വിവാദങ്ങളും അബദ്ധ പ്രസ്താവനകളും മന്ത്രി എം.എം മണിയ്ക്കു പുതുമയല്ല. ഇത്തവണ സ്വന്തം ഫേസ്ബുക്ക് പേജിൽ ചിത്രം മാറിയാണ് അബദ്ധം പറ്റിയിരിക്കുന്നത്. വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിലെ ഫ്ലോട്ടിങ് സോളർ പ്ലാന്റെന്ന പേരിൽ മന്ത്രി എം.എം.മണി ഫെയ്സ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തതു ദക്ഷിണ കൊറിയയിലെ എൽജി സിഎൻഎസ് ഫോട്ടോവോൾട്ടായിക് പ്ലാന്റിന്റെ ചിത്രമാണ്.
സമൂഹമാധ്യമങ്ങളിൽ അബദ്ധം ആഘോഷമാക്കിയതോടെ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. പിന്നീട് യഥാർഥ ചിത്രം തന്നെ പോസ്റ്റ് ചെയ്തു. പദ്ധതിയെക്കുറിച്ച് സൂചിപ്പിക്കാൻ ഉപയോഗിച്ച സാമ്പിൾ ചിത്രമെന്നായിരുന്നു അതെന്നു വിശദീകരണവും നൽകിയിട്ടുണ്ട്. എൽജിയുടെ ഉപസ്ഥാപനമായ എൽജി സിഎൻഎസിന്റെ വെബ്സൈറ്റിലെ ചിത്രമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളർ പ്ലാന്റെന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തത്. വേരിഫൈ ചെയ്തിട്ടില്ലാത്ത മന്ത്രിയുടെ ട്വിറ്റർ പ്രൊഫൈലിൽ നിന്ന് ആദ്യ പോസ്റ്റ് ഇതുവരെ നീക്കം ചെയ്തിട്ടില്ല.