ഇൻഡസ്‌ട്രീസ്, സിയറാം സിൽക്ക്, കിറ്റെക്‌സ് ഗാർമെന്‍റസ്, അരവിന്ദ് തുടങ്ങിയ ഓഹരികൾ 3- 13 ശതമാനം വരെയാണ് നേട്ടമുണ്ടാക്കിയത്.
യുഎസിലേക്കുള്ള കയറ്റുമതിക്കാരെല്ലാം താരിഫ് പൂട്ടിനുള്ളിലാണ്. യുഎസ് റെഡിമെയ്ഡ് ഗാര്‍മെന്‍റ് സെക്ടറില്‍ 19 ശതമാനം വിഹിതമുള്ള വിയറ്റ്നാമുമായി കഴിഞ്ഞാഴ്ച യുഎസ് വ്യാപാര കരാറിലെത്തിയിരുന്നു. വിയറ്റ്നാമില്‍ നിന്നുമുള്ള കയറ്റുമതിക്ക് 20 ശതമാനമാണ് യുഎസ് ചുമത്തിയ നികുതി. മറ്റൊരു രാജ്യത്ത് നിന്ന് യുഎസിലേക്ക് എത്തുന്ന വിയറ്റ്നാം ഉല്‍പ്പന്നങ്ങള്‍ക്ക് 40 ശതമാനം നികുതി.
ഒന്‍പത് ശതമാനമാണ് ബംഗ്ലാദേശിന്‍റെ വിപണി വിഹിതം. ഇരു രാജ്യങ്ങള്‍ക്കും വലിയ നികുതി വരുന്നത് ആറു ശതമാനം വിപണി വിഹിതമുള്ള ഇന്ത്യയ്ക്ക് നേട്ടമാകും. നിലവില്‍ 10 ശതമാനമാണ് ഇന്ത്യയ്ക്ക് മുകളിലുള്ള താരിഫെങ്കിലും വിവിധ താരിഫുകള്‍ പ്രകാരം 26 ശതമാനം വരെ ഇന്ത്യന്‍ ടെക്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ താരിഫ് സഹിക്കുന്നുണ്ട്.
ഇന്ത്യയും– യുഎസും തമ്മിലുള്ള വ്യാപാര കരാര്‍ ഉടനെ നടപ്പിലാകും എന്നാണ് കരുതുന്നത്. കഴിഞ്ഞാഴ്ച ചര്‍ച്ചകള്‍ക്കായി യുഎസിലേക്ക് പോയ ഇന്ത്യന്‍ പ്രതിനിധി സംഘം തിരികെ എത്തിയിരുന്നു. കരാര്‍ പ്രകാരം നികുതി കുറയുകയാണെങ്കില്‍ കയറ്റുമതി രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് മേല്‍കൈ ലഭിക്കുകയും വിപണി വിഹിതം ഉയര്‍ത്താനും സാധിക്കും. നിരക്ക് സമാനരീതിയില്‍ തുടര്‍ന്നാണ് വിയറ്റ്നാമിന് മുകളിലുള്ള ഇന്ത്യയുടെ മേല്‍കൈ നഷ്ടപ്പെട്ടേക്കാം.