യുഎസ് നയങ്ങളുടെ ആഘാതത്തിൽ തകർന്നടിഞ്ഞ് രൂപയും ഇന്ത്യൻ ഓഹരി വിപണിയും. ഡോളറിനെതിരെ രൂപ റെക്കോർഡ് തകർച്ചയാണ് നേരിട്ടത്. ഇന്നുമാത്രം ഡോളറിനെതിരെ 40 പൈസയുടെ മൂല്യമാണ് കുറഞ്ഞത്. ഇന്ത്യൻ ഓഹരി വിപണിയും നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കേരളത്തിൽ സ്വർണ്ണം പവന് 920 രൂപ വർധിച്ച് 83,840 രൂപയായി.
തുടർച്ചയായ രണ്ടാം ദിവസവമാണ് രൂപ കൂപ്പുകുത്തിയത്. ഡോളറിനെതിരെ 88 രുപ 58 പൈസ നിരക്കിലാണ് വിനിമയം നടന്നത്. ഇന്ത്യ അമേരിക്ക വ്യാപാര ബന്ധത്തിലെ വിള്ളലുകളും, യുഎസ് എച്ച്-1ബി വിസ ഫീസ് വർദ്ധനയും തുടങ്ങിയ പ്രതികൂല സാഹചര്യങ്ങൾ നിക്ഷേപക വികാരത്തെ ബാധിച്ചു. ഓഹരി വിപണി വ്യാപാരം ആരംഭിച്ചപ്പോൾ ശുഭപ്രതീക്ഷ നൽകിയെങ്കിലും പിന്നീട് ഇടിവ് നേരിട്ടു. ഇന്ന് വ്യാപാരം അവസാനിപ്പിച്ചപ്പോൾ സെൻസെക്സ് 57 പോയിന്റ് വരെ ഇടിഞ്ഞു. നിഫ്റ്റിലെ എല്ലാ സെക്ടുകളിലും ഇടിവുണ്ടായി. നിഫ്റ്റി ഐടി ദശാംശം 8 ശതമാനം ഇടിഞ്ഞു.
നിഫ്ടി ഡിഫൻസ് സൂചിക ഒരു ശതമാനത്തിൽ അധികമാണ് ഇടിഞ്ഞത്. അതേസമയം നിഫ്ടി ഓട്ടോ സെക്ടർ മാത്രമാണ് അല്പം പിടിച്ചത്. ജിഎസ്ടി നിരക്കിലുള്ള ഇളവാണ് ഓട്ടോ സെക്ടറിന് ഗുണമായത്. കേരളത്തിൽ സ്വർണ്ണത്തിന് വില ഇന്നും വർദ്ധിച്ചു. രാജ്യാന്തര സ്വർണവിലയുടെ മുന്നേറ്റവും ഡോളറിനെതിരെ രൂപയുടെ റെക്കോർഡ് വീഴ്ചയുമാണ് കേരളത്തിലും സ്വർണ്ണത്തിന്റെ കുതിപ്പിന് വഴിവച്ചത്.