യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് യാത്രക്കാരനെ വലിച്ചിഴച്ച് പുറത്താക്കിയതിനെതിരെ പ്രതിഷേധം വ്യാപകം. ഷിക്കാഗോയില്‍ നിന്ന് സിയാറ്റിലിലേക്ക് നാല് വിമാനജീവനക്കാരെ കൊണ്ടുപോവുന്നതിനാണ് യാത്രക്കാരനായ ഒരു ഡോക്ടറെ ബലംപ്രയോഗിച്ച് പുറത്താക്കിയത്.
നാലുപേര്‍ യാത്ര ഒഴിവാക്കണമെന്ന നിര്‍ദേശം ആരും സ്വീകരിച്ചില്ല. യാത്ര മുടക്കുന്നവര്‍ക്ക് 400 ഡോളറും സൗജന്യതാമസവുമെന്ന വാഗ്ദാനം 800 ഡോളറാക്കിയിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ വിമാനത്തിലെ കംപ്യൂട്ടര്‍ നാലുപേരെ നറുക്കിട്ടെടുത്തു. ഇതില്‍ മൂന്നുപേര്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഇറങ്ങിപ്പോയി. വീട്ടില്പോവണമെന്ന് നിര്‍ബന്ധം പിടിച്ചിരുന്ന ഡോക്ടര്‍ ഡേവിഡ് ഡാവോയെ വിമാനത്താവളത്തിലെ സുരക്ഷാസേന വലിച്ചിഴച്ചു കൊണ്ടുപോയി.
വിമാനത്തിന്റെ വാതില്ക്കല് നിന്ന് ഡാവോ എനിക്ക് വീട്ടില്‍ പോവണം എന്നു പറയുന്നതും യാത്രക്കാര്‍ ദൃശ്യങ്ങളില്‍ പകര്‍ത്തി. ബലപ്രയോഗത്തിനിടെ പരുക്കേറ്റ ഡാവോ ആശുപത്രിയില്‍ ചികില്‍സയിലാണ്. കൂടുതല്‍ യാത്രക്കാരെ കയറ്റി അസൗകര്യമുണ്ടാക്കിയതിന് സിഇഒ ക്ഷമചോദിച്ചിട്ടുണ്ടെങ്കിലും വിമാനക്കമ്പനിക്കെതിെര ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പാരഡി പരസ്യം വരെ ഇറങ്ങിക്കഴിഞ്ഞു. നിങ്ങള്‍ എതിര്‍ത്താല്‍ തല്ലുകൊള്ളും എന്ന പരസ്യവാചകത്തോടെ.
Advertisement