കേരളത്തില്‍ വില ഇടിവാണെങ്കിലും ഒരു പവന് 91,720 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 11,465 രൂപയും. ചെറിയ പണിക്കൂലിയില്‍ സ്വര്‍ണം വാങ്ങാന്‍ തന്നെ 99,250 രൂപയോളം നല്‍കേണ്ടതാണ് സ്ഥിതി. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയല്ലെന്ന് ചുരുക്കം. ഈ സാഹചര്യത്തില്‍ മലയാളി ഏറെ ആശ്രയിക്കുന്ന യുഎഇയിലെ സ്വര്‍ണ വിപണിയില്‍ അവസ്ഥയെന്താണ്. ദുബായില്‍ നിന്നും സ്വര്‍ണം വാങ്ങിയാല്‍ ലാഭമുണ്ടോ?
Also Read: 91,000 ത്തിന് താഴേക്കിറങ്ങി സ്വര്‍ണ വില; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 5,640 രൂപ; ഇനി എത്ര കുറയും
ഇന്ന് 24 കാരറ്റ് ഒരു ഗ്രാമിന് യുഎഇയിലെ വില 490.50 ദിര്‍ഹമാണ്. 23.91 രൂപ വിനിമയ നിരക്ക് പ്രകാരം, 11,728 രൂപയോളം വരും. 22 കാരറ്റിന് 454.25 ദിര്‍ഹമാണ് വില. 10,861 രൂപയോളം വരും. കേരളത്തിലെയും ദുബായിലെയും സ്വര്‍ണ വില തമ്മിലുള്ള വ്യത്യാസം ഗ്രാമിന് 600 രൂപയോളമാണ്.
ദുബായില്‍ പോയി സ്വര്‍ണം വാങ്ങുന്നത് ലാഭമുണ്ടാക്കില്ലെന്ന് പറയുകയാണ് മോത്തിലാൽ ഓസ്വാളിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കിഷോർ നർനെ. ഫിനാന്‍ഷ്യല്‍ ഇന്‍ഫ്ലുവന്‍സറായ ശരൺ ഹെഗ്‌ഡെയുമായുള്ള പോഡ്കാസ്റ്റിലാണ് കിഷോറിന്‍റെ വിലയിരുത്തല്‍.
ഇന്ത്യയില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുകയാണ്. 12 ശതമാനം ഇറക്കുമതി നികുതി, 1.50 ശതമാനം സെസ്, മൂന്ന് ശതമാനം ജി.എസ്.ടി എന്നിങ്ങനെ 16.50 ശതമാനത്തോളമാണ് നേരത്തെയുണ്ടായിരുന്ന നികുതി. ഇത് സ്വര്‍ണ വിലയില്‍ ഉള്‍പ്പെട്ടതാണ്. ഇത് നിലവില്‍ കുറഞ്ഞ് 5.50 ശതമാനമായിട്ടുണ്ട്. ദുബായില്‍ നിന്നും വാങ്ങിയാല്‍ 5 ശതമാനം വാറ്റുണ്ട്. ഇത് നോക്കുമ്പോള്‍ വിലയില്‍ വലിയ ലാഭമുണ്ടാകില്ല എന്നാണ് അദ്ദേഹം പറയുന്നത്.
യുഎഇയിലെയും ഇന്ത്യയിലെയും സ്വര്‍ണത്തിന്‍റെ പരിശുദ്ധിയില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്നതിനും അദ്ദേഹം മറുപടി നല്‍കി. ''യു.എ.ഇയിലെ സ്വര്‍ണത്തിന് മഞ്ഞ നിറം കൂടുതലാണ്. ഏത് ആഭരണവും പൂര്‍ണമായും സ്വര്‍ണമല്ല. 916 ആണ്. ബാക്കി കോപ്പറും സിങ്കും ചേര്‍ന്നതാണ്. സിങ് ചേര്‍ത്ത ആഭരണങ്ങള്‍ക്ക് മഞ്ഞ നിറമാകും. ഉത്തരേന്ത്യയില്‍ കോപ്പറാണ് ചേര്‍ക്കുക. ഇതിന് ചെറിയ ചുവപ്പ് നിറമുണ്ടാകും. കേരളത്തില്‍ സിങ്ക് ആണ് ചേര്‍ക്കുന്നത്'', അദ്ദേഹം പറഞ്ഞു.
യുഎഇയില്‍ നിന്ന് സ്വര്‍ണാഭരണം വാങ്ങിയാല്‍ പണിക്കൂലിയില്‍ വ്യത്യാസമുണ്ടാകും. ഇന്ത്യയിലെ ആഭരണങ്ങള്‍ ഹാന്‍ഡ്‌മേഡാണ്. 20-25 ശതമാനമാണ് പണിക്കൂലി. യുഎഇയില്‍ മെഷീന്‍ മെയ്ഡ് ആഭരണങ്ങളാണ്. പണിക്കൂലി 7-8 ശതമാനം വരെയാണെന്നും അദ്ദേഹം പറഞ്ഞു.