ആക്രമിക്കാന്‍ തുനിഞ്ഞാല്‍ ദയാരഹിതമായ മറുപടിയാവും കിട്ടുകയെന്ന് അമേരിക്കയ്ക്ക് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. വേണ്ടിവന്നാല്‍ ആണവയുദ്ധത്തിനും തയാറാണ്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെ അണിനിരത്തിയ സൈനിക ശക്തി പ്രകടനത്തിനു പിന്നാലെയായിരുന്നു വെല്ലുവിളി.
ലോകമാകെ ഉറ്റുനോക്കിയ സൈനികശക്തി പ്രകടനമാണ് പ്യോങ്്്യാങ്ങില് അരങ്ങേറിയത്. രാഷ്ട്രശില്പി കിം സങ് രണ്ടാമന്റെ നൂറ്റിയഞ്ചാം ജന്മദിനാഘോഷത്തിന്റെ ഭാഗമായിരുന്നു സൈനിക പരേഡ്. ഏകാധിപതി കിം ജോങ് ഉന്‍ സാക്ഷ്യം വഹിച്ച പരേഡില്‍ മുങ്ങിക്കപ്പലുകളില്‍ നിന്ന് തൊടുക്കുന്ന ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെ അത്യാധുനിക യുദ്ധോപകരണങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ആണവയുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കില്‍ അതിനും തയാറാണെന്ന് സര്‍ക്കാരിലെ രണ്ടാമന് ചോ റ്യോങ് ഹെ പ്രഖ്യാപിച്ചു. അമേരിക്കയുടെ എതിര്‍പ്പ് വകവയ്ക്കാതെ ആറാം ആണവ പരീക്ഷണം നടത്തുമെന്നാണ് സൂചന. അമേരിക്കയാണ് മേഖലയില്‍ ആണവപോരാട്ടത്തിന് വഴിയൊരുക്കുന്നതെന്ന് പ്യോങ്യാങ് കുറ്റപ്പെടുത്തി. അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ മേഖലയില്‍ നിലയുറപ്പിച്ചതാണ് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചത്. വീണ്ടും ആണവപരീക്ഷണത്തിനൊരുങ്ങിയാല് ഉത്തരകൊറിയയെ സൈനികമായി കൈകാര്യം ചെയ്യുമന്നാണ് അമേരിക്കയുടെ നിലപാട്. എന്നാല്‍ പ്രശ്നപരിഹാരത്തിന് ചൈന ഇടപെടുന്നതായാണ് സൂചന.