ഇന്ത്യയിലെ എണ്ണം പറഞ്ഞ ശതകോടീശ്വരന്‍മാരില്‍ മുന്‍പന്‍. നിമിഷ നേരം കൊണ്ട് അയാളുടെ ബിസിനസ് സാമ്രാജ്യം തകര്‍ന്ന് തരിപ്പണമായി. ജയില്‍വാസം ഭയന്ന രാജ്യം വിട്ട വിജയ് മല്യ ഇന്നും ഒളിവിലാണ്. ഇന്ത്യയിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്ന മല്യ അടുത്തിടെ ഒരു പോഡ്കാസ്റ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്താണ് വിജയ് മല്യയ്ക്ക് സംഭവിച്ചത്? ഇന്ത്യയുടെ കിരീടം വയ്ക്കാത്ത മദ്യ രാജാവിന് പിഴച്ചതെവിടെ?
1983 ല്‍ പിതാവിന്‍റെ യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പ് ഏറ്റെടുത്താണ് വിജയ് മല്യ എന്ന ബിസിനസുകാരന്‍റെ തുടക്കം. കിംഗ്‌ഫിഷര്‍ ബിയറിന്‍റെ റീബ്രാന്‍ഡിംഗ് അടക്കം നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നത് ശ്രദ്ധേയമായി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബിയര്‍ ബ്രാന്‍ഡുകളില്‍ ഒന്നായി കിംഗ്‌ഫിഷറിനെ മാറ്റാന്‍ മല്യയ്ക്കായി. അങ്ങനെ മദ്യലോകത്തെ കിരീടം വയ്ക്കാത്ത രാജാവായി വിജയ് മല്യ.
2005 ല്‍ കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സിന് തുടക്കമിട്ടതോടെ വിജയ് മല്യയുടെ തകര്‍ച്ചയും ആരംഭിച്ചു. ആഡംബരത്തിലും ഗ്ലാമറിലും ശ്രദ്ധ കേന്ദ്രീകരിച്ച പുതിയ സംരംഭം കമ്പനിക്ക് താങ്ങാനായില്ല. എയര്‍ലൈന്‍ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിട്ടു. ഇതിനിടെ 2007ല്‍ മല്യ ഡെക്കാന്‍ ഏവിയേഷനെ ഏറ്റെടുത്തു. ഇത് കമ്പനിക്ക് കൂനിന്‍മേല്‍ കുരുവായി ഭവിച്ചു. മല്യയുടെ സാമ്പത്തികസ്ഥിതി കൂടുതല്‍ വഷളായി. തുടര്‍ന്ന് പിടിച്ചുനില്‍ക്കാന്‍ വിജയ് മല്യ വന്‍രീതിയില്‍ വായ്പകളെടുത്തുകൂട്ടി.
വിജയ് മല്യ തകര്‍ന്നതറിയാതെ ബാങ്കുകള്‍ പണം നല്‍കികൊണ്ടിരുന്നു. 2012 ല്‍ മല്യയുടെ കമ്പനിക്ക് ലൈസന്‍സ് നഷ്ടമായി. പതിമൂന്ന് ബാങ്കുകളില്‍ നിന്നായുള്ള വായ്പത്തുക 9,000 കോടിയിലധികമായിരുന്നു. യുകെയിലേയ്ക്ക് കടന്ന മല്യയെ പിന്നീട് ഇന്ത്യക്കാര്‍ കണ്ടിട്ടില്ല. അടുത്തിടെ യുട്യൂബർ രാജ് ശമാനിക്കൊപ്പമുള്ള പോഡ്കാസ്റ്റില്‍ പ്രത്യക്ഷപ്പെട്ട മല്യ ആരോപണങ്ങളിൽ പ്രതികരിച്ചു. ഇന്ത്യ വിടുംമുൻപ് അന്നത്തെ ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലിയെ അറിയിച്ചിരുന്നെന്ന പ്രസ്താവന വീണ്ടും വിവാദമായി.