Image Credit: thereserve.sg
സമ്പന്നരുടെ തുടര്‍ച്ചയായ വാങ്ങലില്‍ സ്വര്‍ണ വില വലിയ കുതിപ്പുണ്ടാക്കിയ സമയമാണിത്. ലോകത്ത് ഉയരുന്ന പണപ്പെരുപ്പം, രാജ്യാന്തര തലത്തിലെ സംഘര്‍ഷങ്ങള്‍, പല കാരണങ്ങള്‍ കൊണ്ട് സമ്പന്നര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. ഈ വാങ്ങിയ സ്വര്‍ണമെല്ലാം എവിടെയാകും സൂക്ഷിച്ചിട്ടുണ്ടാവുക. സ്വര്‍ണവുമായി പറന്നുയരുന്ന വിമാനങ്ങളുടെ ലക്ഷ്യകേന്ദ്രം സിംഗപ്പൂരാണെന്നാണ് വിവരം.
പുതിയ ലോകസാഹചര്യത്തില്‍ സിംഗപ്പൂരിലെ സംഭരണ കേന്ദ്രങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. വിമാനത്താവളങ്ങളില്‍ നിന്ന് അടുത്തായുള്ള കനത്ത സുരക്ഷയിലുളള ആറു നില ഉയരത്തിലുള്ള 'ദി റിസര്‍വ്' എന്ന സംഭരണശാലയിലേക്കാണ് സ്വര്‍ണത്തിന്‍റെ വരവ്. 2024 നെ അപേക്ഷിച്ച് ഏപ്രില്‍ വരെയുള്ള കണക്ക് പ്രകാരം സ്വര്‍ണം സൂക്ഷിക്കുന്നതിനുള്ള ഓര്‍ഡറില്‍ 88 ശതമാനം വര്‍ധനവ് ഉണ്ടെന്നാണ് സ്ഥാപകനായ ഗ്രിഗർ ഗ്രെഗേഴ്‌സൺ പറയുന്നത്.
റിസര്‍വിലെ സ്വകാര്യ നിലവറകളും മൂന്ന് നില ഉയരമുള്ള ആയിരക്കണക്കിന് സേഫ് ഡെപ്പോസിറ്റ് ബോക്സുകളിലുമാണ് സ്വര്‍ണം സൂക്ഷിക്കുന്നത്. 500 ടണ്‍ സ്വര്‍ണവും 10,000 ടണ്‍ വെള്ളിയുമാണ് ഇതിന്‍റെ ശേഷി. ആറു നില കെട്ടിടത്തിന്‍റെ ഉരുക്ക് വാതിലുകൾക്ക് പിന്നിൽ ഏകദേശം 1.5 ബില്യൺ ഡോളർ വിലമതിക്കുന്ന സ്വർണ, വെള്ളി ബാറുകളുണ്ട്. അതായത് 12,750 കോടി രൂപയുടെ മുതല്‍.
ലോകത്ത് വർധിച്ചുവരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങളും പരമ്പരാഗത പാശ്ചാത്യ ധനകാര്യ കേന്ദ്രങ്ങളോടുള്ള വിശ്വാസ കുറവും ഏറുന്ന കാലത്താണ് സിംഗപ്പൂരിനോടുള്ള പ്രീയം വര്‍ധിക്കുന്നത്. രാഷ്ട്രീയ നിഷ്പക്ഷത, കുറഞ്ഞ നികുതികൾ, അതീവ സുരക്ഷിതമായ സംഭരണ സൗകര്യങ്ങൾ എന്നിവയാണ് സിംഗപ്പൂരിനെ ലോകത്തിന്‍റെ സമ്പത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നത്. സിംഗപ്പൂരിനെ 'കിഴക്കിന്റെ ജനീവ' എന്ന ഖ്യാതി ലഭിക്കുന്നതിനാല്‍ പുതിയ ഓര്‍ഡറുകളില്‍ 90 ശതമാനവും സിംഗപ്പൂരിന് പുറത്തുനിന്നാണ്.